ബീജിംഗ്: കേരളത്തില്‍ പി.കെ.ശ്രീമതി ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് സംസ്ഥാനത്ത് ചിക്കുന്‍ ഗുനിയ പൊട്ടിപ്പുറപ്പെട്ടത്. ഈ രോഗം കൃത്യമായി കണ്ടെത്താനും പ്രതിരോധിക്കാനും കഴിയാത്തതിന്റ പേരില്‍ മന്ത്രിക്ക് രൂക്ഷമായ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. എന്നാല്‍ ഇപ്പോള്‍ ചിക്കുന്‍ഗുനിയ പണിയാകുന്നത് ചൈനക്കാണ്. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍ ചിക്കുന്‍ഗുനിയ വ്യാപിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ജൂലായ് മുതല്‍ ഇവിടെ 7000-ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതേത്തുടര്‍ന്ന്, കോവിഡ് 19 മഹാമാരിയുടെ കാലത്ത് സ്വീകരിച്ചതിന് സമാനമായ നടപടിക അധികൃതര്‍ സ്വീകരിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് ഫൊഷാന്‍ നഗരത്തിലാണ്. ഇവിടുത്തെ രോഗികളോട് പരിശോധനാഫലം നെഗറ്റീവ് ആകുന്നത് വരെ ആശുപത്രിയില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫോഷാന്‍ കൂടാതെ, മറ്റ് 12 നഗരങ്ങളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച മാത്രം ഏകദേശം 3,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ 1,387് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ചൈനീസ് അധികൃതര്‍ പറഞ്ഞു. കൊതുക് പെരുകുന്ന സ്ഥലങ്ങള്‍ ഉടനടി നശിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ ചില ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും അധികൃതര്‍ പിഴ ചുമത്തിയിട്ടുണ്ട്. ചൈനയില്‍ അപൂര്‍വമായി മാത്രമേ ചിക്കുന്‍ഗുനിയ വ്യാപനം ഇതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഈഡിസ് ഈജിപ്തി-ആല്‍ബോപിക്റ്റസ് കൊതുകുകളാണ് ചിക്കുന്‍ഗുനിയ പരത്തുന്നത്.

പകല്‍ കടിക്കുന്ന ഈ കൊതുകിനെതിരേ അതിരാവിലെയും വൈകുന്നേരവും കൂടുതല്‍ ശ്രദ്ധവേണം. ഡെങ്കി, സിക്ക വൈറസുകളും പടര്‍ത്തുന്നത് ഈ കൊതുകുകളാണ്.കൊതുകുനശീകരണപ്രവൃത്തികള്‍ ഊര്‍ജിതമാക്കുകയും വ്യക്തിഗത സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കുകയുംചെയ്യണം. ആഗോളതലത്തില്‍ ചിക്കുന്‍ഗുനിയ പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇത്തവണ ഇന്ത്യന്‍ മഹാസമുദ്ര ദീപുകളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ദക്ഷിണേന്ത്യയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ഈ വൈറസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് സംഘടന അറിയിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ വിലയിരുത്തല്‍ പ്രകാരം 119 രാജ്യങ്ങളിലെ 5.6 ബില്യണ്‍ ആളുകള്‍ ഇപ്പോള്‍ ഇതിന്റെ ഭീഷണിയിലാണ്. തായ്വാന്‍, ഹോങ്കോംഗ്, യൂറോപ്പ് എന്നിവിടങ്ങളിലും അമേരിക്കയില്‍ യാത്ര ചെയ്തതിലൂടെ ചിലര്‍ക്ക് രോഗം ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ചിക്കന്‍ഗുനിയ ബാധിച്ച് രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച തെയ്വാനിലും ചിക്കുന്‍ഗുനിയ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവര്‍ ചൈനയില്‍ നിന്ന് മടങ്ങിയെത്തിയതിന് തൊട്ടു പിന്നാലെയാണ് രോഗബാധ ഉണ്ടായത്. കൊതുകുകളുടെ കടിയിലൂടെ മാത്രമേ ചിക്കുന്‍ഗുനിയ വൈറസ് പകരുകയുള്ളൂ. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുകയില്ല.