കായംകുളം : മലപ്പുറം കൊണ്ടോട്ടി ചീക്കോട് പുളിക്കലക്കണ്ടിവെട്ടുപാറ ദേശത്ത് കുളമ്പലത്ത് മണ്ണാറക്കൽ വീട്ടിൽ വി.ശാലിനി-കേരളത്തിലെ വിവാഹ തട്ടിപ്പുകാരിൽ അഗ്രഗണ്യയാണ്. ഒരു കേസിൽ പിടിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ചിറങ്ങിയാൽ ഉടൻ വീണ്ടും തട്ടിപ്പ്. അതാണ് ശാലിനിയുടെ രീതി. അങ്ങനെ വീണ്ടും ശാലനി കുടുങ്ങുന്നു. പത്രത്തിൽ വിവാഹപരസ്യം നൽകി വിവാഹം ചെയ്ത് യുവാക്കളുടെ സ്വർണവും പണവും കവർന്നുകടക്കുകയാണു ശാലിനിയുടെ രീതി. ഒട്ടേറെ തവണ അറസ്റ്റിലായിട്ടും ശാലിനിക്ക് കുലക്കമില്ല. തട്ടിപ്പ് തുടരുകയാണ്. മലപ്പുറം കൊണ്ടോട്ടി ചീക്കോട്ട് കോളാമ്പലത്ത് മണ്ണാറയ്ക്കൽ വീട്ടിലാണു നിലവിൽ ശാലിനിയുടെ താമസം.

പത്രത്തിലെ വിവാഹപരസ്യം കണ്ടു ഫോണിൽ വിളിക്കുന്നവരെ തന്ത്രപരമായി ഇവർ പറ്റിക്കും. ശാലിനി വിവിധ ജില്ലകളിലായി വിവാഹം കഴിച്ചത് 20 ലധികം പേരെയാണ്. ഇതിലൂടെ 200 ലേറെ പവൻ സ്വർണം അടിച്ചു മാറ്റിയിട്ടുള്ള ഇവർ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം മോനിപ്പള്ളിയിൽ വെച്ച് പല യുവാക്കളിൽ നിന്നുമായി കബളിപ്പിച്ചെടുത്തത് 19 ലക്ഷം രൂപയായിരുന്നു. വിവാഹം കഴിച്ച് രണ്ടോ മൂന്നോ ദിവസം മാത്രം ഭർത്താവിന്റെ വീട്ടിൽ കഴിയുന്ന ഇവർ അതിനിടെ എല്ലാം അടിച്ചു മാറ്റി മുങ്ങുകയാണ് രീതി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തുശൂർ ജില്ലകളിൽ നിന്നും പത്തിലധികം പരാതികളാണ് ഇവർക്കെതിരേ ഉയർന്നിട്ടുള്ളത്.

വിവാഹ വാഗ്ദാനം നൽകി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശാലിനി ഇപ്പോൾ അറസ്റ്റിലായത്. കൽപാത്തി സ്വദേശിയായ 53 വയസ്സുകാരൻ നൽകിയ പുനർ വിവാഹ പരസ്യം കണ്ട് ഇദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ട് പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. മധ്യപ്രദേശിൽ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നും പറഞ്ഞാണ് ശാലിനി 53കാരനെ ബന്ധപ്പെട്ടത്. ഫോണിൽ സൗഹൃദം സ്ഥാപിച്ചശേഷം സ്ഥിരം ജോലി ലഭിക്കാൻ പണം ആവശ്യമാണെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. പിന്നീടു പല കാരണങ്ങൾ പറഞ്ഞു വിവാഹത്തീയതി നീട്ടിക്കൊണ്ടുപോയി. ഒടുവിൽ നിശ്ചയിച്ച തീയതിയിൽ വരൻ വിവാഹത്തിന് ഒരുങ്ങി എത്തിയെങ്കിലും യുവതി എത്തിയില്ല. ഇതോടെ പൊലീസിനെ പരാതിയുമായി സമീപിക്കുകയായിരുന്നു.

