കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് നല്‍കിയ പരാതിയില്‍ പോലിസിന് കേസെടുക്കാന്‍ വകുപ്പുകള്‍ ഒന്നുമില്ലെന്ന കൊച്ചി പോലീസ് വാദം ചര്‍ച്ചകളില്‍. ഹണി റോസ് കോടതി വഴി പരാതി നല്‍കണമെന്നാണ് പോലീസ് നിലപാട്. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില രാഹുല്‍ ഈശ്വര്‍ പ്രതിയല്ലെന്നും പോലിസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. രാഹുല്‍ ഈശ്വറിന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ അറസ്റ്റ് തടയാതിരുന്ന കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ കോടതി തീരുമാനം രാഹുല്‍ ഈശ്വറിന് അനുകൂലമാകാന്‍ സാധ്യത കൂടി. ഈ സാഹചര്യത്തില്‍ ഹണി റോസ് കോടതിയെ സമീപിച്ചേക്കും.

കേസില്‍ ഹര്‍ജി 27ന് പരിഗണിക്കാനിരിക്കവെ പോലീസിന്റെ വിശദീകരണം കോടതി ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പോലീസിന്റെ നിലപാട് എന്തെന്ന് കോടതി ചോദിച്ചിരുന്നു. ഹര്‍ജി നല്‍കിയ കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല. എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് ഹണി റോസ് പരാതി നല്‍കിയത്. തൃശ്ശൂര്‍ സ്വദേശിയും രാഹുലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്റെ പരാതി. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി. ഇത് ചൂണ്ടികാണിച്ചാണ് നടി ഹണി റോസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്.

പൊതുബോധം തനിക്കെതിരാക്കാനാണ് ശ്രമമെന്നും വലിയ ഗൂഢാലോചന ഇതിന്റെ ഭാഗമായുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നുമാണ് ഹണി റോസിന്റെ ആവശ്യം. രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റുകളടക്കം പരാതിയുടെ ഭാഗമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ രാഹുല്‍ ഈശ്വറിന്റെ നിലപാടുകളെ അംഗീകരിക്കുന്ന തരത്തിലാണ് പോലീസ് നിലപാട്. ഇതില്‍ ഹണി റോസ് ഇനിയെടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. കോടതിയെ സമീപിക്കാനാണ് കൂടുതല്‍ സാധ്യത. ഇതിനുള്ള നിയമോപദേശം ഹണി റോസ് തേടിയിട്ടുണ്ട്. ഹൈക്കോടതി പരാമര്‍ശം കൂടി മനസ്സിലാക്കിയാകും നിലപാട് എടുക്കുക. പോലീസ് കേസെടുക്കാത്തത് ഹണി റോസിനെ ഞെട്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനോട് തന്റെ വിഷമം ഹണി റോസ് അറിയിക്കുമെന്നാണ് സൂചന.

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചില്‍ പ്രത്യേകം പരാമര്‍ശിച്ചാണ് ഹര്‍ജി പരിഗണനയ്‌ക്കെടുപ്പിച്ചത്. അറസ്റ്റ് വിലക്കണം എന്നാവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഇതുവരെ എഫ്.ഐ.ആര്‍. എടുത്തിട്ടില്ലെന്നതടക്കം കണക്കിലെടുത്താണിത്. ഹര്‍ജി 27-ന് പരിഗണിക്കും. ചാനലുകള്‍ ചര്‍ച്ചയ്ക്കുവിളിച്ചപ്പോള്‍ അഭിപ്രായം പറയുകമാത്രമാണ് ചെയ്തതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. വിമര്‍ശിച്ചെന്നല്ലാതെ നുണയോ അപവാദമോ പറഞ്ഞിട്ടില്ല. വിമര്‍ശിക്കാനുള്ള അവകാശം വ്യക്തിക്കുണ്ടെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസ് കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കര്‍ശന നിലപാട് എടുത്തത് ജസ്റ്റീസ് കുഞ്ഞികൃഷ്ണനാണ്. അതുകൊണ്ട് തന്നെ രാഹുല്‍ ഈശ്വര്‍ കേസിലെ നിലപാടും നിര്‍ണ്ണായകമാകും.

സൈബറിടങ്ങളില്‍ ജനങ്ങളുടെ പൊതുബോധം തനിക്കെതിരേ തിരിക്കാന്‍ രാഹുല്‍ ഈശ്വര്‍ ആസൂത്രിതശ്രമം നടത്തുകയാണെന്ന് വ്യക്തമാക്കി നടി സമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. നിയമനടപടിയെടുക്കുമെന്നും മുന്നറിയിപ്പുനല്‍കി. കേസില്‍ ഉള്‍പ്പെടുത്തി തന്നെയും അറസ്റ്റുചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. ഹണി റോസിനെതിരെ ബഹുമാനപുരസ്സരം വിമര്‍ശനങ്ങള്‍ തുടരുമെന്ന് രാഹുല്‍ ഈശ്വര്‍ നേരത്തെ പറഞ്ഞിരുന്നു. തനിക്ക് ജയിലില്‍ പോകാന്‍ പേടിയോ മടിയോ ഇല്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കമ്മീഷന്‍ ഫോര്‍ മെന്‍ ഇവിടെ ആവശ്യമുണ്ട്. തന്നെപ്പോലൊരാള്‍ പ്രിവിലേജ്ഡ് ബാക്ക് ഗ്രൗണ്ടില്‍ നിന്ന് ആയതുകൊണ്ട് സപ്പോര്‍ട്ട് ചെയ്യാനാളുണ്ട്. സാധാരണക്കാരനായ ഒരാള്‍ക്ക് പക്ഷേ അങ്ങനെയല്ല. അയാള്‍ മാനസികമായി തകര്‍ന്നുപോകും. സപ്പോര്‍ട്ട് ഉണ്ടാവില്ല. അതുകൊണ്ടാണ് മെന്‍സ് കമ്മീഷന്‍ വേണ്ടതെന്നും രാഹുല്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.

ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആര്‍ക്കെതിരെയും സൈബര്‍ അധിക്ഷേപം പാടില്ല എന്നാണ് തന്റെ നിലപാട് എന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം.