- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിക്കൊമ്പനെ തൊട്ടറിഞ്ഞ ആദ്യ വ്യക്തി; കുങ്കിയാന ആനമല കലീമിന്റെ പുറത്തു നിന്നാണ് അന്നു ഹുസൈൻ സാഹസികമായി അരിക്കൊമ്പന്റെ പുറത്തേക്കു ചാടിക്കയറി; പക്ഷേ 2017ൽ ഒന്നും നടന്നില്ല; ഇപ്പോൾ അരുൺ സക്കറിയ കീഴടക്കുമ്പോൾ അത് 'മലയാളിയുടെ സ്റ്റീവ് ഇർവിനുള്ള' സ്മരാണാഞ്ജലി; ചിന്നക്കനാലിൽ നിറച്ചത് ഹുസൈൻ കൽപ്പൂരിന്റെ ഓർമ്മകൾ
ചിന്നക്കനാൽ: ആറു വർഷം മുൻപ് തന്റെ മയക്കുവെടിയേറ്റിട്ടും പിടികൊടുക്കാതെ കടന്നുകളഞ്ഞ അരിക്കൊമ്പൻ. 2017 സെപ്റ്റംബറിൽ തൃശൂർ പാലപ്പിള്ളിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകളെ കുങ്കിയാനകളെ ഉപയോഗിച്ചു തുരത്തുന്നതിനിടെ ഹുസൈൻ കൽപൂർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. 2017ൽ ഡോ. അരുൺ സഖറിയ അരിക്കൊമ്പനെ മയക്കുവെടി വച്ചപ്പോൾ അരിക്കൊമ്പന്റെ പുറത്തുകയറി റേഡിയോ കോളർ ഘടിപ്പിക്കാൻ ശ്രമിച്ചതു ഹുസൈനായിരുന്നു. ഓപ്പറേഷൻ അരിക്കൊമ്പൻ വിജയകരമായി പൂർത്തിയാകുമ്പോൾ അതു വയനാട് റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) സംഘത്തിലെ വെറ്ററിനറി സ്‌ക്വാഡിലുണ്ടായിരുന്ന താൽക്കാലിക ജീവനക്കാരൻ ഹുസൈൻ കൽപൂരിനുള്ള സ്മരണാഞ്ജലി ആയി. മരണത്തെ മുഖാമുഖം കാണുന്ന തൊഴിലെന്നറിഞ്ഞിട്ടും തന്റെ പാഷൻ മുറുകെപ്പിടിച്ച ഹുസൈൻ, ജീവിതത്തിലെന്ന പോലെ മരണത്തിലും ക്രോകോഡയ്ൽ ഹണ്ടർ സ്റ്റീവ് ഇർവിനെ ഓർമ്മിപ്പിച്ചുവെന്ന് വനംവകുപ്പിലെ പ്രമുഖർ പോലും വിലയിരുത്തിയ വ്യക്തിത്വമായിരുന്നു ഹുസൈൻ.
ഡോ. അരുൺ സക്കറിയയ്ക്കു മുൻപിൽ കീഴടങ്ങി. ഓപ്പറേഷൻ അരിക്കൊമ്പൻ ആദ്യ ദിനം ലക്ഷ്യം കണ്ടില്ലെങ്കിലും, 24 മണിക്കൂറിനുള്ളിൽ അരിക്കൊമ്പനെ കെട്ടുകെട്ടിച്ചതിനു പിന്നിൽ ഈ ചീഫ് വെറ്ററിനറി സർജന്റെ മിടുക്കു നിർണ്ണായകമായി. ജനുവരിയിൽ വയനാട്ടിലെ ബത്തേരിയിലിറങ്ങിയ പിഎം2 എന്ന ആനയെയും ജനുവരി 22നു പാലക്കാട് പി.ടി. സെവൻ എന്ന കൊമ്പനെയും പിടികൂടി കൂട്ടിലടച്ചതായിരുന്നു അരുൺ സക്കറിയയുടെ ഈ വർഷത്തെ പ്രധാന കാട്ടാന ദൗത്യങ്ങൾ. കോഴിക്കോട് മുക്കത്തിനടുത്ത് മണാശേരി സ്വദേശിയായ അരുൺ വയനാടിലെ മുത്തങ്ങയിൽ നിന്നാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അസിസ്റ്റന്റ് വെറ്ററിനറി ഓഫിസറായാണു തുടക്കം. കേരള അഗ്രികൾചർ സർവകലാശാലയിലെ കോളജ് ഓഫ് ഫോറസ്ട്രി, ലണ്ടൻ വെറ്ററിനറി കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കഴിഞ്ഞ 23 വർഷമായി ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്നു. വനങ്ങളോടും വന്യജീവികളോടുമുള്ള ഇഷ്ടം കൊണ്ടാണ് ഈ രംഗത്തെത്തിയത്. സക്കറിയുടെ പ്രിയ കൂട്ടുകാരനായിരുന്നു ഹുസൈൻ കൽപ്പൂർ.
അരിക്കൊമ്പനെ തൊട്ടറിഞ്ഞ ആദ്യ വ്യക്തിയാണ് ഹുസൈൻ. കുങ്കിയാന ആനമല കലീമിന്റെ പുറത്തു നിന്നാണ് അന്നു ഹുസൈൻ സാഹസികമായി അരിക്കൊമ്പന്റെ പുറത്തേക്കു ചാടിക്കയറിയത്. കോളറിടാനുള്ള ശ്രമം അര മണിക്കൂറോളം നീണ്ടു. ഇതിനിടെ കൊമ്പൻ കുടഞ്ഞു താഴെയിടാൻ ശ്രമിച്ചു. റേഡിയോ കോളറും തെറിപ്പിച്ചു കളഞ്ഞു. ജീവൻ അപകടത്തിലാകുമെന്ന സ്ഥിതിയായതോടെ കലീമിന്റെ പുറത്തേക്കു തിരിച്ചുചാടി രക്ഷപ്പെട്ടു. പിന്നീട് തൃശൂർ വരന്തരപ്പിള്ളി കള്ളായിയിൽ ഒറ്റയാന്റെ ആക്രമണത്തിലാണ് വനംവകുപ്പ് വാച്ചർ വിടവാങ്ങിയത്.