കേസിൽ കൂട്ടുപ്രതിയായ, ശാലിനിയുടെ ഭർത്താവ് എന്ന് പറയപ്പെടുന്ന കുണ്ടുവംപാടം അമ്പലപള്ളിയാലിൽ സരിൻകുമാർ (38) മുൻപ് പിടിയിലായിരുന്നു. ഇരുവരും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഇവർ ഒട്ടേറെ വിവാഹത്തട്ടിപ്പു കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. എറണാകുളത്ത് നിന്നാണ് ശാലിനി അറസ്റ്റിലായത്. ഇതിന് മുമ്പ് മജിസ്ട്രേറ്റ് ആണെന്ന് പറഞ്ഞു വിവാഹമോചിതനായ പുതുപ്പള്ളി സ്വദേശിയെയാണ് ശാലിന് മുമ്പ് കബളിപ്പിച്ചിട്ടുള്ളത്. വിവാഹമോചിതനായ പുതുപ്പള്ളി സ്വദേശി സുധീഷ്ബാബു പത്രപ്പരസ്യത്തിലൂടെയാണ് ശാലിനിയെ പരിചയപ്പെട്ടത്. 2019 മാർച്ചിൽ വാരണപ്പള്ളി ക്ഷേത്രത്തിൽ വച്ചു വിവാഹം കഴിച്ച ശേഷമാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. ആദ്യം മുതൽ യുവാവുമായി ഫോണിലൂടെ സംസാരിച്ചിരുന്ന ശാലിനി തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണെന്നും ആദ്യ ഭർത്താവ് മരിച്ചു പോയതായാണെന്നും പറഞ്ഞാണ് പരിചയപ്പെട്ടത്. എൽഎൽബി, എൽഎൽഎം ബിരുദങ്ങളുള്ള താൻ മലപ്പുറം മഞ്ചേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായിരുന്നു എന്നും മജിസ്‌ട്രേറ്റ് ആയി ജോലി ലഭിച്ചതിനെ തുടർന്നു രാജി വച്ചെന്നും യുവാവിനോട് പറഞ്ഞിരുന്നു. ഇതിനിടെ യുവാവിന്റെ കൈയിൽ നിന്നു 3 പവന്റെ സ്വർണമാല വാങ്ങിയ ശാലിനി തിരിച്ച് 5 പവന്റെ സ്വർണ മാല നൽകി വിശ്വാസം നേടി.

തുടർന്ന് കഴിഞ്ഞ അഞ്ചിന് വാരണപ്പള്ളി ക്ഷേത്രത്തിൽ വച്ച് വിവാഹം നടന്നു. ഒരുമിച്ചു താമസിച്ചു വന്ന ഈ കാലയളവിൽ 6 പവന്റെ സ്വർണമാലയും ശാലിനി യുവാവിനെക്കൊണ്ട് വാങ്ങിപ്പിച്ചു സ്വന്തമാക്കി. ഇരുവരും കഴിഞ്ഞ ദിവസം ഓച്ചിറ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ സുധീഷിന്റെ കൂട്ടുകാർ കാണുകയും ശാലിനിയെ തിരിച്ചറിയികയുമായിരുന്നു. ഇവർ സുധീഷിനെ വിവരം ധരിപ്പിക്കുകയും മുൻപുള്ള തട്ടിപ്പുകളിൽ പിടിക്കപ്പെട്ട ശാലിനിയുടെ ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു. തുടർന്ന് യുവാവ്, സ്വർണാഭരണങ്ങൾ പരിശോധിച്ചപ്പോൾ മുക്കുപണ്ടങ്ങളാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ വീണ്ടും കേസെത്തി. സംശയം തോന്നിയ ശാലിനി ഈ സമയം രക്ഷപ്പെടാനായി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. തുടർന്ന് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് യുവതിയെ കയ്യോടെ പൊലീസ് പിടികൂടുകയായിരുന്നു അന്ന്.

