കൊച്ചി: ദ്വയാര്‍ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരെ പരസ്യ പ്രതികരണവുമായി നടി ഹണി റോസ്. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടേയും സഹതാപത്തോടേയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലെ കുറിപ്പിലാണ് നടിയുടെ വിശദീകരണം.

ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ പ്രതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മന:പൂര്‍വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് കുറിപ്പില്‍ പറയുന്നു. നേരത്തെ ഹണി റോസിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒരു പൊതുവേദിയില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ താരത്തിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ഈ സംഭവമാണോ ഹണി റോസ് തന്റെ കുറുപ്പിന് ആധാരമാക്കിയതെന്ന് വ്യക്തമാക്കുന്നില്ല. എന്നാല്‍ ആര്‍ക്കെതിരെയായാലും ഹണി റോസ് പ്രകടിപ്പിക്കുന്നത് അതിരൂക്ഷ വിമര്‍ശനമാണ്. അത് ആ ഞരമ്പ് രോഗിക്കുള്ള കുറു കൃത്യം മറുപടി കൂടിയാണ്.

അയാള്‍ ദ്വയാര്‍ഥ പ്രയോഗത്തിലൂടെ അപമാനിക്കാന്‍ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റ് ആസ്വദിക്കുന്നതുകൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണെന്നോ എന്ന് അടുപ്പമുള്ളവര്‍ ചോദിക്കുന്നു. അതിനുള്ള മറുപടി കൂടിയാണ് ഈ കുറിപ്പെന്നും ഹണി റോസ് പറയുന്നു. പണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഏത് സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ അതിനെ എതിര്‍ക്കാന്‍ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നല്‍കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇയാളുടെ പ്രവര്‍ത്തികളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നടി കുറിച്ചു.

ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയില്‍ ഹണി റോസ് പങ്കെടുത്തിരുന്നു. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദര്‍ശിച്ചിരുന്നു. ഒരു നെക്ലസ് കഴുത്തില്‍ അണിയച്ചതിനു ശേഷം ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ ഒന്നു കറക്കി. 'നേര നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത്,' എന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ അതെക്കുറിച്ച് പറഞ്ഞത്. കൂടാതെ ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ ഒരു കഥാപാത്രത്തെ ഓര്‍മ വരുമെന്ന് ആ കഥാപാത്രത്തിന്റെ പേരെടുത്ത് ബോബി പറഞ്ഞു. ഈ രണ്ടു പരാമര്‍ശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനുമാണ് വഴി വച്ചിരുന്നു. ഇതിനോടാണോ ഹണി റോസിന്റെ പ്രതികരണമെന്ന് വ്യക്തമല്ല. മറ്റാരും ഹണി റോസിനെ വ്യക്തിപരമായി വേദനയുണ്ടാക്കും വിധം വിമര്‍ശിച്ചിട്ടുമില്ലെന്ന് സോഷ്യല്‍ മീഡിയാ പ്രതികരണവും പറയുന്നു.

ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ അതിരു കടന്നെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്ന് അന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അശ്ലീലച്ചുവയുള്ള ഈ പരാമര്‍ശം ഒരാളും പൊതുസ്ഥലത്തു പറയരുതാത്തതാണെന്ന് സോഷ്യല്‍ മീഡിയയിലും പൊതു അഭിപ്രായം ഉയര്‍ന്നു. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത റാണി എന്ന സിനിമയിലാണ് ഹണി റോസ് ഒടുവില്‍ അഭിനയിച്ചത്. ഹണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റേച്ചല്‍ എന്ന സിനിമ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.