തിരുവനന്തപുരം: കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ എഴുത്തുകാരി ഹണി ഭാസ്‌കരന്‍ നല്‍കിയ പരാതിയില്‍ ഒമ്പത് പേര്‍ക്കെതിരെ എടുത്ത കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോള്‍ വര്‍ഗീസ്, വി ഹേറ്റ് സിപിഎം, മധു, ഫാത്തിമ നസ്രിയ, പോള്‍ ഫ്രെഡി, നാസര്‍, അഫ്സല്‍ കാസിം, പി ടി ജാഫര്‍ തുടങ്ങിയ ഫെയ്സ്ബുക് പ്രൊഫൈലുകള്‍ക്കെതിരെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നോട് ചാറ്റ് ചെയ്ത ശേഷം, ഇതിനെക്കുറിച്ച് സുഹൃത്തുക്ക?ളോട് മോശമായി സംസാരിച്ചുവെന്ന് ഹണി ഭാസ്‌കരന്‍ ആരോപിച്ചിരുന്നു. ഇയാള്‍ രാഷ്ട്രീയ മാലിന്യമാണെന്നും നിരവധി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ ഇരയാകുന്നുവെന്നും സമൂഹമാധ്യമത്തില്‍ അവര്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ ഹീനമായ സൈബര്‍ ആക്രമണമാണ് ഹണിക്ക് നേരെ ഉണ്ടായതെന്നാണ് ആരോപണം. ഐഡികളുടെ വിവരം ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അവ ലഭിക്കുന്ന മുറയ്ക്ക് മറ്റു നടപടികളിലേക്ക് കടക്കുമെന്നും സൈബര്‍ പൊലീസ് പറഞ്ഞു.

ഹണി ഭാസ്‌കറിന്റെ ഫേസ്ബുക്കില്‍ നിന്നും ചിത്രങ്ങളെടുത്ത്, അവരെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി പ്രചരിപ്പിച്ചെന്നാണ് പരാതി. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഷാഫി പറമ്പില്‍ എംപി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഹണി രംഗത്ത് വന്നു. അവര്‍ നേരിട്ട് ഷാഫിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് പറഞ്ഞതിനാണ് തന്റെ ഫെയ്ബുക് പേജിലൂടെ മറുപടി നല്‍കിയത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക അല്ലാത്തതുകൊണ്ട് താന്‍ നേരിട്ട് പരാതി നല്‍കേണ്ട ആവശ്യമില്ലെന്നും എന്നാല്‍ യൂത്ത് കോണ്‍ഗ്രസില്‍ മോശം അനുഭവം നേരിട്ട സ്ത്രീകള്‍ ഷാഫിയോട് നേരിട്ട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഹണി പറയുന്നു.

ഹണി ഭാസ്‌കരന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ഷാഫി പറമ്പില്‍ പത്രസമ്മേളനത്തില്‍ പറയുന്ന മൊഴിമുത്തുകള്‍ അറിഞ്ഞു.

ഹണി ഭാസ്‌കരന്‍ ഷാഫിക്ക് പരാതി തന്നിട്ടില്ല എന്ന്. യൂത്ത് കോണ്‍ഗ്രസ്സിലെ സ്ത്രീകള്‍ അതില്‍ നേരിട്ട നെറികേടുകളെ കുറിച്ച് ഷാഫിക്ക് നേരിട്ട് ഞാന്‍ പരാതി തരാന്‍ ഞാന്‍ യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകയല്ല. യൂത്ത് കോണ്ഗ്രസ്സിന്റെ ഏഴു പരിസരത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയുമില്ല.

മുന്‍പ് തന്നെ ഞാന്‍ കൃത്യമായി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട് യൂത്ത് കോണ്ഗ്രസ്സിന്റെ അകത്ത് നടന്ന സ്ത്രീ വിഷയങ്ങളില്‍ ആ സ്ത്രീകള്‍ ഷാഫിയോട് നേരിട്ട് പരാതി പറഞ്ഞിട്ടുണ്ട് എന്നാണ്. എം. എ ഷഹനാസ്, തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പ്രജിത് രവീന്ദ്രന് എതിരെ കൊടുത്ത പരാതി, ശോഭ സുബിന്‍ എന്ന പ്രവര്‍ത്തകന് എതിരെ മറ്റൊരു സ്ത്രീ ഷാഫിയോട് ഉന്നയിച്ച പരാതി, രാഹുല്‍ മാങ്കൂട്ടം പ്രവര്‍ത്തകയോട് ചാറ്റില്‍ ചെന്ന് ഡല്‍ഹി കര്‍ഷക സമര സമയത്ത് ' നമുക്ക് മാത്രായി ഡല്‍ഹിക്കു പോകണം'' എന്ന് വഷളത്തരം പറഞ്ഞത് അടക്കം ഷാഫിയോട് ഉന്നയിച്ചത്.

