- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ ശതാബ്ദിയുടെ സാംസ്‌കാരിക ഘോഷയാത്രയ്ക്ക് നേരെ ഇരമ്പിയാർത്ത് പെരുംതേനീച്ചക്കൂട്ടം; ആക്രമണത്തിൽ കുട്ടികളും രക്ഷിതാക്കളുമടക്കം അമ്പതിലധികം പേർക്ക് പരുക്ക്; സംഭവം വടശേരിക്കര വലിയ പാലത്തിൽ
പത്തനംതിട്ട: സ്‌കൂൾ ശതാബ്ദി ആഘോഷ സമാപനത്തോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര നടക്കുമ്പോൾ പെരും തേനീച്ചക്കൂട്ടം ഇളകി ഇരമ്പിയാർത്തു വന്നു. തേനീച്ച ആക്രമണത്തിൽ കുട്ടികൾ അടക്കം അറുപതോളം പേർക്ക് പരുക്ക്. വ്യാഴാഴ്ച രാവിലെ 11 ന് വടശേരിക്കര ബംഗ്ലാകടവ് പാലത്തിൽ ഘോഷയാത്ര എത്തിയപ്പോഴായിരുന്നു തേനീച്ച ആക്രമണം ഉണ്ടായത്.
വടശേരിക്കര ഗവൺമെന്റ് ന്യൂ യു.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ ഘോഷയാത്രയിലാണ് തേനീച്ചക്കൂട്ടം ഇളകി ജനങ്ങളെ ആക്രമിച്ചത്. ഘോഷയാത്ര ബംഗ്ലാകടവിൽ നിന്നും വടശേരിക്കര മനോരമ ജങ്ഷനിൽ എത്തി തിരികെ പാലത്തിന്റെ മധ്യഭാഗത്ത് വന്നപ്പോഴാണ് തേനീച്ച ഇളകി വന്ന് ആക്രമിച്ചത്. പാലത്തിന്റെ അടിയിൽ വലിയ തേനീച്ചക്കൂടുകൾ ഉണ്ട്. ഇത് അപകട കരമാണെന്നും നീക്കാനുള്ള നടപടി വേണമെന്നും പലപ്പോഴും വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അതിനുള്ള നടപടി ഉണ്ടായിട്ടില്ല.
പെരുംതേനീച്ച ആക്രമണത്തിൽ ഏഴു കുട്ടികൾക്കും അൻപതിലധികം രക്ഷാകർത്താക്കൾക്കും അദ്ധ്യാപകർക്കുമാണ് പരുക്കേറ്റത്. സ്‌കൂൾ പിടിഎയുടെ നിർദ്ദേശപ്രകാരം കൊച്ചു കുട്ടികളെ ഘോഷയാത്രയിൽ പങ്കെടുപ്പിച്ചിരുന്നില്ല. കുറച്ച് കുട്ടികൾ രക്ഷാകർത്താക്കളോടൊപ്പം ഉണ്ടായിരുന്നു.
പരുക്കേറ്റ 35 ഓളം പേർ റാന്നി താലൂക്കാശുപത്രിയിലും ബാക്കി ഉള്ളവർ വടശേരിക്കര ബൗണ്ടറി ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിലും ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
സാംസ്‌കാരിക ഘോഷയാത്രയ്ക്ക് ശേഷമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തേനീച്ച കുത്തേറ്റ് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് മികച്ച ചികിത്സ ഉറപ്പാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.ചികിത്സ ഉറപ്പ് വരുത്താൻ അധികൃതർക്ക് നിർദ്ദേശം നൽകി.
സംഭവം ഉണ്ടായ ഉടൻ തന്നെ അഡ്വ. പ്രമോദ് നാരായണൻ എംഎൽഎയും മുൻ എംഎൽഎ രാജു ഏബ്രഹാമും ആശുപത്രിയിലെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ആശുപത്രി അധികൃതരും മികച്ച ചികിത്സ ലഭ്യമാക്കി. മൂന്ന് കുട്ടികളടക്കം 38 പേരാണ് ആശുപത്രിയിൽ ഉള്ളത്. ചികിത്സ ലഭിച്ച ശേഷം വേദന കുറഞ്ഞതായി ആളുകൾ പറഞ്ഞുവെന്നും ആരുടെയും നില ഗുരുതരമല്ലെന്നും മന്ത്രി പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്