വക്കീലായും മജിസ്ട്രേറ്റായും ടീച്ചറായും കല്ല്യാണം

2014 ൽ കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് മദ്ധ്യവയസ്‌ക്കനായ ഒരു ഓട്ടോ ഡ്രൈവറെ വിവാഹം ചെയ്തു മുങ്ങിയ ഇവരെ മൂന്നാം ദിവസം പഴനിയിൽ നിന്നായിരുന്നു പൊലീസ് പൊക്കിയത്. ചിങ്ങവനം വെള്ളുത്തുരുത്തി വെള്ളൂപ്പറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവറെയാണ് കബളിപ്പിച്ചത്. ഹൈക്കോടതി അഭിഭാഷകയെന്ന് പത്രപ്പരസ്യം നൽകി സുഹൃത്തിനെ ഉപയോഗിച്ചായിരുന്നു വിവാഹം ഉറപ്പിച്ചത്.വരനെക്കൊണ്ട് ആഭരണങ്ങളും ഉടയാടകളും വാങ്ങിപ്പിച്ച് സദ്യയുമൊക്കെ നടത്തിച്ചായിരുന്നു വിവാഹം. പിറ്റേന്ന് ആലപ്പുഴ ബീച്ച് കാണാൻ പോയപ്പോൾ അവിടെ വെച്ച് മുങ്ങി. അഭിഭാഷകനെ കാണാൻ പോകണമെന്ന് പറഞ്ഞ് കാർ പിടിച്ചായിരുന്നു ആലപ്പുഴയിലേക്ക് ഇരുവരും പോയത്. ഓട്ടോ ഡ്രൈവർ ശശീന്ദ്രൻ നായർ എന്നയാളെ ബീച്ചിൽ ഇരുത്തിയ ശേഷം മുങ്ങുകയായിരുന്നു. രാത്രി വൈകിയിട്ടും തിരികെ വരാതിരുന്നതോടെ ഓട്ടോഡ്രൈവർ പൊലീസിൽ പരാതിപ്പെട്ടു.

കല്യാണത്തിന് ഫോട്ടോഗ്രാഫർ വേണ്ടെന്ന് നിലപാടെടുത്തിരുന്ന ശാലിനി ചെലവ് ചുരുക്കൽ പറഞ്ഞാണ് ഫോട്ടോയിൽ നിന്നും ഒഴിവായത്. പിന്നീട് മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ചായിരുന്നു പൊലീസ് അന്വേഷിച്ചത്. ഇവരെ കാവാലം സ്വദേശിയായ മറ്റൊരു മൂൻ ഭർത്താവിനെ ഉപയോഗിച്ചായിരുന്നു പൊലീസ് പിടികൂടിയത്. പഴനിയിൽ വെച്ച് അറസ്റ്റിലാകുമ്പോൾ ഓട്ടോ ഡ്രൈവർ അണിയിച്ച താലി മാലയും 20,000 രൂപയും ഇവരുടെ പക്കലുണ്ടായിരുന്നു. പിന്നീട് കേസ് നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി മാറ്റുകയായിരുന്നു. ചിങ്ങവനം കാരനെ തട്ടിച്ച പ്രശ്‌നം അവസാനിച്ച് മാസങ്ങൾ കഴിയും മുമ്പ് അടുത്ത വിവാഹത്തട്ടിപ്പിനായി ഇറങ്ങി.

