ന്യൂഡൽഹി: ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ-3 ദൗത്യം വിജയകരമായതിനു പിന്നാലെ ഐഎസ്ആർഒയ്ക്കും ഇന്ത്യയ്ക്കും ലോകമെമ്പാടുനിന്നും അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്. പാക്കിസ്ഥാനിൽ നിന്നും വലിയ അഭിനന്ദനങ്ങൾ ഇന്ത്യയെ തേടി എത്തുന്നു. പാക യു ടൂബർമാരാണ് ഇന്ത്യയെ അഭിനന്ദിച്ചു രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യയുടെ നേട്ടത്തിൽ കേക്ക മുറിച്ച് ആഹ്ലാദം പങ്കിടുന്ന വീഡിയോ അടക്കം പാക്കിസ്ഥാനിൽ നിന്നും എത്തിയിട്ടുണ്ട്.

സജ അംജദ് എന്ന യു ടൂബറാണ് ഇന്ത്യയുടെ ചന്ദ്രയാൻ വിജയം കേക്ക് മുറിച്ചുകൊണ്ട് ആഘോഷിച്ചത്. അയൽക്കാരുടെ നേട്ടം വലുതാണെന്നും അവർ വ്യക്തമാക്കുന്നു. ചന്ദ്രനിൽ പേടകം ഇറക്കുന്ന നാലാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യവും. അതുകൊണ്ട് തന്നെ ഇത് വലിയ നേട്ടമാണെന്നാണ് അവർ പറയുന്നത്.

ഇത് കൂടാതെ ഇന്ത്യയുടെ ഈ ചരിത്ര നേട്ടത്തിൽ അയൽരാജ്യമായ പാക്കിസ്ഥാനിൽനിന്നും രാഷ്ട്രീയക്കാരും അഭിനന്ദിച്ചിട്ടുണ്ട്. ഇമ്രാൻ ഖാൻ സർക്കാരിൽ മന്ത്രിയായിരുന്ന ഫവാദ് ചൗധരി ഉൾപ്പെടെയുള്ളവരാണ് ഇന്ത്യയുടെ നേട്ടത്തെ പ്രശംസിച്ചത്. ചന്ദ്രയാൻ-3 ലാൻഡിങ്ങിനു മുൻപ് ദേശീയ ടെലിവിഷനിൽ ഇതു തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഫവാദ് ചൗധരി പാക്കിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പാക്കിസ്ഥാനിലെ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കു വഴിവച്ചു.

ചന്ദ്രയാൻ -3 ന്റെ ലാൻഡിങ് ടെലിവിഷൻ ചെയ്യണമോ എന്നതിനെക്കുറിച്ചു പൊതുജനാഭിപ്രായം ശേഖരിക്കുന്ന യുട്യൂബറുടെ വിഡിയോ വൈറലാകുകയും ചെയ്തു. പാക്കിസ്ഥാൻ യുട്ഊബർ സൊഹൈബ് ചൗധരിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. പാക്കിസ്ഥാനിൽ ജീവിക്കുന്നത് ചന്ദ്രനിൽ ജീവിക്കുന്നതു പോലെ തന്നെയാണെന്നുള്ള ഒരാളുടെ പ്രതികരമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.

വെള്ളം, എൽപിജി, വൈദ്യുതി തുടങ്ങിയ വസ്തുക്കൾ ചന്ദ്രനിൽ ഇല്ലാത്ത പോലെ പാക്കിസ്ഥാനിൽ ഇല്ലെന്നും അദ്ദേഹം പറയുന്നു. സമാനമായ സാഹചര്യം സ്വന്തം രാജ്യത്ത് അനുഭവപ്പെടുന്നതിനാൽ ചന്ദ്രനിലേക്കു പോകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം തമാശയായി പറയുന്നു.