കൊച്ചി: നിരന്തരം അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ പോലീസ് കസ്റ്റഡിയെലടുത്ത ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിന് ശേഷം നാളെ കോടതിയില്‍ ഹാജരാക്കും. സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തല്‍, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ബുധനാഴ്ച രാവിലെ വയനാട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.

കൊച്ചിയില്‍ എത്തിച്ച ശേഷം സെന്‍ട്രല്‍ എ.സി.പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കില്ല. നാളെയായിരിക്കും പ്രതിയെ കോടതിയില്‍ ഹാജരാക്കുക. ബോബി ചെമ്മണ്ണൂരിനെതിരെ മറ്റ് പരാതികള്‍ ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. ബോബി ചെമ്മണ്ണൂര്‍ കോയമ്പത്തൂരില്‍ പുതിയ ജുവലറിയുടെ ഉദ്ഘാടനത്തിന് പോകാനിരിക്കെയാണ് വയനാട്ടില്‍ നിന്ന് കസറ്റഡിയില്‍ എടുത്തത്.

ജുവലറിയുടെ ഉദ്ഘാടനം ഇന്നായിരുന്നു. ബോബി ചെമ്മണ്ണൂരും നടി ഹന്‍സികയും ചേര്‍ന്നായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. ബോബിയെ കസറ്റഡിയില്‍ എടുത്തിട്ടും ഉദ്ഘാടന ചടങ്ങുകള്‍ കോയമ്പത്തൂരില്‍ നടന്നിരുന്നു.കൊച്ചിയിലെ അഭിഭാഷകരുമായി ബോബി ചെമ്മണ്ണൂര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നത് ആലോചിച്ചിരുന്നുവെന്നാണ് വിവരം.

ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് ഹണി റോസ് ഇന്ന് മജിസ്‌ട്രേറ്റ് മുന്‍പാകെ രഹസ്യമൊഴി നല്‍കിയത്. ഇതിലെ വിശദാംശങ്ങള്‍ പുറത്തു വരില്ലെങ്കിലും പൊലീസ് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഏതൊക്കെ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തണം എന്നത് തീരുമാനിക്കുക. നിലവില്‍ ലൈംഗികമായി അധിക്ഷേപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന ബിഎന്‍എസിലെ 75, ഐടി ആക്ടിലെ 67 വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

നടി ഹണി റോസ് നല്‍കിയ രഹസ്യമൊഴിയില്‍ വ്യവസായി ബോബിക്കെതിരെ കൂടുതല്‍ വിവരങ്ങളുണ്ടോ? നിലവില്‍ എടുത്തിരിക്കുന്ന കേസില്‍ ബോബി ചെമ്മണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സാധ്യതയുണ്ടോ എന്നതില്‍ നിര്‍ണായകമാവുക ഈ രഹസ്യമൊഴിയായിരിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെയാണ് ഹണി റോസ് രണ്ടു മണിക്കൂറോളം രഹസ്യമൊഴി നല്‍കിയത്. ബോബിയെ ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.

നേരത്തേ താന്‍ ബോബി ചെമ്മണൂരില്‍നിന്ന് നേരിട്ട ദ്വയാര്‍ഥം കലര്‍ന്ന ലൈംഗികാധിക്ഷേപങ്ങളും അപകീര്‍ത്തിപ്പെടുത്തലുകളും അടക്കമുള്ളവ വ്യക്തമാക്കിയാണ് ഹണി റോസ് പൊലീസിനു പരാതി നല്‍കിയത്. കണ്ണൂര്‍ ആലക്കോട് ബോബിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളടക്കം ഹണി റോസ് പരാതിയില്‍ വിശദമായി പ്രതിപാദിച്ചിരുന്നു. അതിനു ശേഷം പല വേദികളിലും തന്നെക്കുറിച്ച് നടത്തിയ ലൈംഗികാധിക്ഷേപം കലര്‍ന്ന പരാമര്‍ശങ്ങളുടെയും മറ്റും ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കി. തന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി തംപ്‌നെയില്‍ സൃഷ്ടിച്ച് ഈ പരാമര്‍ശങ്ങള്‍ക്ക് പ്രചാരം നല്‍കിയ ഇരുപതോളം യുട്യൂബ് ചാനലുകള്‍ക്കെതിരെയും ഹണി റോസ് പരാതി നല്‍കിയിരുന്നു.