പക്ഷേ ഓട്ടോ ഡ്രൈവർ നൽകിയ മൊബൈൽ ഫോട്ടോ പത്രത്തിൽ വന്നതോടെയാണ് പലർക്കും തട്ടിപ്പിനിരയായത് ബോദ്ധ്യപ്പെട്ടത്. ആയൂർ സ്വദേശിയാണെങ്കിലും മലപ്പുറം ജില്ലയിൽ താമസിച്ചു വരികയായിരുന്ന ശാലിനി അഭിഭാഷക, കോടതി ഉദ്യോഗസ്ഥ എന്നൊക്കെ പത്രപ്പരസ്യം നൽകിയാണ് വിവാഹത്തട്ടിപ്പ്. ഷീബ എന്ന വിളിപ്പേരിലും ഇവർ അറിയപ്പെട്ടിരുന്നു. കട്ടപ്പന സ്വദേശിയെ ഹൈക്കോടതി അഭിഭാഷക ചമഞ്ഞായിരുന്നു ശാലിനി കബളിപ്പിച്ചത്. ആദ്യവിവാഹബന്ധം വേർപെടുത്തിയ ആളായിരുന്നു യുവാവ്. അഭിഭാഷകയുടെ വേഷമണിഞ്ഞു നിന്ന ശാലിനിയെ ഹൈക്കോടതിയുടെ മുറ്റത്തുവച്ചാണ് പെണ്ണുകാണൽ നടത്തിയതെന്നായിരുന്നു അന്ന് കട്ടപ്പന പൊലീസിനോട് യുവാവ് മൊഴി നൽകിയത്. പിന്നീട് ജയിൽ മോചിതയായ ശേഷം പഴയ പരിപാടി വീണ്ടും തുടരുകയായിരുന്നു.

കുളനടയിൽ പിടിയിലായത് വിവാഹത്തിന് തൊട്ട് പിന്നാലെ

കോയിപ്രം, ചെങ്ങന്നൂർ, ആറന്മുള, എറണാകുളം ജില്ലയിലെ കോലഞ്ചേരി തുടങ്ങിയ സ്റ്റേഷനുകളിലായി ഒൻപതു കേസുകൾ ഇവരുടെ പേരിലുണ്ടെന്നും നേരത്തെ ശിക്ഷ അനുഭവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മുമ്പ് ഉള്ളന്നൂർ വിളയാടിശ്ശേരിൽ ക്ഷേത്രത്തിൽ കുളനട സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചു കഴിഞ്ഞപ്പോഴാണ് പിടിവീണത്. ക്ഷേത്ര ഭരണസമിതി ഭാരവാഹികളാണു തട്ടിപ്പുകാരിയെ തിരിച്ചറിഞ്ഞത്. തുടർന്ന് തട്ടിപ്പിനിരയായ കിടങ്ങന്നൂർ സ്വദേശിയെ കൊണ്ടുവന്ന് ഇവർ തന്നയാണ് തട്ടിപ്പുകാരിയെന്ന് ഉറപ്പിച്ചു. തട്ടിപ്പു പുറത്തായി പൊലീസെത്തുമെന്ന് അറിഞ്ഞതോടെ ഇവർ സ്ഥലത്തുനിന്നു രക്ഷപ്പെടാൻ ശ്രമം നടത്തി.

രണ്ടാം വിവാഹമാണിതെന്നും അടുത്തബന്ധുക്കളാരും ഇല്ലെന്നും കോടതി ജീവനക്കാരിയാണെന്നുമാണ് അന്നും വരന്റെ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. വിവാഹം തീരുമാനിച്ചശേഷം 10,000 രൂപാ വരനിൽ നിന്ന് ഇൻഷുറൻസ് പണം അടയ്ക്കാനെന്ന് വ്യാജേന വാങ്ങുകയും ചെയ്തു. ബന്ധുവെന്ന് പറഞ്ഞ് ഒരാൾ ഇവരെ വരന്റെ ബന്ധുവീട്ടിൽ കൊണ്ടുവന്ന് വിടുകയായിരുന്നു. അന്നും ഇവർ ധരിച്ചിരുന്ന ആഭരണങ്ങളും മുക്കുപണ്ടമായിരുന്നു. അഞ്ചോളം യുവാക്കളെ ഇവർ കബളിപ്പിച്ചിട്ടുണ്ട്.

