കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനില ഉയരുകയെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ കിണറുകൾ വറ്റി വരളുകയാണ്. ഇതോടെ ജലക്ഷാമവും രൂക്ഷമായി. വാട്ടർ അഥോറിറ്റിയാകട്ടേ ഗ്രാമ മേഖലയിൽ കുടിവെള്ളം കൃത്യമായി എത്തിക്കുന്നതുമില്ല.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേനൽ മഴ പെയ്യാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. മഴ വന്നില്ലെങ്കിൽ കുടിവെള്ള വിതരണവും പ്രതിസന്ധിയിലാകും. വലിയ വരൾച്ചയ്ക്കും അത് വഴിയൊരുക്കും. ഇത് നേരിടാനുള്ള മുന്നൊരുക്കമൊന്നും സർക്കാർ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്.

സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നേരത്തെ തന്നെ കിട്ടിയിരുന്നു. സിഡബ്ല്യു ആർഡിഎമ്മിലെ ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വരും ദിവസങ്ങളിൽ ആവശ്യത്തിനുള്ള മഴ ലഭിച്ചില്ലെങ്കിൽ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വൻ തോതിൽ താഴുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ പല ജില്ലകളിലും ഭൂഗർഭ ജലത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. അന്തരീക്ഷ താപ നില കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന തോതിലാണ്. േെവനൽമഴ ലഭിച്ചില്ലെങ്കിൽ സ്ഥിതി അതിരൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.

മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ ബാധിക്കുമെന്നാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. മഴ ലഭിക്കാതെ വന്നാൽ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജലനിരപ്പ് കുറയുകയും ചെയ്യും. ഭൂഗർഭ ജലനിരപ്പ് താഴ്ന്ന കാസർക്കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ചില സ്ഥലങ്ങളെ ക്രിട്ടിക്കൽ മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജലം ഉപയോഗിക്കുന്നതിൽ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഈ സാഹചര്യത്തെ നേരിടാൻ സംസ്ഥാന സർക്കാർ മുന്നൊരുക്കമൊന്നും നടത്തിയില്ലെന്നതാണ് വസ്തുത. 

ഏപ്രിൽ 16 മുതൽ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം 30 മുതൽ 40 കിമീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഈ മഴയിലാണ് കേരളത്തിന്റെ പ്രതീക്ഷ. തെക്കൻ കേരളത്തേക്കാൾ വടക്കൻ കേരളത്തിലാണ് അതിശക്തമായ ചൂടുള്ളത്. പാലക്കാട് അതീവ ഗൗരവതരമായ സാഹചര്യമാണുള്ളത്, കുടിവെള്ളത്തിന് വേണ്ടി അലയേണ്ട അവസ്ഥയിൽ കേരളം എത്തുമെന്ന ആശങ്ക ശക്തമാണ്. പാടങ്ങൾ വരണ്ടുണങ്ങുകയാണ്. അതും പ്രതിസന്ധിയായി മാറും.

സാധാരണ നിലയിൽ നിന്ന് രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത സാധ്യത നിലനിൽക്കുന്നതായും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ ചൂടിൽ നേരിയ കുറവ് രേഖപ്പെടുത്തി. 40 ഡിഗ്രി സെൽഷ്യസിന് അടുത്ത് രേഖപ്പെടുത്തിയിരുന്ന ചൂട് 38 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വേനൽ മഴയ്ക്കുള്ള സാധ്യതയുള്ളത്. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാൽ പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുകളും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ദുരന്തനിവാരണ അഥോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശങ്ങൾ

പൊതുജനങ്ങൾ പകൽ 11 മണി മുതൽ മൂന്നുമണിവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക.
ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്.
വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തം വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തുകയും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുകയും ക്ലാസ്സ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യണം. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാർത്ഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ പകൽ 11 മണി മുതൽ മൂന്നുമണിവരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ മൂന്നു മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. അവർക്ക് ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യണം.
മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസുകാർക്ക് കുടിവെള്ളം നൽകി നിർജ്ജലീകരണം തടയുവാൻ സഹായിക്കുക.
യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുക.
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ്. ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അഥോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.