- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണ്ണാർക്കാട് ഹോമിയോ ഡോക്ടർ മരിച്ചത് പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം
പാലക്കാട്: മണ്ണാർക്കാട് ഹോമിയോ ഡോക്ടർ മരിച്ചത് പേവിഷ ബാധയേറ്റെന്ന് വ്യക്തമായി. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂരിലാണ് സംഭവം. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്മാന്റെ ഭാര്യ റംലത്താണ് മരിച്ചത്. 42 വയസായിരുന്നു.
രണ്ട് മാസം മുൻപ് വീട്ടിലെ വളർത്തു നായയുടെ നഖം തട്ടി റംലത്തിന് മുറിവേറ്റിരുന്നു. വളർത്തു നായ ആയതിനാൽ റംലത്ത് ചികിത്സ തേടിയിരുന്നില്ല. പിന്നീട് ദിവസങ്ങൾക്ക് ശേഷം നായ ചത്തിരുന്നു. ഞായറാഴ്ചയാണ് റംലത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കിടത്തിയ റംലത്തും ഭർത്താവ് ഉസ്മാനും തിങ്കളാഴ്ച പുലർച്ചെ മെഡിക്കൽ കോളജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
രാവിലെ ഒൻപത് മണിയോടെ വീട്ടിലെത്തിയ റംലത്തിന് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് ഉച്ചയോടെ മരണം സംഭവിച്ചു. മരണ വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി. ഇവരുമായി ഇടപഴകിയവ എല്ലാവരോടും കുത്തിവയ്‌പെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം പേവിഷബാധ മൂലമാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചെന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നും മണ്ണാർക്കാട് എസ്എച്ച്ഒ അറിയിച്ചു.