- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ ഒരു തീവ്രവാദിയല്ലെന്ന് എനിക്കറിയാം, ഞാൻ വർഷങ്ങളായി ജയിലിൽ നരകിക്കുകയായിരുന്നു': തമിഴ് ജനതയ്ക്ക് നന്ദി പറഞ്ഞ് ജയിൽ മോചിതയായ നളിനി ശ്രീഹരൻ; രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളന് പുറമേ മറ്റ് ആറ് പ്രതികളെ കൂടി വിട്ടയച്ചതിൽ നിരാശ പ്രകടിപ്പിച്ച് കോൺഗ്രസ്; സുപ്രീംകോടതി ഔചിത്യപൂർവം പെരുമാറിയില്ലെന്ന് വിമർശനം
ന്യൂഡൽഹി: 'ഞാൻ ഒരു തീവ്രവാദിയല്ലെന്ന് എനിക്കറിയാം', രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം ജയിൽ മോചിതയായ നളിനി ശ്രീഹരന്റെ ആദ്യ പ്രതികരണം ഇങ്ങനെ. ' ഞാൻ വർഷങ്ങളായി ജയിലിൽ നരകിക്കുകയായിരുന്നു. കഴിഞ്ഞ 32 മണിക്കൂറുകൾ എനിക്ക് അഗ്നിപരീക്ഷ പോലെയായിരുന്നു. എന്നെ പിന്തുണച്ചവർക്കെല്ലാം നന്ദി. തമിഴ്‌നാട്ടിലെ ജനങ്ങളോടും, അഭിഭാഷകരോടും എന്നിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി പറയുന്നു', നളിനി പറഞ്ഞു.
രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി, മുരുകൻ, രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ, ചന്ദൻ എന്നിവരടക്കം 6 പേരെയും വിട്ടയയ്ക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കേസിലെ പ്രതിയായ പേരറിവാളനെ സുപ്രീം കോടതി സവിശേഷമായ അധികാരം ഉപയോഗിച്ച് കഴിഞ്ഞ മെയ് 18ന് വിട്ടയച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടി നളിനിയും രവിചന്ദ്രനും സമർപ്പിച്ച ഹർജിയിലാണു തീരുമാനം.
നളിനി ഉൾപ്പെടെ രാജീവ് ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളും ഇതോടെ മോചിതരായി. പേരറിവാളന്റെ മോചനം മറ്റുള്ളവർക്കും ബാധകമാണെന്ന് സുപ്രിംകോടതി ഉത്തരവിൽ പറയുന്നു.ജസ്റ്റിസുമാരായ ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് കേസ് ഇന്ന് പരിഗണിച്ചത്. ഈ കേസിൽ ജയിലിൽ കഴിയുന്ന 6 പേരുടെ നല്ല പെരുമാറ്റം സംബന്ധിച്ച് തമിഴ്‌നാട് സർക്കാരും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതു കണക്കിലെടുത്ത കോടതി കേസിൽ നേരത്തെ കുറ്റവിമുക്തനാക്കപ്പെട്ട പേരറിവാളനെപ്പോലെ ഈ 6 പേർക്കും ഇളവ് ലഭിക്കാൻ അർഹതയുണ്ടെന്ന് വിധിയിൽ പറഞ്ഞിട്ടുണ്ട്.
പേരറിവാളനെ വിട്ടയയ്ക്കാനായി സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനു സമാനമായി ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം ഹൈക്കോടതിക്ക് അധികാരം പ്രയോഗിക്കാനാകില്ലെന്നു നിരീക്ഷിച്ചായിരുന്നു ഇരുവരുടെയും ഹർജി ഹൈക്കോടതി തള്ളിയത്. പേരറിവാളന്റെ വിഷയത്തിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോചനം തേടുകയാണെങ്കിൽ, നളിനിക്കു സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. 2000ൽ നളിനിയുടെയും 2014 ൽ പേരറിവാളൻ ഉൾപ്പെടെ മൂന്നു പേരുടെയും വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു.
മോചന ഉത്തരവ് നിരാശാജനകമെന്ന് കോൺഗ്രസ്
പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവ് നിരാശാജനകമെന്ന് കോൺഗ്രസ്. നടപടി അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. പ്രതികളെ വിട്ടയക്കണമെന്ന് തമിഴ്‌നാട് സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ഇതുവരെ നടപടിയെടുത്തിരുന്നില്ല. മോചിപ്പിക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയതോടെയാണ് നളിനിയും രവിചന്ദ്രനും സുപ്രിംകോടതിയെ സമീപിച്ചത്.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ മോചിപ്പിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം തീർത്തും അസ്വീകാര്യവും തെറ്റായതുമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ ജയറാം രമേശ് പ്രതികരിച്ചു. കോൺഗ്രസ് പാർട്ടിക്ക് തീരുമാനം അസ്വീകാര്യമാണ്. രാജ്യത്തിന്റെ നിലപാടിനൊപ്പം നിന്ന് സുപ്രീംകോടതി ഔചിത്യപൂർവം പെരുമാറിയില്ല എന്നത് ദൗർഭാഗ്യകരമാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
മോചിപ്പിക്കാൻ ഉത്തരവിട്ടവരിൽ റോബർട്ട് പയസ്, ജയകുമാർ, മുരുകൻ എന്നിവർ ശ്രീലങ്കൻ പൗരന്മാരാണ്. 1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