അക്വാ ഇബോം(നൈജീരിയ): 'ഹോപ്പ്' എന്ന വാക്കിന് ജീവിന്റെ വിലയുണ്ട്. മരണത്തിന്റെ മടിത്തട്ടില്‍ നിന്നാണ് ലോവന്‍ എന്ന ഡച്ചുകാരി നൈജീരിയക്കാരന്‍ കുരുന്നിനെ കൈപിടിച്ചു കയറ്റിയത്. പുഴുവരിച്ച പട്ടിണിക്കോലമായിരുന്ന കുരുന്നിനെയും അവനെ നെഞ്ചോടു ചേര്‍ത്ത ലോവനെയും ലോകം മറന്നിട്ടില്ല. ആ ചിത്രങ്ങളുടെ ശക്തി അത്രത്തോളമായിരുന്നു. മാതാപിതാക്കള്‍ ദുര്‍മന്ത്രവാദിയുടെ ജന്‍മമെന്ന് ആരോപിച്ചു പുറംതള്ളിയ കരുന്നിന് ലോവന്‍ രക്ഷകയാകുകയായിരുന്നു. അവനെ നെഞ്ചോടു ചേര്‍ത്ത ആ വളര്‍ത്തമ്മ ഹോപ്പ് എന്ന് പേരു നല്‍കി വളര്‍ത്തി. എന്നോ മാഞ്ഞുപോയ ചിരി തിരികെ വന്നു.

ഇപ്പോള്‍ ഹോപ്പും അവന്റെ വളര്‍ത്തമ്മയും ലോകത്തെ പ്രതീക്ഷയുടെ പ്രതീകായി മാറുന്ന മറ്റൊരു വാര്‍ത്ത കൂടി പറുന്നുവന്നു. ഇപ്പോള്‍ 12 വയസ്സു തിരഞ്ഞു ഹോപ്പിന്. പ്രൈമറി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയതോടെ അന്‍ജ റിങ്‌റെന്‍ ലോവന്‍ എന്ന വളര്‍ത്തമ്മയും അവരുടെ പങ്കാളി ഡേവിഡ് ഇമ്മാനുവല്‍ ഉമെമും അതീവ സന്തോഷത്തിലാണ്. ബധിരനായ ഹോപ്പ് എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നു, പക്ഷേ ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ട്. കലയില്‍ ഒരു കരിയര്‍ കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ അനാഥാലയത്തിലെ അധ്യാപകര്‍ അദ്ദേഹത്തെ 'ലിറ്റില്‍ പിക്കാസോ' എന്ന് വിളിക്കുന്നു. അങ്ങനെ തെരുവിലെ പരിതാപകരമായ അവസ്ഥയില്‍ നിന്നും പുതു സ്വപ്‌നങ്ങളിലേക്കാണ് ഹോപ്പിന്റെ പ്രയാണ്.




'അവന്‍ ഇപ്പോള്‍ വളരെ സ്വതന്ത്രനും, ശക്തനും, ബുദ്ധിമാനും ആണ്. അവന് ധാരാളം സുഹൃത്തുക്കളുണ്ട്. അവന്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയായതില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്നാണ് അഞ്ജ ലോവന്‍ പറയുന്നത്.

ലോകത്തെ കരയിച്ച ചിത്രം

ലോകമനസ്സാക്ഷിയെ ഞെട്ടിച്ചതായിരുന്നു ഹോപ്പ് എന്ന ബാലന്റെ ചിത്രം ഓര്‍മ്മയില്ലേ? മന്ത്രവാദിയെന്നാരോപിച്ച് അച്ഛനമ്മമാര്‍ തെരുവില്‍ മരിക്കാന്‍ വിട്ട നൈജീരിയന്‍ ബാലനാണ് ഹോപ്പ്‌സ്. തെരുവില്‍ പട്ടിണികിടന്ന് പുഴുവരിച്ച് കിടന്ന അവനെ മരണം അത്രവേഗം പിടികൂടിയില്ല. ജീവിതത്തില്‍ പ്രത്യാശയുടെ കിരണങ്ങളുമായി അന്‍ജ നോവല്‍ എന്ന ഡാനിഷ് യുവതി അവന്റെ ജീവിതത്തിലെത്തി. സാമൂഹികപ്രവര്‍ത്തകയായ അന്‍ജ ഹോപ്പ്‌സിന് കുപ്പിയില്‍ വെള്ളം കൊടുക്കുന്ന ചിത്രം സോഷ്യല്‍മീഡിയയുടെ കണ്ണുനിറച്ചിരുന്നു.




ആ ചിത്രത്തിന് പറയാന്‍ നെഞ്ചുനീറ്റുന്ന ഒരു കഥയുണ്ടായിരുന്നു. നൈജീരിയയിലെ തെരുവില്‍ വെച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തകയായ അന്‍ജ റിങ്‌റെന്‍ ലോവന്‍ എന്ന ഡാനിഷ് യുവതി ഒരു പിഞ്ചു പട്ടിണിക്കോലത്തെ കണ്ടെത്തുന്നത്. മാലിന്യക്കൂമ്പാരത്തിനരികെ നായ്ക്കളോട് മല്ലിട്ട് ചീഞ്ഞളിഞ്ഞ ഭക്ഷണം വാരിത്തിന്നുന്ന ഒരു കുട്ടി. ഏകദേശം രണ്ടു വയസ്സുകാണും. നെഞ്ചൊട്ടി, വയറുന്തി, മേലാകെ വ്രണങ്ങളായി, മെലിഞ്ഞുണങ്ങിയ കൈകാലുകളോടെ ഒരു രൂപം.

