ന്യൂഡൽഹി: ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗസ്സസ് ഉപയോഗിച്ച് തന്റെ ഫോൺ ചോർത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുൻപ് പലതവണ ഇന്ത്യയിൽ രാഹുൽ ആരോപിച്ച കാര്യം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ വെച്ചു സംസാരിച്ചതോടെ രാഹുലിനെതിരെ ബിജെപി രംഗത്തുവന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയുടെ നേർക്ക് ആക്രമണം നടക്കുകയാണെന്നും രാഹുൽ ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ ആരോപിച്ചു.

''എന്റെ ഫോണിൽ പെഗസ്സസ് ഉണ്ടായിരുന്നു. ഇന്ത്യയിലെ മിക്കവാറും രാഷ്ട്രീയക്കാരുടെ ഫോണിലും പെഗസ്സസ് ഉണ്ട്. ഫോൺ കോളുകൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്നും മുൻകരുതൽ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരുന്നു.'' 'ലേണിങ് ടു ലിസൺ ഇൻ ദി 21സ്റ്റ് സെഞ്ചറി' എന്ന വിഷയത്തിൽ എംബിഎ വിദ്യാർത്ഥികളുമായി സംവദിക്കുമ്പോൾ രാഹുൽ പറഞ്ഞു. രാഹുലിന്റെ പ്രസംഗത്തിന്റെ വിഡിയോ കോൺഗ്രസ് നേതാവ് സാം പിത്രോദ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

വലിയ സമ്മർദ്ദമാണ് പ്രതിപക്ഷ നേതാക്കൾ അനുഭവിക്കുന്നത്. പ്രതിപക്ഷത്തിനുനേരെ കേസുകൾ ചുമത്തുന്നു. യാതൊരു തരത്തിലും ക്രിമിനൽ കുറ്റം ചാർത്തപ്പെടേണ്ടാത്ത കേസുകളിൽപ്പോലും തന്റെ നേരെ ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് രാഹുൽ കുറ്റപ്പെടുത്തി. പാർലമെന്റ്, സ്വതന്ത്ര മാധ്യമപ്രവർത്തനം, ജുഡീഷ്യറി തുടങ്ങിയ ജനാധിപത്യത്തിന്റെ അടിസ്ഥാന ചട്ടക്കൂടിനുമേൽ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയുടെ നേർക്ക് ആക്രമണം നടക്കുകയാണ്- രാഹുൽ പറഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി ഉയർത്തിയത് അതിരൂക്ഷ വിമർശനമായിരുന്നു. ന്യൂനപക്ഷങ്ങളും, ദളിതകളും ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നുവെന്നും, ജുഡീഷ്യറിയും മാധ്യമങ്ങളും സർക്കാർ നിയന്ത്രണത്തിലാണെന്നും രാഹുൽ ആരോപിച്ചു. രാഹുലിന്റെ വാക്കുകൾക്ക് ഇന്ത്യയിൽ പോലും വിലയില്ലെന്ന് തിരിച്ചടിച്ച് സർക്കാർ പ്രതിരോധമുയർത്തി. പെഗസ്സെസ് അന്വേഷണത്തോട് രാഹുൽ സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ചോദിച്ചു. ആരോപണം ഉന്നയിക്കുന്ന രാഹുൽ എന്തുകൊണ്ട് ഫോൺ അന്വേഷണത്തിനായി കൈമാറിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ തിരിച്ചടിച്ചു.

ജി 20 ഉച്ചകോടിയിലേക്ക് രാജ്യം നീങ്ങുമ്പോഴാണ് കേന്ദ്രസർക്കാരിനെതിരായ രാഹുലിന്റെ ആക്രമണം. പ്രഭാഷണം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്ന ടാഗ്ലൈനോടെ ഉച്ചകോടിയൊരുക്കുന്ന സർക്കാരിനെ സമ്മർദ്ദത്തിലാക്കിയേക്കും. അതേസമയം പെഗസ്സസ് ഉപയോഗിച്ചുള്ള ഫോൺചോർത്തൽ വിവരങ്ങൾ നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും സുരക്ഷാ ഏജൻസി മേധാവികളുടെയും വിവരങ്ങളാണ് ചോർത്തിയതെന്നതായിരുന്ന പുറത്തുവന്ന റിപ്പോർട്ട്.

സൗദിയിലെ വിമത മാധ്യമപ്രവർത്തകനായ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി 16 മാധ്യമസ്ഥാപനങ്ങൾ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തെത്തിയിരിക്കുന്നത്. ഇന്ത്യയിൽനിന്ന് 'ദ വയർ'ആണ് ഈ ഉദ്യമത്തിൽ പങ്കാളിയായത്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം മുന്നൂറോളം നമ്പറുകൾ ചോർത്തലിന് വിധേയമായൈന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ.

മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കൾ, ഒരു ഭരണഘടനാസ്ഥാപനത്തിന്റെ തലവൻ, നരേന്ദ്ര മോദി സർക്കാരിലെ രണ്ടുമന്ത്രിമാർ, സുരക്ഷാ ഏജൻസി മേധാവികളുടെയും മുന്മേധാവികളുടെയും ഫോണുകൾ ചോർത്തിയിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. മോദി സർക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടെ ഫോണുകളും മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഒരു സുപ്രീംകോടതി ജഡ്ജിയുടെ ഫോണും നാൽപ്പത്തിലേറെ മാധ്യമപ്രവർത്തകരുടെ ഫോണുകളും ചില വ്യവസായികളുടെ ഫോണുകളും ചോർത്തിയതായാണ് പുറത്തു വരുന്ന വിവരം. ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു, നെറ്റ് വർക്ക് 18 എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരുടെ ഫോണുകളും ചോർത്തപ്പെട്ടിട്ടുണ്ട്.

ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്റ്റ് വെയറാണ് പെഗസ്സസ്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകൾ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗസ്സസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇങ്ങനെ ഒരു സോഫ്റ്റ് വെയറുണ്ടെന്ന് ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾ ഈ സോഫ്റ്റ് വെയർ വിൽക്കുന്നത് സർക്കാരുകൾക്ക് മാത്രമാണ് എന്നാണ് കമ്പനിയുടെ വിശദീകരണം.

ഫേസ്‌ബുക്കും വാട്സാപ്പും ആപ്പിളുമെല്ലാം പെഗസ്സസ് ആക്രമണത്തിനിരയായിട്ടുണ്ട്. ടാർഗറ്റ് ചെയ്യപെടുന്ന ഫോണിന്റെ / ഡിവൈസിന്റെ എല്ലാ പ്രവർത്തനവും പെഗസ്സസ് ചോർത്തും, ഫോണ് വിളികളും മെസ്സേജുകളും ഫയലുകളും, ബ്രൗസിങ് ഡാറ്റയും വരെ ചോർത്താൻ കെല്പുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പെഗസ്സ് നുഴഞ്ഞു കയറാനുള്ള സാങ്കേതിക പിഴവുകൾ പരിഹരിച്ചിട്ടുണ്ടെന്നാണ് ആപ്പിളും വാട്സാപ്പും അവകാശപ്പെടുന്നത്.