പത്തനംതിട്ട: തിരക്കേറിയ പത്തനംതിട്ട നഗരത്തിൽ ഓടയുടെ സ്ലാബിലെ വിടവിന് ഇടയിൽ വീട്ടമ്മയുടെ കാൽ കുടുങ്ങി. മണിക്കൂറുകളോളം വേദന സഹിച്ച് വെയിലും കൊണ്ട് കിടന്ന വീട്ടമ്മയെ ഒടുവിൽ നിസാര പരുക്കുകളോടെ ഫയർ ഫോഴ്സ് പുറത്തെത്തിച്ചു.

പത്തനംതിട്ട-ഓമല്ലൂർ റോഡിൽ കാതോലിക്കറ്റ് കോളജ് ജങ്ഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. കൊല്ലം ശൂരനാട് സ്വദേശിയായ അമ്പിളി എന്ന വീട്ടമ്മയാണ് നടന്നു പോകുന്ന വഴിയിൽ ഓടയുടെ സ്ലാബിന്റെ വിടവിൽ കാൽ കുടുങ്ങിയത്. ഇത് കണ്ട് നിന്ന് മറ്റ് വഴിയാത്രക്കാർ കാൽ വലിച്ചെടുക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പൊരിവെയിലിൽ കാൽ കുടുങ്ങിയ വേദനയും സഹിച്ച് ഏറെ നേരം അമ്പിളിക്ക് കുത്തിയിരിക്കേണ്ടി വന്നു.

ഫയർഫോഴ്സ് സ്ഥലത്ത് വന്ന് സ്ലാബുയർത്താൻ ശ്രമിച്ചു. ഈ നേരമെല്ലാം യുവതി വേദന കൊണ്ട് പുളയുകയായിരുന്നു. കൊടുംചൂടും വേദനയും ഇവരെ ആകെ തളർത്തി. സ്ലാബ് മുറിച്ചു നീക്കാനുള്ള ശ്രമവും ഏറെ സമയം നീണ്ടു. ഒടുവിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് സ്ലാബ് നീക്കി അമ്പിളിയെ മോചിപ്പിച്ചത്.

പൊരിവെയിലിൽ ഏറെ നേരം സ്ലാബിൽ കാൽ കുടുങ്ങി ആധിയോടെ ഇരിക്കേണ്ടി വന്നെങ്കിലും ചെറിയ മുറിവ് ഒഴിച്ചാൽ വലിയ പരുക്കേൽക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞതിന്റെ സമാധാനത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും സഹായിച്ച യാത്രക്കാർക്കും വ്യാപാരികൾക്കുമെല്ലാം നന്ദി പറഞ് അമ്പിളി മടങ്ങിപ്പോയി. പത്തനംതിട്ട നഗരത്തിൽ അശാസ്ത്രീയമായും അലക്ഷ്യമായും നടപ്പാതകളിൽ സ്ഥാപിച്ച സ്ലാബുകൾ മുൻപും നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.