യൂത്ത് കോണ്ഗ്രസ് നിരവധി സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന ഇടമാണ് അതുകൊണ്ട് ഇത്തരത്തില്‍ ഉള്ളവര്‍ക്ക് ഇടം നല്‍കരുത് എന്ന് ഇവരൊക്കെ ഷാഫിയോട് സൂചിപ്പിച്ചിട്ടില്ലേ?

എന്നിട്ട് ഷാഫി പറമ്പില്‍ ആരെ വളര്‍ത്തി? ആരെ തളര്‍ത്തി? ആ സ്ത്രീകള്‍ ഇപ്പൊ ഏത് പൊസിഷനില്‍ ഉണ്ട് ഷാഫി?

കണ്ണടച്ച് ഇരുട്ടാക്കിയാല്‍ ഇരുട്ടാകില്ല ഷാഫി.

മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നിന്ന് മലക്കം മറിഞ്ഞാലും സത്യം സത്യമാവാതെ പോവില്ല.

സകല പേരുകളും വിക്ട്ടിംസ് നേരിട്ട് തന്നെ പബ്ലിക്കില്‍ പറയണം എന്നോ കേസുമായി തന്നെ മുമ്പോട്ട് പോകണം എന്നോ ട്രോമ അനുഭവിക്കുന്ന മനുഷ്യരെ നിര്‍ബന്ധിക്കുകയോ ചെയ്യുന്നത് അങ്ങേയറ്റം അസംബന്ധം ആണ്. അശ്ലീലം ആണ്. എന്നിട്ട് വേണം നിങ്ങളുടെ സൈബര്‍ വിങ്ങിന് വളഞ്ഞിട്ട് കൊത്തി വലിക്കാന്‍. എന്നെ ഈ ദിവസങ്ങളില്‍ അറ്റാക് ചെയ്തത് പോലെ.

ഇനി അതല്ല യൂത്ത് കോണ്ഗ്രസ്സിന്റെ ഇടയില്‍ നിന്ന് തന്നെ തങ്ങളുടെ കാല്‍ച്ചോട്ടില്‍ തീയിട്ടത് കൂട്ടത്തില്‍ പെട്ട ആരൊക്കെ ആണെന്ന് അറിയാനുള്ള സൈക്കോളജിക്കല്‍ മൂവ് ആണെങ്കില്‍ അത് മനസ്സിലാവുന്നുണ്ട്.

പിന്നെ രാഹുല്‍ മാങ്കൂട്ടം എനിക്കെതിരെ പറഞ്ഞ വൃത്തികേടിനെ കുറിച്ചാണെങ്കില്‍ നിങ്ങള്‍ക്ക് പരാതി തരുന്നതിലും നല്ലത് പൊട്ടക്കുളത്തില്‍ ചാടുന്നതാണെന്ന് മേല്‍പ്പറഞ്ഞ പരാതികള്‍ നിങ്ങളില്‍ എത്തിയപ്പോള്‍ നിങ്ങള്‍ എടുത്ത നിലപാടുകളില്‍ നിന്ന് യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകരായവര്‍ പറഞ്ഞ് ബോധ്യപ്പെട്ടിട്ടുണ്ട്.

അതുകൊണ്ട് അങ്ങനൊരു വിഡ്ഢിത്തം ഞാന്‍ ചെയ്യുകയുമില്ല.

രാഹുല്‍ മാങ്കൂട്ടത്തിന് എതിരെ ഇത്രയധികം പരാതികള്‍ രംഗത്ത് വന്നിട്ടും ''ഇതത്ര ഗൗരവമുള്ള വിഷയം ആണോ'' എന്ന് ചോദിക്കുന്ന വഷളത്തരം യൂത്ത് കോണ്‍ഗ്രസ്സിന് മാത്രേ പറ്റൂ.

കൂടുതല്‍ വെളുപ്പിക്കാന്‍ നില്‍ക്കുമ്പോള്‍ നിങ്ങളുടെ രാഷ്ട്രീയ മുഖം കൂടുതല്‍ വൃത്തികേടാവുന്നു.

ഇപ്പോള്‍ കൃത്യമായി കാണുമല്ലോ?