ന്യൂഡൽഹി: ധനമന്ത്രി കെ എൻ ബാലഗോപാലിൽ തന്റെ പ്രീതി നഷ്ടപ്പെട്ടെന്ന് കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞ മാസം കത്തയച്ചത് വിവാദമായിരുന്നു. ധനമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും മന്ത്രിയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളുകയും ചെയ്തു. ഏറ്റവുമൊടുവിൽ വാർത്താ ഏജൻസയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ, തനിക്ക് മന്ത്രിമാരെ നീക്കാൻ അധികാരം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ധനമന്ത്രിക്കെതിരായ പ്രീതി പിൻവലിച്ചത് പ്രാദേശികവാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ അറിയിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു

'എനിക്ക് മന്ത്രിയെ നീക്കാനുള്ള അധികാരം ഇല്ല, കാരണം മുഖ്യമന്ത്രിയാണ് മന്ത്രിയെ തീരുമാനിക്കുന്നത്. പ്രാദേശിക വാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ജനങ്ങളെ അറിയിക്കാനാണ് പ്രീതി പിൻവലിച്ചത്. കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത താൻ, തന്റെ ഉത്തരവാദിത്വം നിർവഹിക്കുക മാത്രമാണ് ചെയ്തത്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഭരണഘടനാ സ്ഥാനമുപയോഗിച്ച് രാഷ്ട്രീയ അജണ്ടകളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത് എന്ന ആരോപണങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ആരെയെങ്കിലും രാഷ്ട്രീയപരമായി നിയമിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടുണ്ട് എന്ന് തെളിയിച്ചാൽ താൻ രാജിവെക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അത് തനിക്ക് പറ്റിയ തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമനം നിയമപരമല്ലായിരുന്നുവെന്നും ക്രമവിരുദ്ധമാണെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.

ഗവർണറെ ചൊടിപ്പിച്ചത് ധനമന്ത്രിയുടെ യുപി താരതമ്യ പ്രസംഗം

ധനമന്ത്രിയുടെ യു.പി താരതമ്യ പ്രസംഗമാണ് ഗവർണറെ ചൊടിപ്പിച്ചത്. പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്നും ധനമന്ത്രിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു,. ഒക്ടോബർ 19ന് വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചത്. ധനമന്ത്രിയുടെ യു.പി താരതമ്യ പ്രസംഗമാണ് ഗവർണറെ ചൊടിപ്പിച്ചതും അസാധാരണ നടപടിക്കാധാരവുമായത്. ഗവർണറുടെ പ്രതിച്ഛായയും ഗവർണറുടെ പദവിയുടെ അന്തസ്സ് താഴ്‌ത്തുന്നതമായ പരമാർശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളതെന്ന് കത്തിൽ പരാമർശിച്ചിരുന്നു. പ്രദേശികവാദം ആളികത്തിക്കുന്ന പരമർശമാണ് ധനമന്ത്രി നടത്തിയത്.

ദേശീയ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കുന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പിൻവലിക്കണമെന്നും ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി പൂർണമായും നിരാകരിച്ചു. ഭരണഘടനാപരമായി പരിശോധിക്കുമ്പോൾ ഗവർണറുടെ പ്രീതി നഷ്ടമാകുന്ന ഒരു പ്രസ്താവനയും ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തിയിട്ടില്ല. എന്റെ മന്ത്രിസഭയിലെ അംഗമായ കെ.എൻ ബാലഗോപാലിലുള്ള എന്റെ വിശ്വാസവും നഷ്ടപ്പെട്ടിട്ടില്ല. ആയതിനാൽ വിഷയത്തിൽ മറ്റ് നടപടികളിലേക്ക് കടക്കേണ്ടെന്നും മുഖ്യമന്ത്രി ഗവർണർക്കയച്ച മറുപടിയിൽ വിശദീകരിച്ചു.