കൊച്ചി: നയതന്ത്ര ഇടപെടലുകളൊന്നും ഫലം കാണാതെ വന്നതോടെ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസില്‍് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയിരുന്നു. ഇത് നിമിഷപ്രിയയുടെ കുടുംബത്തിനെയും കേരളത്തെയും നിരാശയിലാക്കിയിരിക്കുകയാണ്. പുറത്തുവന്ന വാര്‍ത്ത വിദേശ കാര്യമന്ത്രാലയം ശരിവച്ചെങ്കിലും നിമിഷപ്രിയയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് കേരളം. അതേ സമയം അമ്മ ശിക്ഷാനടപടികളില്‍ നിന്നും ഒഴിവായി നാട്ടില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരാളുണ്ട് ആ വീട്ടില്‍. അവരുടെ പതിമൂന്നുകാരിയായ മകള്‍.

അമ്മയ്ക്ക് യെമന്‍ ഭരണകൂടം മാപ്പ് നല്‍കുമെന്നും ഇന്ത്യയുടെയും യെമന്റെയും സഹായത്തോടെ നിമിഷപ്രിയ തിരികെ നാട്ടിലെത്തി ഒരുമിച്ച് ജീവിക്കാന്‍ കഴിയുമെന്നാണ് മകള്‍ ഉറച്ച് വിശ്വസിക്കുന്നത്.തിങ്കളാഴ്ചയാണ് യെമന്‍ പ്രസിഡന്റ് റാഷദ് അല്‍ അലിമി നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചത്. ഇതുമായി ബന്ധപ്പെട്ട് നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് ഒരു ദേശീയമാദ്ധ്യമത്തോട് പ്രതികരിക്കുകയുണ്ടായി.കഴിഞ്ഞ ഏഴ് വര്‍ഷമായി നിമിഷയ്ക്ക് മോചനം ലഭിക്കുന്നതിനായി ഞങ്ങള്‍ നിയമപരമായി ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

'നിമിഷപ്രിയ ജയിലിലാകാന്‍ ഇടയായ സംഭവം നടക്കുമ്പോള്‍ മകള്‍ക്ക് വെറും രണ്ട് വയസേ ഉണ്ടായിരുന്നുളളൂ. അതിനുമുന്‍പ് വരെ മകള്‍ നിമിഷയുടെ ഫോട്ടോകള്‍ കാണുകയും വീഡിയോ കോള്‍ വഴി സംസാരിച്ചിട്ടുമുണ്ട്. അവള്‍ക്ക് അമ്മയുടെ സ്നേഹവും പിന്തുണയും ആവശ്യമാണ്. തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ഒരു പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. എന്റെ ഭാര്യയുടെ മോചനത്തിനായി ആ കുടുംബത്തിന് ബ്ലഡ് മണി നല്‍കാന്‍ തയ്യാറാണ്. എനിക്കും നിമിഷയ്ക്കും പഴയതുപോലെ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കണം. പ്രതീക്ഷ കൈവിട്ടിട്ടില്ല. എന്റെ ഭാര്യ നല്ലൊരു സ്ത്രീയാണ്. എല്ലാവരെയും സഹായിക്കുന്ന ഒരു സ്വഭാവക്കാരിയാണ്. നിമിഷയെ കാത്ത് മകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്'- ടോമി തോമസ് പറഞ്ഞു.

കുടുംബത്തിന് സാദ്ധ്യമായ എല്ലാ സഹായവും തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നിമിഷപ്രിയയുടെ കുടുംബം മോചനത്തിനായി എല്ലാ വഴികളും ആരായുന്നതായി മനസ്സിലാക്കുന്നു. കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

അതേസമയം,? വധശിക്ഷ നടപ്പാക്കാനുള്ള യെമന്‍ പ്രസിഡന്റിന്റെ ഉത്തരവ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലെത്തി. തീയതി പ്രോസിക്യൂട്ടര്‍ തീരുമാനിക്കും. ഒരു മാസത്തിനകം നടപ്പാക്കിയേക്കും. യെമനുമായി ഇന്ത്യയ്ക്ക് നയതന്ത്രബന്ധം ഇല്ലാത്തതിനാല്‍ ഇനിയുള്ള ശ്രമങ്ങള്‍ ദുഷ്‌കരമാകും.തലാലിന്റെ കുടുംബാംഗങ്ങളുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് യെമനില്‍ മോചനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സ്വദേശി സാമുവല്‍ ജെറോം അറിയിച്ചു.

സ്ത്രീയെന്ന പരിഗണന കിട്ടിയേക്കാമെന്നാണ് പ്രതീക്ഷ. ഏപ്രില്‍ 20ന് യെമനിലെത്തിയ, നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് മൂന്നു തവണ മാത്രമാണ് മകളെ കാണാനും സംസാരിക്കാനും കഴിഞ്ഞത്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2017 ഓഗസ്റ്റിലാണ് നിമിഷയെ യെമന്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിമിഷയ്‌ക്കൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്ന ഇയാളെ നിമിഷയും കൂട്ടുകാരി ഹനാനും ചേര്‍ന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ജൂലൈ 25നായിരുന്നു സംഭവം. ദിവസങ്ങള്‍ പിന്നിട്ടതോടെ ടാങ്കില്‍നിന്ന് ദുര്‍ഗന്ധം വമിച്ചു. ഇതോടെ പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്നാണ് കൊലപാതകം പുറത്തായത്.

യെമനില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് മകളെയും കൂട്ടി 2014ല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷമാണ് നിമിഷ തലാല്‍ അബ്ദു മഹ്ദിയെ പരിചയപ്പെട്ടതും ക്ലിനിക്ക് തുടങ്ങാന്‍ ലൈസന്‍സിന് ഇയാളുടെ സഹായം തേടിയതും. ക്ലിനിക്കില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി വേണമെന്ന് തലാല്‍ അബ്ദു മഹ്ദി ആവശ്യപ്പെട്ടതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായതും കൊലപാതകത്തിലേക്ക് നയിച്ചതും.

2018ല്‍ യമനിലെ വിചാരണക്കോടതിയാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്. തനിക്ക് നിയമസഹായം ലഭിച്ചില്ലെന്ന് കാണിച്ച് അന്ന് നിമിഷ കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ഹര്‍ജി കോടതി തള്ളി. യെമന്‍ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിലവില്‍ നിമിഷപ്രിയ കഴിയുന്നത്.