പാലക്കാട്: പാലക്കാട് കോട്ടമൈതാനിയില്‍ നടക്കുന്ന റാപ്പര്‍ വേടന്റെ പരിപാടിയില്‍ വന്‍തിരക്ക്. തിരക്ക് നിയന്ത്രണാതീതമായതോടെ പോലിസ് ലാത്തി വീശി. തുടര്‍ന്നുണ്ടായ തിക്കുംതിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. കുഴഞ്ഞു വീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നതോടെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘാടകര്‍ക്കെതിരെയും പോലിസ് ലാത്തി വീശി. പരിപാടിക്കിടെ സംഘാടകരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയതോടെ മൂന്ന് പാട്ട് പാടി പരിപാടി അവസാനിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതിപട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായാണ് പരിപാടി. സൗജന്യമായിട്ടായിരുന്നു പ്രവേശനം. വന്‍ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം വൈകിട്ട് 6 മണിയോടെ അവസാനിക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് വലിയ തോതില്‍ തിക്കും തിരക്കുമുണ്ടായത്.

ഇത് മൂന്നാം വട്ടമാണ് വേടന്‍ പാലക്കാട്ടേക്ക് എത്തുന്നത്. അതിനാല്‍ 'മൂന്നാംവരവ് 3.0' എന്ന പേരിലാണ് സംഗീത പരിപാടി. 10,000ത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലാണ് സജ്ജീകരണങ്ങള്‍. തുറന്ന വേദിയില്‍ നടക്കുന്ന പരിപാടി എല്ലാവര്‍ക്കും കാണാന്‍ നാല് വലിയ എല്‍ഇഡി സ്‌ക്രീനുകളിലും പ്രദര്‍ശിപ്പിക്കും. ഇന്ന് രാവിലെ പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയിലും വേടന്‍ പങ്കെടുത്തിരുന്നു. വേടനെ സ്വാഗതം ചെയ്താണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കിളിമാനൂരിലെ പരിപാടിയും റദ്ദാക്കിയിരുന്നു. ഈ മാസം 9ന് കിളിമാനൂരില്‍ ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ച് നടത്താനിരുന്ന പരിപാടിയും റദ്ദ് ചെയ്യേണ്ടി വരികയായിരുന്നു. സുരക്ഷാക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി റദ്ദ് ചെയ്തത്. പരിപാടി കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയിരുന്നത്. പൊലീസിന് റോഡിലെയും, പരിപാടി നടന്ന വയലിലെയും തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ പോയതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. ആളുകള്‍ തിങ്ങി എത്തിയതോടെ പരിപാടിയില്‍ എത്തിയ പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.