ബുധനാഴ്ച വൈകീട്ടോടെയാണ് പോലീസ് സംഘം ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചത്. നിരന്തരം അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്നായിരുന്നു ബോബി ചെമ്മണ്ണൂരിനെതിരേ ഹണി റോസിന്റെ പരാതി. കഴിഞ്ഞദിവസം ഹണി റോസ് നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ വയനാട്ടിലെ ഫാംഹൗസില്‍നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

ഹണി റോസിന്റെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് നടപടി. പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കുമെന്ന് സൂചനയുള്ളതിനാല്‍ എറണാകുളത്തുനിന്നുള്ള പ്രത്യേക അന്വേഷണസംഘം അതിവേഗം വയനാട്ടിലെത്തി. കഴിഞ്ഞദിവസം മുതല്‍ വയനാട് മേപ്പാടിയിലെ ഫാംഹൗസിലായിരുന്നു ബോബി ചെമ്മണ്ണൂര്‍. '1000 ഏക്കര്‍' എന്ന പേരിലുള്ള ഇവിടെ റിസോര്‍ട്ടും തേയില എസ്റ്റേറ്റുമുണ്ട്. ഇവിടേക്കാണ് പുലര്‍ച്ചെയോടെ പോലീസ് സംഘമെത്തിയത്.

പുലര്‍ച്ചെ നാലുമണി മുതല്‍ '1000 ഏക്കറി'ന് സമീപം എറണാകുളത്തുനിന്നുള്ള അന്വേഷണസംഘവും വയനാട് എസ്.പി.യുടെ പ്രത്യേക സ്‌ക്വാഡും തമ്പടിച്ചിരുന്നു. തുടര്‍ന്ന് രാവിലെ ബോബി ചെമ്മണ്ണൂര്‍ കാറില്‍ ഫാംഹൗസില്‍നിന്ന് പുറത്തേക്ക് വന്നപ്പോള്‍ പോലീസ് സംഘം കാര്‍ വളഞ്ഞാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ സ്വകാര്യവാഹനത്തില്‍ എ.ആര്‍. ക്യാമ്പിലെത്തിച്ചു. ഇവിടെനിന്ന് എറണാകുളത്തേക്കും.

പോലീസിന്റെ ബൊലേറോ ജീപ്പിലാണ് ബോബി ചെമ്മണ്ണൂരുമായി അന്വേഷണസംഘം വയനാട്ടില്‍നിന്ന് കൊച്ചിയിലെത്തിയത്. പോലീസ് വാഹനത്തിലും ചെറു ചിരിയോടെയായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ യാത്ര. ബൊലേറോ ജീപ്പിന്റെ രണ്ടാംനിരയിലെ സീറ്റില്‍ രണ്ടുപോലീസുകാര്‍ക്കിടയില്‍ ഞെങ്ങി ഞെരുങ്ങിയാണ് ബോബി ഇരുന്നത്.

അതിനിടെ, ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് നടപടിയില്‍ ഹണി റോസ് നന്ദി അറിയിച്ചു. കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസിനും താനും തന്റെ കുടുംബവും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം. കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരേ ഹണി റോസ് രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നല്‍കിയത്.

ഉന്നതതല നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കൊച്ചി പൊലീസ് ബോബിയെ കസറ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം രാത്രി മുഖ്യമന്ത്രിയുമായും പൊലീസ് മേധാവിയുമായും ഹണി റോസ് സംസാരിച്ചിരുന്നു. നിയമ നടപടിയില്‍ നന്ദിയുണ്ടെന്നും ഹണി റോസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ഹണി റോസിന്റെ ധീരമായ പോരാട്ടത്തിന് സിനിമ സാങ്കേതിക വിദഗ്ദരുടെ കൂട്ടായ്മയായ ഫെഫ്ക പിന്തുണ അറിയിച്ചു. മന്ത്രി ആര്‍ ബിന്ദുവും നടിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളായതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കപ്പെടുന്നുവെന്നും മന്ത്രി പ്രതികരിച്ചു. ബോബി ചെമ്മണ്ണൂരിന്റെ അറസറ്റ് നല്ല മാറ്റത്തിനുളള തുടക്കമാകട്ടെയെന്നും ബിന്ദു പറഞ്ഞു.

ഹണി റോസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവേയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ വെച്ച് കൊച്ചി പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുക്കുന്നത്. പ്രതിയുടെ വാഹനത്തിന് കുറുകെ പൊലീസ് വാഹനം നിര്‍ത്തി വണ്ടിയില്‍ നിന്ന് വിളിച്ചിറക്കിയാണ് കൊച്ചി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. സ്വന്തം വാഹനത്തില്‍ എത്താമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതം നല്‍കിയില്ല.