- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
താന്‍ എത്തിയത് ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന്; ഒരു മണിക്കൂറില്‍ തിരിച്ചയക്കണമെന്ന് ഷൈന്‍ ടോം ചാക്കോ; ശ്രീനാഥ് ഭാസിയേയും ഷൈനിനേയും പരിചയമുണ്ടെന്ന് മോഡല്‍ സൗമ്യയും; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ആലപ്പുഴ എക്സൈസ് ഓഫീസില്‍ ചോദ്യം ചെയ്യലിനെത്തി താരങ്ങള്‍
താന്‍ എത്തിയത് ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന്
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പിന്നാലെ മോഡല്‍ സൗമ്യയും ആലപ്പുഴഎക്‌സൈസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി. എന്തിനുവേണ്ടിയാണ് തന്നെ ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയതെന്ന് അറിയില്ലെന്നും എന്നാല്‍ ശ്രീനാഥ് ഭാസിയുമായും ഷൈന്‍ ടോം ചാക്കോയുമായും പരിചയമുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പാലക്കാട്ടുനിന്നുള്ള മോഡലാണ് സൗമ്യ. മൂന്നുപേരും നിലവില്‍ ആലപ്പുഴ എക്‌സൈസ് ഓഫീസിനുള്ളിലാണുള്ളത്. തിങ്കളാഴ്ച രാവിലെ 7.30-ഓടെ ഷൈന്‍ ആണ് ആദ്യം ചോദ്യംചെയ്യലിനെത്തിയത്. പിന്നാലെ, 8.15-ഓടെ ശ്രീനാഥ് ഭാസിയുമെത്തി. അഭിഭാഷകനും ശ്രീനാഥിനൊപ്പമുണ്ടായിരുന്നു.
താന്‍ ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണെന്നും ഒരു മണിക്കൂര്‍ കൊണ്ട് തന്നെ മടക്കി അയക്കണമെന്നുമാണ് ഷൈന്‍ ടോം ചാക്കോ എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ബെംഗളൂരുവില്‍ നിന്നും രാവിലെ വിമാനം മാര്‍ഗ്ഗമാണ് ഷൈന്‍ കൊച്ചിയില്‍ എത്തിയത്. എക്‌സൈസ് ആവശ്യപ്പെട്ടതിലും രണ്ടര മണിക്കൂര്‍ മുമ്പ് എക്‌സൈസ് ഓഫീസില്‍ ഷൈന്‍ ടോം ചാക്കോ ഹാജരായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് എത്തണമെന്നാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് എക്‌സൈസ് നോട്ടീസ് നല്‍കിയിരുന്നത്. കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലീമയെ അറിയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ ഷൈന്‍ തയ്യാറായില്ല.
താരങ്ങളുട ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. ആദ്യ ഘട്ടത്തില്‍ ഒറ്റയ്ക്കിരുത്തിയാകും ചോദ്യം ചെയ്യുക. പിന്നീട് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിനു ശേഷമാകും നടന്‍മാര്‍ ഉള്‍പ്പടെ ഉള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ അന്വേഷണസംഘം തീരുമാനമെടുക്കുക.
ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലീമ എക്‌സൈസിന് നല്‍കിയ മൊഴി. പിന്നീട് എക്‌സൈസ് തസ്ലീമയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ തമ്മില്‍ വാട്ട്‌സ്ആപ്പ് കോളുകള്‍ നടത്തിയതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. ശ്രീനാഥ് ഭാസിയുമായി വാട്ട്‌സ്ആപ്പ് ചാറ്റ് നടത്തിയതായും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകളെല്ലാം ചോദ്യം ചെയ്യലില്‍ എക്‌സൈസിന് സഹായകരമാകും.
അതേസമയം രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ പ്രതികളെക്കുറിച്ച് കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്. രാജ്യാന്തര തലത്തില്‍ സ്വര്‍ണം, ലഹരി കടത്ത് നടത്തിയതായി വ്യക്തമായതോടെയാണ് കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി തസ്ലിമ സുല്‍ത്താന (ക്രിസ്റ്റീന43), മൂന്നാം പ്രതിയും ഇവരുടെ ഭര്‍ത്താവുമായ ചെന്നൈ എണ്ണൂര്‍ സത്യവാണി മുത്തുനഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലി (43) എന്നിവരെക്കുറിച്ചാണ് കേന്ദ്ര ഏജന്‍സികള്‍ എക്സൈസില്‍ നിന്നു വിവരം ശേഖരിച്ചത്.
പ്രതികള്‍ മലേഷ്യയില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ 2017ല്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ തസ്ലിമ തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. പിന്നീട് പലതവണ സ്വര്‍ണം കടത്തിയതായി എക്സൈസ് കണ്ടെത്തി. സ്വര്‍ണക്കടത്തില്‍ എക്സൈസിനു നടപടി എടുക്കാനാകില്ല. അതേസമയം, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കൂടുതല്‍ വിവരം ലഭിച്ചാല്‍ അവര്‍ക്കു കേസെടുക്കാം.
പ്രതികളുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞതോടെ, ഇവരുമായി ഇടപാടുകള്‍ നടത്തിയവരുടെ മൊഴി എടുക്കുകയാണ് അന്വേഷണ സംഘം. സിനിമാ മേഖലയിലെ ചിലരെ ഉള്‍പ്പെടെ ഇന്നലെ എറണാകുളത്ത് കണ്ട് മൊഴിയെടുത്തിരുന്നു. ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ എസ് അശോക് കുമാര്‍ പറഞ്ഞു. മോഡലും തസ്ലിമയും ഒന്നിച്ചു താമസിച്ചിരുന്നതായി സൂചനയുണ്ട്. നടന്‍മാരില്‍ നിന്നു മോഡലിന്റെ അക്കൗണ്ടിലേക്കും അവിടെ നിന്നു തസ്ലിമയുടെ അക്കൗണ്ടിലേക്കുമായി പണം കൈമാറിയിട്ടുള്ളത് ലഹരി ഇടപാടിലാണെന്നാണ് നിഗമനം.