കെ.ടി. ഹുസൈൻ എന്ന ഹുസൈൻ കൽപ്പൂരിന്റെ മരണം സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. കാടിനോടും വനമൃഗങ്ങളോടുമുള്ള ഒടുങ്ങാത്ത അഭിനിവേശമായിരുന്നു ഹുസൈനെ വനംവകുപ്പിലെ താത്കാലിക ജീവനക്കാരനിലേക്കെത്തിച്ചത്. മുക്കം സ്വദേശിയായ ഹുസൈനെ തുച്ഛമായ ശമ്പളത്തിന് വയനാട്ടിൽ താത്കാലിക ജോലിയിൽ തുടരാൻ പ്രേരിപ്പിച്ചതും കാടിനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു. വന്യമൃഗങ്ങളെ മയക്കുവെടിവെക്കുന്നതിലും കെണിയിലകപ്പെടുന്ന മൃഗങ്ങളെ രക്ഷിക്കുന്നതിലുമെല്ലാം വൈദഗ്ധ്യമുള്ള ഹുസൈൻ മികച്ച സേവനത്തിലൂടെ വനംവകുപ്പിനുള്ളിലും പുറത്തും പേരെടുത്തിരുന്നു.
പാലപ്പിള്ളി വനമേഖലയിൽ തോട്ടം തൊഴിലാളികൾക്കും നാട്ടുകാർക്കും ശല്യമായ കാട്ടാനകളെ തുരത്താൻ വയനാട്ടിൽ നിന്ന് കുങ്കിയാനകൾക്കൊപ്പം എത്തിയ റാപ്പിഡ് റെസ്പോൺസ് ടീം വോളന്റിയറായിരുന്നു ഹുസൈൻ. കാട്ടാനകളെ കണ്ടെത്തി ഉൾവനത്തിലേക്ക് കയറ്റിവിടാനാണ് മുത്തങ്ങ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ എത്തിച്ചത്. ജനവാസമേഖലയോട് ചേർന്ന വനത്തിൽ കുങ്കിയാനകളും ആർ.ആർ.ടി അംഗങ്ങളും പാലപ്പിള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പ്രേം ഷമീറിന്റെ നേതൃത്വത്തിലുള്ള വനപാലകരും തെരച്ചിൽ നടത്തി. ഉച്ചകഴിഞ്ഞതോടെ തെരച്ചിൽ മതിയാക്കി കുങ്കിയാനകളെ പാർപ്പിച്ചിരുന്ന പത്തായപ്പാറയിലേക്ക് മടങ്ങി. ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കള്ളായിയിൽ കാട്ടാന ഉണ്ടെന്നറിഞ്ഞ് കുങ്കിയാനകളുമായി എത്തിയപ്പോഴായിരുന്നു ആക്രമണം.
ആർ.ആർ.ടി അംഗങ്ങൾ ഓടിരക്ഷപ്പെടാൻ ഒരുങ്ങിയപ്പോഴാണ് ഹുസൈന് തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റത്. തെറിച്ചുവീണ ഹുസൈനെ ആന കുത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറി. പിന്നീട് ആന കാലുകൊണ്ട് തട്ടി. അത് മരണത്തിലേക്കുള്ള വഴിയുമായി. അരിക്കൊമ്പന്റെ രണ്ടാം ദൗത്യത്തിലും ഈ സാഹസികന്റെ ഓർമ്മകളാണ് ദൗത്യ സംഘത്തിനൊപ്പം നിറഞ്ഞത്. ഇപ്പോഴത്തെ ദൗത്യസംഘത്തിലുള്ള വിക്രം (വടക്കനാട് കൊമ്പൻ) കാട്ടാനയായിരിക്കെ, വയനാട്ടിലെ ജനവാസ മേഖലകളിൽ നാശം വിതച്ചിരുന്നപ്പോൾ മയക്കുവെടി വച്ച ശേഷം പുറത്തു കയറി റേഡിയോ കോളർ ഘടിപ്പിച്ചതും ഹുസൈനായിരുന്നു.
ഒരിക്കൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി ശല്യം ചെയ്ത ആനയെപടക്കം എറിഞ്ഞു പേടിപ്പിച്ച് ഓടിക്കുന്നതിനിടയിൽ പടക്കം കൈയിൽ നിന്ന് പൊട്ടിഹുസൈന് പരിക്കേറ്റിരുന്നു. താമരശ്ശേരി ആർ.ആർ.ടി.യിലായിരുന്ന ഹുസൈൻ 2016-ലാണ് വയനാട്ടിൽ ജോലിക്കെത്തുന്നത്. അന്നുമുതൽ, മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ പതിവായ വയനാടിന്റെ എല്ലാമേഖലകളിലും ഹുസൈൻ സേവനത്തിനെത്തിയിട്ടുണ്ട്. കർണാടക, തമിഴ്‌നാട് വനംവകുപ്പുകൾ നടത്തിയിട്ടുള്ള ദൗത്യങ്ങളിലും ഹുസൈൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