തിരുവനന്തപുരം: യു.എന്‍ ഹാബിറ്റാറ്റ് ഷാംഗ്ഹായ് ഗ്ലോബല്‍ അവാര്‍ഡ് 2024 തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഏറ്റുവാങ്ങിയത് കഴിഞ്ഞ ദിവസമാണ്. സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമെന്ന നിലയിലാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ ഭരിക്കുന്ന തലസ്ഥാന നഗരസഭയ്ക്ക് പുരസ്‌ക്കാരം ലഭിച്ചത്. ഇത് വാര്‍ത്തയായി എത്തിയതോടെ അത്ഭുതപ്പെട്ടത് തലസ്ഥാന വാസികള്‍ തന്നെയായിരുന്നു. കാരണം സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പേരില്‍ നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുകയാണ് നഗരത്തിലെ റോഡുകള്‍ എല്ലാം തന്നെ. മേയര്‍ ആര്യയാകട്ടെ വിവാദങ്ങള്‍ക്ക് നടുവിലുമാണ്. ഇതിനിടെയാണ് പുരസ്‌ക്കാര നേട്ടം.

സുസ്ഥിര വികസനത്തിനുള്ള ആഗോള പുരസ്‌കാരമാണ് ഹാബിറ്റാറ്റ് ഷാംഗ്ഹായ് അവാര്‍ഡ്. 2023മുതല്‍ നല്‍കി വരുന്ന പുരസ്‌ക്കാരമാണ്. ഇത് ഈ പുരസ്‌ക്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ നഗരമാണ് തിരുവനന്തപുരം ആണെന്നത് വസ്തുത തന്നെയാണ്. ഇക്കാര്യം മറുനാടന്റെ അന്വേഷണത്തിലും സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു നഗരങ്ങളാണ് ഇത്തവണ ഷാംഗ്ഹായ് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. 28 നഗരങ്ങളില്‍ നിന്നും അപേക്ഷിച്ച നഗരങ്ങളില്‍ നിന്നാണ് സുസ്ഥിര വികസനമെന്ന നിലയിലുള്ള പുരസ്‌ക്കാരം തിരുവനന്തപുരത്തിന് എത്തിയത്.

ഈ പുരസ്‌ക്കാരത്തില്‍ നിര്‍ണായകമായത് നഗരം അപേക്ഷിച്ചു ലഭിച്ച പുരസ്‌ക്കാരമാണ് എന്നതു തന്നെയാണ്. തിരുവനന്തപുരം നഗരത്തില്‍ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പുരസ്‌ക്കാരം ലഭിച്ചത്. ഇവിടെ നഗരത്തിന്റെ ഭരണകര്‍ത്താവിന്റെ പ്രായവും പ്രത്യേകം പരിഗണിക്കപ്പെട്ടു. അതാണ് മേയര്‍ ആര്യയെ തേടി പുരസ്‌ക്കാരം എത്താന്‍ ഇടയാക്കിയതും. ഇന്ത്യയില്‍ നിന്നും പുരസ്‌ക്കാരത്തിന് അപേക്ഷിച്ചത് തിരുവനന്തപുരം നഗരം മാത്രമായിരുന്നു. ഇതും പുരസ്‌ക്കാരം എളുപ്പം കിട്ടാന്‍ ഇടയാക്കി.


ഈജിപ്തിലെ അലക്സാണ്ട്രിയയില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സ്മാര്‍ട്ട്‌സിറ്റി സിഇഒ രാഹുല്‍ ശര്‍മയും അവാര്‍ഡ് ഏറ്റുവാങ്ങിയിട്ടുണ്ട്. ബ്രിസ്‌ബെയിന്‍ (ഓസ്‌ട്രേലിയ), സാല്‍വഡോര്‍ (ബ്രസീല്‍) പോലെയുള്ള നഗരങ്ങളാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം നേടിയത്. സുസ്ഥിര വികസനം, അവസരങ്ങള്‍,വെല്ലുവിളികള്‍, റിസോഴ്‌സസ്, എന്നീ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്. ഇതില്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള അപേക്ഷയായി എന്നതാണ് മേയര്‍ ആര്യ രാജേന്ദ്രന് തുണയായി മാറിയത്.

17000 കിലോവാട്ട് സോളാര്‍ പാനല്‍, 2000 സോളാര്‍ തെരുവ് വിളക്കുകള്‍, എല്ലാ തെരുവ് വിളക്കുകളും എല്‍.ഇ.ഡി ലൈറ്റാക്കല്‍, പൊതുഗതാഗത സൗകര്യത്തിനായി 115 ഇലക്ട്രിക ബസുകള്‍, തൊഴില്‍ രഹിതര്‍ക്കായി 100 ഇലക്ട്രിക്കല്‍ ഓട്ടോ, 35 ഇലക്ട്രിക് സ്‌കൂട്ടര്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അവകാശപ്പെട്ടത്.

മൊറാക്കോയിലെ അഗദിയര്‍, മെക്‌സിക്കോയിലെ ഇസ്തപലപ്പ, ആസ്ട്രേലിയയിലെ മെല്‍ബണ്‍,ദോഹ എന്നീ നഗരങ്ങളാണ് രണ്ടാമത് ഷാംഗ്ഹായ് ഗ്ലോബല്‍ അവാര്‍ഡിലേക്ക് തിരഞ്ഞെടുത്തത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ കോര്‍പ്പറേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങിയ ശേഷം ആര്യാരാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും നഗരസഭയിലെ ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ തിരുവനന്തപുരം നഗരസഭയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയിട്ടുള്ള സംസ്ഥാന സര്‍ക്കാരിനും തദ്ദേശസ്വയം ഭരണ വകുപ്പിന് നന്ദി രേഖപെടുത്തുന്നുവെന്നും മേയര്‍ പ്രതികരിക്കുയുണ്ടായി.

തദ്ദേശ തിരഞ്ഞെടുപ്പു കൂടി അടുത്ത പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ പുരസ്‌ക്കാരങ്ങള്‍ തലസ്ഥാനത്ത് എത്തിക്കാന്‍ വേണ്ട ശ്രമങ്ങളും ഊര്‍ജ്ജിതമാണ്. ലോകത്തിന്റെ വിവിധ കോണിലുള്ള മുന്‍ എസ്എഫ്‌ഐക്കാര്‍ അടക്കമുള്ളവരാണ് ഇക്കാര്യത്തില്‍ സഖാക്കളെ സഹായിക്കാനുള്ളത്. ദോഹയ്ക്കും മെല്‍ബണുമൊപ്പം യുഎന്‍ പുരസ്‌ക്കാരം ലഭിച്ച നഗരമെന്ന കാര്യം ചൂണ്ടിക്കാട്ടിയാകും അടുത്ത ഘട്ടത്തില്‍ സിപിഎം തിരുവനന്തപുരത്തെ പ്രപചരണം കൊഴുപ്പിക്കുക.