- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഡ്ജിക്കെതിരെ 'ഊമക്കത്ത്' അയച്ച പൗരനെ കണ്ടെത്താന്‍ അന്വേഷണം വരും; ദിലീപ് കോടതി മുറിയിലേക്കു കടന്ന് വന്നപ്പോള്‍ വിധി പറയേണ്ട ജഡ്ജി എഴുന്നേറ്റു നിന്നുവെന്ന് പ്രചരിപ്പിച്ചവരെല്ലാം അഴിക്കുള്ളിലാകും; ഹണി വര്‍ഗ്ഗീസിനെതിരെ സൈബര്‍ ആക്രമണം: അന്വേഷണത്തിന് സര്‍ക്കാര്‍
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിന് പിന്നാലെ ജഡ്ജി ഹണി എം. വര്‍ഗീസിനെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ജുഡീഷ്യറിയുടെ എതിര്‍പ്പ് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കും. ജഡ്ജി ഹണി എം.വര്‍ഗീസിനെതിരേയുള്ള വ്യാജ ആരോപണങ്ങളില്‍ അന്വേഷണം വരും.
കോടതിയുടെ വിശ്വാസ്യത ചോര്‍ത്തുന്ന തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളില്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരടക്കം അതൃപ്തിയിലാണ്. മംഗളത്തില്‍ എസ് നാരായണനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെ വിട്ടതാണ് ജഡ്ജിയ്ക്കെതിരായ ആക്രമണത്തിനു കാരണം. പ്രതിയായിരുന്ന ദിലീപ് കോടതി മുറിയിലേക്കു കടന്ന് വന്നപ്പോള്‍ വിധി പറയേണ്ട ജഡ്ജി എഴുന്നേറ്റു നിന്നു എന്ന തരത്തിലുള്ള പോസ്റ്റുകളും എത്തി. എല്ലാ കേസുകളിലും പാലിക്കുന്ന കോടതി കീഴ്വഴക്കങ്ങളുടെയും നടപടിക്രമങ്ങളുടെയും ഭാഗമായി ആദ്യം ജഡ്ജി മുന്നിലിരിക്കുന്നവരെ കൈകൂപ്പി വണങ്ങിയിട്ടാണ് തന്റെ ഇരിപ്പിടത്തില്‍ ഇരിക്കാറുള്ളത്. ഈ കീഴ്വഴക്കം മാത്രമാണ് ദിലീപ് ഉള്‍പ്പെട്ട കേസിന്റെ വിധിപ്രഖ്യാപന വേളയിലും ജഡ്ജി പാലിച്ചതെന്ന് വ്യക്തമായിരുന്നു. എന്നിട്ടും സൈബര്‍ ആക്രമണമുണ്ടായി.
ദിലീപ് കോടതി ഹാളിലെത്തിയ ശേഷമാണ് ജഡ്ജി വന്നത് എന്നതാണു മറ്റൊരു വസ്തുത. ഇത്തരത്തില്‍ ജഡ്ജിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പല വ്യാജ പ്രചരണവും നടക്കുന്നു. ഇവര്‍ക്കെതിരേ യുക്തമായ നടപടി എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അന്വേഷണത്തിന് പ്രത്യേക സംഘത്തേയും നിയോഗിച്ചേക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ജ്യുഡീഷ്യറിയെ സംശയത്തില്‍ നിര്‍ത്തുന്നതൊന്നും അംഗീകരിക്കില്ല. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി വര്‍ഗ്ഗീസിന്റെ മകളാണ് ഹണി വര്‍ഗ്ഗീസും. ഈ പരാമര്‍ശവും സൈബര്‍ ആക്രമണത്തില്‍ നിറയുന്നുണ്ട്. ഇത്തരം വ്യക്തിപരമായ നിലപാടുകള്‍ ഹണി വര്‍ഗ്ഗീസിനെ ഒരിക്കലും സ്വാധീനിക്കാറില്ലെന്നതാണ് വസ്തുത.
അതിനിടെ വിധി ചോര്‍ന്നതായി ആരോപിച്ചുള്ള ഊമക്കത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷനും രംഗത്തു വന്നു. കത്തിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ജഡ്ജി ഹണി എം. വര്‍ഗീസ് തന്റെ സുഹൃത്തിനെക്കൊണ്ട് വിധി തയാറാക്കുകയും ദിലീപിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചുവെന്നുമാണ് ഊമക്കത്തിലുള്ളത്.
കഴിഞ്ഞ രണ്ട് എന്ന തീയതി വച്ചിട്ടുള്ള കത്തില്‍ പൗരന്‍ എന്ന പേരിലാണ് കത്ത് തയാറാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ ഒരു ആധികാരികതയുമില്ലാത്ത ഊമക്കത്ത് ചര്‍ച്ചയാക്കിയതും സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. ഈ ഊമക്കത്തുകാരനെ കണ്ടെത്താനും ശ്രമം ഉണ്ടാകും.




