ഉത്തമപാളയം (തമിഴ്‌നാട് ): താരാരാധന തലയ്ക്ക് പിടിച്ച സ്ഥലമാണ് തമിഴ്‌നാട്. ഇഷ്ടതാരത്തിന് വേണ്ടി ജീവൻ പോലും വെടിയാൻ തയാറായി നിൽക്കുന്നവരാണ് തമിഴ് മക്കൾ. ഇപ്പോഴിതാ തമിഴ് സൂപ്പർ താരം തല അജിത്തിന്റെ ജന്മ ദിനം ആഘോഷമാക്കി ഹോട്ടലുടമ. താരത്തിന്റെ 52-ാം പിറന്നാൾ ആഘോഷിച്ചത് തന്റെ ഹോട്ടലിൽ പാചകം ചെയ്ത പൊറോട്ടയും ബിരിയാണിയും ഒരു രൂപാ്ക്ക് നല്കിയാണ്.ചിന്നമന്നൂരിൽ വീരം എന്ന പേരിൽ റസ്റ്റോറന്റ് നടത്തുന്ന കാളിദാസ് എന്നയാളാണ് ഈ സാഹസത്തിന് മുതിർന്നത്.

ഒരു രൂപക്ക് ബിരിയാണിയും പൊറോട്ടയും വാങ്ങാൻ ആളുകൾ കൂട്ടമായി എത്തിയതോടെ റസ്റ്റോറന്റിൽ തിരക്കായിരുന്നു. അജിത്തിന്റെ ജന്മദിനമായ മെയ് ഒന്നിന് ജനിച്ച 52 പേർക്ക് കേക്കുകളും വിതരണം ചെയ്തു. കുട്ടികളിലെ കൃഷി ശീലം വളർത്തുന്നതിനായി പച്ചക്കറി വിത്തുകളും നൽകി.

അജിത് നായകനായി അഭിനയിക്കുന്ന തദ്വു എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് സിനിമ കണ്ട് വരുന്നവർക്ക് ഭക്ഷണത്തിന് 50 ശതമാനം കിഴിവും കാളിദാസ് റസ്റ്റോറന്റിൽ നൽകിയിട്ടുണ്ട്. ഇളവ് ലഭിക്കണമെങ്കിൽ സിനിമ ടിക്കറ്റ് കൗണ്ടറിൽ ഏൽപ്പിക്കണമെന്നു മാത്രം.

അജിത്തിന്റെ 61-ാം ചിത്രമായ തുനിവിന്റെ വിജയത്തിനായി റസ്റ്റോറന്റിൽ നിന്നും 61 രൂപയ്ക്ക് മുകളിൽ ഭക്ഷണം കഴിക്കുന്നവർക്ക് സമ്മാന കൂപ്പൺ നല്കിയിരുന്നു. നറുക്കെടുപ്പ് നടത്തി സമ്മാനവും വിതരണം ചെയ്തു. 61 ഇനങ്ങളും സമ്മാനമായി നൽകിയിരുന്നു.