തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം. നിരവധി ബൈക്കുകള്‍ കത്തിനശിച്ചു. രണ്ടാം പ്ലാറ്റ്‌ഫോമിനടുത്തുള്ള ബൈക്ക് ഷെഡ്ഡിനടുത്താണ് തീ പടര്‍ന്നത്. 600 ലധികം ബൈക്കുകള്‍ കത്തിനശിച്ചതായാണ് വിവരം. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നതിനായി സയന്റിഫിക് വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കും. ഈ അപകടം സമീപകാലത്ത് തൃശൂര്‍ നഗരത്തിലുണ്ടായ ഏറ്റവും വലിയ തീപിടിത്തങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

രണ്ട് ബൈക്കുകള്‍ക്ക് മാത്രമാണ് ആദ്യം തീപിടിച്ചത്. അത് തുടക്കത്തില്‍ അണക്കാമായിരുന്നു. എന്നാല്‍ ഫയര്‍ എഞ്ചിന്‍ വരുന്നത് വരെ കാത്തുനിന്നതിനാലാണ് ഇത്രയധികം ബൈക്കുകള്‍ക്ക് തീപിടിച്ചതെന്ന് ദൃക്‌സാക്ഷിയായ യാത്രക്കാരന്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ തീ അണയ്ക്കുന്നതിനുള്ള സംവിധാനങ്ങനള്‍ ഇല്ലാതിരുന്നതാണ് വലിയതോതില്‍ ബൈക്കുകള്‍ കത്തിയത്. ബൈക്കുകളില്‍ ഇന്ധനമായതിനാല്‍ തന്നെ മറ്റ് വാഹനങ്ങളിലേക്കും വളരെ പെട്ടെന്ന് തീ പടരുകയായിരുന്നു. വലിയ രീതിയിലാണ് തീ ആളിക്കത്തിയത്. ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ കൂടുതല്‍ എത്തിച്ചു. സമീപത്തേക്ക് തീ പടരാതിരിക്കാനായുള്ള ശ്രമവും പൊലീസ് സ്വീകരിക്കുകയാണ്. സമീപകാലത്ത് തൃശൂരൂണ്ടായ ഏറ്റവും വലിയ തീപിടിത്തമായാണ് ഇത് വിലയിരുത്തുന്നത്.

നിര്‍ത്തിയിട്ട ട്രെയിന്റെ എഞ്ചിനിലേക്കും തീ പടര്‍ന്നു. വിവിധ സ്റ്റേഷനില്‍ നിന്നുമുള്ള ഫയര്‍ ഫോഴ്‌സ് സംഘമാണ് തീ അണക്കാന്‍ എത്തിയത് വലിയ തീപിടിത്തമുണ്ടായിട്ടും നിറയെ ആളുകള്‍ നിരന്തരം എത്തുന്ന സ്റ്റേഷനായിട്ടും ഒരാള്‍ക്ക് പോലും അപകുണ്ടായില്ല എന്നതും വലിയ നേട്ടമാണ്. ട്രെയിന്‍ ഗതാഗതത്തെ ഒരുതരത്തിലും ബാധിക്കാത്തതും യാത്രക്കാര്‍ക്ക് ആശ്വാസമായി. അതിനിടെ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി കെ രാജന്‍ രംഗത്തു വന്നു. സിറ്റി പൊലീസ് കമ്മീഷണറോടാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഫോറന്‍സിക് സംഘത്തെ ഉള്‍പ്പെടെ എത്തിച്ച് പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. അപകടത്തിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെ ഏകദേശം 6:30 ഓടെയാണ് പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വന്‍ തീപിടിത്തമായിരുന്നിട്ടും ആര്‍ക്കും പരിക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല എന്നത് വലിയ ആശ്വാസമാണ്. പാര്‍ക്കിംഗ് ഏരിയയിലുണ്ടായിരുന്ന 600-ഓളം ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ചിരുന്ന പാര്‍ക്കിംഗ് ഷെഡ് പൂര്‍ണ്ണമായും കത്തി അമര്‍ന്നു. അപകടം പ്ലാറ്റ്ഫോമിന് സമീപമാണെങ്കിലും ട്രെയിന്‍ ഗതാഗതത്തെ ഇത് ബാധിച്ചിട്ടില്ല. എന്നാല്‍ പ്ലാറ്റ്ഫോമിനടുത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു റെയില്‍വേ എഞ്ചിനിലേക്ക് തീ പടരുകയും ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എങ്കിലും, റെയില്‍വേ ലൈനിന് മുകളില്‍ നിന്ന് ബൈക്കുകള്‍ക്ക് മുകളിലേക്ക് തീപ്പൊരി വീണതാകാം അപകടകാരണമെന്ന് പാര്‍ക്കിംഗ് ജീവനക്കാര്‍ സംശയം പ്രകടിപ്പിക്കുന്നു. റെയില്‍വേ ലൈനിന് മുകളില്‍ നിന്ന് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളിലൊന്നിലേക്ക് തീപ്പൊരി വീണതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍.

ആദ്യം രണ്ട് ബൈക്കുകളില്‍ തുടങ്ങിയ തീ, വാഹനങ്ങളിലെ ഇന്ധനം കൂടി പടര്‍ന്നതോടെ നിമിഷനേരം കൊണ്ട് ഷെഡ് ആകെ വിഴുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഷെഡിന് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞതും മരങ്ങളിലേക്ക് തീ പടര്‍ന്നതും സ്ഥിതി ഗുരുതരമാക്കി. പാര്‍ക്കിംഗ് കേന്ദ്രത്തിലുണ്ടായിരുന്ന രണ്ട് വനിതാ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഞ്ചു യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സാധാരണ പ്രവൃത്തിദിവസങ്ങളില്‍ ആയിരത്തിലധികം വാഹനങ്ങള്‍ ഉണ്ടാകാറുള്ള ഇവിടെ, ഞായറാഴ്ചയായതിനാല്‍ തിരക്ക് കുറഞ്ഞത് നാശനഷ്ടങ്ങളുടെ ആക്കം കുറച്ചു. ഇതിനൊപ്പമാണ് അട്ടിമറി സംശയങ്ങളും.