തിരുവനന്തപുരം: സ്വന്തം നിയോജക മണ്ഡലമായ വേങ്ങരയിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ഒതുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വേങ്ങരയിൽ ഒരു പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ മുൻ കൈ എടുത്തയാളാണ് കുഞ്ഞാലിക്കുട്ടി.കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കെ ആണ് വേങ്ങരയിൽ പൊലീസ് സ്റ്റേഷനു വേണ്ടി മൃഗസംരക്ഷണ വകുപ്പിനെ കൊണ്ട് 25 സെന്റ് സ്ഥലം അനുവദിപ്പിച്ചത്. കെ എൻ എ ഖാദർ സ്ഥലം എം എൽ എ ആയിരുന്ന സമയത്ത് ആസ്തി വികസന ഫണ്ടിൽ നിന്ന് പൊലീസ് സ്റ്റേഷൻ പണിക്ക് ആയി രണ്ടരക്കോടി രൂപ അനുവദിച്ചു. ഈ തുക ചെലവിട്ട് ആണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

കാലം കടന്നുപോയി. കെട്ടിടം പണി പൂർത്തിയായി. കഴിഞ്ഞ മാസം 20 ന് പൊലീസ് സ്റ്റേഷൻ ഉദ്ഘാടനവും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാനായി തീരുമാനിച്ചത്. വേങ്ങരയിൽ നടക്കുന്ന പൊതു ചടങ്ങിൽ ആദ്യം അധ്യക്ഷനായി നിശ്ചയിച്ചിരുന്നത് സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ ആയിരുന്നു. മന്ത്രി ആയിരിക്കെ അദ്ദേഹം മുൻ കൈ എടുത്തതു കൊണ്ടാണ് വേങ്ങരയിൽ സ്റ്റേഷൻ വന്നത്. ആ കാരണം കൊണ്ടു തന്നെ താൻ തന്നെയാവും അധ്യക്ഷനെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പിച്ചതുമാണ്.

എന്നാൽ അവസാന ഘട്ടമായപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞു. ഉദ്ഘാടന ചടങ്ങിന്റെ ഔദ്യോഗിക നോട്ടീസ് ഇറങ്ങിയപ്പോൾ അധ്യക്ഷൻ വഖഫ് മന്ത്രി വി.അബ്ദുറഹ്മാൻ. കുഞ്ഞാലിക്കുട്ടി ഞെട്ടി. മുഖ്യമന്ത്രി പണി തന്നതാണെന്ന് ഉറപ്പിച്ചു. ചടങ്ങിൽ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനം പൊലീസുകാരുടെ കൂടെ അതിഥിയായിട്ട്. വേദിയിൽ ഒതുക്കിയിരുത്താൻ പറ്റുന്നതിന്റെ പരമാവധി ഒതുക്കി കുഞ്ഞാലിക്കുട്ടിയെ. ഇപ്പോൾ അദ്ദേഹം ഒരു സാധാരണ എം എൽ എ ആണല്ലോ. മന്ത്രി സ്ഥാനം പോയില്ലേ.

കുഞ്ഞാലിക്കുട്ടി രോഷാകുലനായി. വേദിയിൽ മെച്ചപ്പെട്ട പരിഗണന വേണമെന്ന് സംഘാടകരോട് കുഞ്ഞാലിക്കുട്ടി ആവശ്യപെട്ടു. എന്നാൽ അക്കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കാനായിരുന്നു നിർദ്ദേശം. എന്നാൽ ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാൻ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. ചിലയാളുകൾ വഴി മുഖ്യമന്ത്രിയോട് കാര്യങ്ങൾ സൂചിപ്പിച്ചു. എന്നാൽ പിണറായി വഴങ്ങിയില്ല.

അതോടെ മറ്റ് മാർഗങ്ങൾ തേടാനായി കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം. വേദിയിൽ പ്രതിഷേധിക്കാം എന്ന് അണികളുടെ നിർദ്ദേശം. എന്നാൽ ഇത് മുസ്ലിം ലീഗിന്റെ ഔദ്യോഗിക തീരുമാനമാക്കി മാറ്റി പ്രവർത്തകരെ അറിയിക്കാൻ കുഞ്ഞാലിക്കുട്ടി മെനക്കെട്ടില്ല. രഹസ്യമായി പ്രതിഷേധം അസൂത്രണം ചെയ്തു. അങ്ങനെ പൊലീസ് സ്റ്റേഷൻ ഉദ്ഘാടന ദിവസം പത്തമ്പത് ലീഗ് പ്രവർത്തകർ ചടങ്ങിൽ പ്രതിഷേധിക്കാനെത്തി. ചടങ്ങിനെത്തിയപ്പോഴാണ് പ്രതിഷേധം മുസ്ലിം ലീഗിന്റെ ഔദ്യോഗിക തീരുമാനമല്ലെന്ന് പ്രവർത്തകർ മനസ്സിലാക്കിയത്. അതോടെ അവർ പിൻവലിഞ്ഞു. കുഞ്ഞാലിക്കുട്ടി ഒറ്റപെട്ടു. മുഖ്യമന്ത്രി ഓൺലൈനായാണ് സ്റ്റേഷൻ ഉദ്ഘാടനം നിർവഹിച്ചത്. കുഞ്ഞാലിക്കുട്ടി ചടങ്ങിൽ ഒരു ഭാഗത്തായി ചെന്നിരുന്നു. ഇടയ്ക്ക് മൈക്ക് കിട്ടിയപ്പോൾ രണ്ട് വാക്ക് സംസാരിച്ചു. അപ്പോൾ തന്നെ വേദി വിട്ടു.

മുസ്ലിം ലീഗിലെ കിരീടം വയ്ക്കാത്ത രാജാവാണ് പി.കെ.കുഞ്ഞാലിക്കുട്ടി . ആ കുഞ്ഞാലിക്കുട്ടിയെയാണ് സ്വന്തം നിയോജക മണ്ഡലത്തിൽ പിണറായി വിജയൻ പരമാവധി ഒതുക്കിയത്. മുസ്ലിം ലീഗിന്റെ നേതാക്കളെ ഇടിച്ചു താഴ്‌ത്തി അവിടെ സ്വാധീനം ഉറപ്പിക്കുന്ന പിണറായി വിജയന്റെ തന്ത്രത്തിനു മുന്നിൽ കുഞ്ഞാപ്പ നാണംകെട്ടുവെന്നാണ് അണികൾ അടക്കം പറയുന്നത്.