ശാലിനിയും പത്തനംതിട്ട ജില്ലയിലുള്ള യുവാവും വിവാഹത്തിനായി പന്തളത്തിനു സമീപമുള്ള കുളനട ഉള്ളന്നൂർ വിളയാടിശേരിൽ ക്ഷേത്രത്തിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ വിവാഹച്ചടങ്ങ് പൂർത്തിയാക്കി ഇരുവരും സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ ശാലിനി കബളിപ്പിപ്പിച്ച കിടങ്ങന്നൂർ സ്വദേശിയായ യുവാവിന്റെ സുഹൃത്തും ക്ഷേത്രത്തിലെ സെക്രട്ടറിയുമായ പി.എസ്. അഭിലാഷ്, സുഹൃത്തായ വി.മനു എന്നിവർ പ്രതിയെ തിരിച്ചറിഞ്ഞു. അങ്ങനെയാണ് അന്ന് പിടികൂടിയത്. ഈ വിവാഹത്തിനും ഏതാനും ആഴ്ചകൾക്ക് മുമ്പാണ് വരനെ ആവശ്യമുണ്ടെന്ന് കാട്ടിയുള്ള ശാലിനിയുടെ പത്രപരസ്യം വന്നത്. ഇതു കണ്ടു പത്തനംതിട്ട സ്വദേശി വിളിക്കുന്നത്. തുടർന്നു ശാലിനിയുടെ സഹോദരന്റെ ഭാര്യയെന്ന് പറഞ്ഞ് ഒരു യുവതി ഫോണിൽ വിളിച്ചു.

പിന്നീട് മറ്റൊരു നമ്പറിൽനിന്ന് ശാലിനിയും വിളിച്ചു. തുടർന്നു ശാലിനിയുടെ ആവശ്യത്തേത്തുടർന്നു മണ്ണാറശാല ക്ഷേത്രത്തിലെത്തിയ ഇരുവരും നേരിട്ടുകണ്ടു. ബന്ധുക്കളുമായി ആലോചിച്ചശേഷം വിവാഹം നടത്താമെന്ന് യുവാവ് അറിയിക്കുകയും ചെയ്തു. എന്നാൽ, വിവാഹം ഉടൻ വേണമെന്ന നിലപാടിലായിരുന്നു ശാലിനി. ആദ്യം മടിച്ചെങ്കിലും ശാലിനിയുടെ നിർബന്ധത്തിനു യുവാവ് വഴങ്ങി. ബംഗളുരുവിൽ ജോലിയുണ്ടായിരുന്ന തനിക്ക് അടുത്ത സമയത്ത് കേരളാ ഹൈക്കോടതിയിൽ ജോലി ലഭിച്ചെന്നും താൻ എൽ.എൽ.എം ബിരുദധാരിയാണെന്നും ശാലിനി യുവാവിനോട് പറഞ്ഞിരുന്നു. 50 പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ ഇവർ ധരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇത് മുക്കുപണ്ടമായിരുന്നു.

ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ്

ശാലിനി സർക്കാർ ജോലി വാഗ്ദാനം ചെയ്ത് വൈപ്പിനിൽ നിന്നും ഏഴര ലക്ഷം രൂപ തട്ടിയതായി പരാതിയും ചർച്ചയായിട്ടുണ്ട്. ഓച്ചന്തുരുത്ത് സ്വദേശി സജീവാണ് പരാതി നൽകിയത്. തുടർന്ന് പൊലീസ് വഞ്ചനാക്കുറ്റത്തിനു കേസെടുത്തു. ഹൈക്കോടതിയിൽ പ്യൂൺ, ക്ലാർക്ക് എന്നീ തസ്തികയിൽ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് സജീവിന്റെയും കുടുംബാംഗങ്ങളുടേയും ഒരു ബന്ധുവിന്റെയും പക്കൽ നിന്നും ഒന്നര ലക്ഷം രൂപ വീതമാണത്രേ യുവതി കവർന്നെടുത്തത്.

രണ്ടുപേർ നേരിട്ടും ബാക്കി മൂന്ന് പേർ ബാങ്ക് മുഖേനയുമാണ് പണം നൽകിയതെന്നായിരുന്നു പരാതി. പണം വാങ്ങിയ ശേഷം മുങ്ങി. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. അന്നും ശാലിനി അറസ്റ്റിലായിരുന്നു.