അടുത്തേക്ക് വിളിച്ച് കുപ്പിയില്‍ വെള്ളം കൊടുത്തപ്പോള്‍ അത് കുടിക്കാന്‍ പോലും അശക്തനായിരുന്നു അവന്‍. ബിസ്‌കറ്റും കൊടുത്തു. ക്ഷീണം കൊണ്ട് നിലത്തിരുന്നു പോയ ആ കുഞ്ഞിനെ കോരിയെടുത്ത് അന്‍ജ കുളിപ്പിച്ചു, ഒരു കമ്പിളി കൊണ്ട് പുതപ്പിച്ചു, അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ശേഷം അവന്റെ മാതാപിതാക്കളെ തിരഞ്ഞു.

ആ അന്വേഷണം ലോവനെക്കൊണ്ടെത്തിച്ചത് ഞെട്ടിപ്പിക്കുന്ന ചില കണ്ടെത്തലുകളിലേക്കാണ്. ദുര്‍മന്ത്രവാദിയാണെന്നാരോപിച്ചാണ് പിഞ്ചുകുഞ്ഞിനെ അവന്റെ അച്ഛനമ്മമാര്‍ തെരുവില്‍ത്തള്ളിയത്. അവന്‍ മരിക്കട്ടെ എന്നുതന്നെയായിരുന്നു അവരുടെ ആഗ്രഹവും. എന്നാല്‍ ഒരു പിഞ്ചുകുഞ്ഞിനെ അറിഞ്ഞുകൊണ്ടു മരണത്തിലേക്കു തള്ളിവിടാന്‍ ലോവനായില്ല. അവള്‍ അവനെ ഏറ്റെടുത്തു. ആദ്യം പോയത് ഒരു ആശുപത്രിയിലേക്കായിരുന്നു.




ആദ്യം തന്നെ അവന്റെ ശരീരത്തിലെ പുഴുക്കളെ എടുത്തു കളഞ്ഞു വൃത്തിയാക്കി. പിന്നീട് രക്തം നല്‍കി. ചുവന്ന രക്താണുക്കള്‍ അവന്റെ ശരീരത്തില്‍ വളരെക്കുറവായതിനാലായിരുന്നു അത്. ആശുപത്രി അധികൃതരുടെയും ലോവന്റെയും പരിചരണംകൊണ്ട് പതിയെ കുഞ്ഞു ഹോപ്പ് ജീവിതത്തിലേക്കു തിരിച്ചു വന്നു. നല്ല ഭക്ഷണവും പരിചരണവും കിട്ടിയപ്പോള്‍ അവന്‍ മനുഷ്യക്കോലത്തിലേക്കു തിരിച്ചു വന്നു. ഈ ചിത്രങ്ങളും കുറിപ്പും കണ്ട ലോകം പക്ഷേ വെറുതെ ഒപ്പം കരയുക മാത്രമായിരുന്നില്ല. 10 ലക്ഷം ഡോളറാണ് ഏതാനും ദിവസങ്ങള്‍ക്കകം അന്‍ജയുടെ ഫൗണ്ടേഷനു ലഭിച്ചത്.

പിന്നീട് അവന്റെ വളര്‍ച്ചയുടെ ചിത്രങ്ങള്‍ ലോവന്‍ പങ്കുവെച്ചിരുന്നു. 2016 ജനുവരി 30 ന് താന്‍ ഏറ്റെടുത്ത കുഞ്ഞിന്റെ ചിത്രം പിന്നീട് ലോവന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. ആരെയും അമ്പരിപ്പിക്കാന്‍ പോന്നതായിരുന്നു ഹോപ്പിന്റെ മാറ്റം. ഹോപ്പ് സ്‌കൂളില്‍ പോകാന്‍ തയാറെടുക്കുകയാണ് എന്ന സന്തോഷവാര്‍ത്തയും ലോവന്‍ ഫെയ്‌സ്ബുക്കിലൂടെ ലോകവുമായി പങ്കുവെച്ചു. ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ്ഡ് എജ്യുക്കേഷന്‍ ആന്‍ഡ് ഡെവലപെമെന്റ് ഫൗണ്ടേഷന്‍ സ്ഥാപകയാണ് ലോവന്‍. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മൂലം അനാഥരാക്കപ്പെട്ട ആയിരത്തോളം കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ലോവനായിട്ടുണ്ട്.




ലോവനും ഭര്‍ത്താവ് ഡേവിഡ് ഇമാനുവല്‍ ഉമെനും ചേര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ സ്വന്തമായി ഒരു അനാഥാലയം തുടങ്ങുകയും രക്ഷിച്ചുകൊണ്ടു വരുന്ന കുട്ടികള്‍ക്കു വേണ്ട ചികിത്സയും ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും കുഞ്ഞുങ്ങളുടെ പുതിയ വിശേഷത്തെക്കുറിച്ചുമെല്ലാം ലോവനും ഭര്‍ത്താവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ 12 വയസുകാരനായ ഹോപ്പിന്റെ മോഹങ്ങളും അവര്‍ ലോകത്തിന് പങ്കുവെക്കുകയാണ്.