- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ ജില്ലയിലെ വനിതാ ജില്ലാ ഡവലപ്‌മെന്റ് ഓഫിസറെ ഒരു മന്ത്രിയുടെ പിഎസ് കാബിനിൽ വിളിച്ചുവരുത്തി ശകാരിച്ചു; അപമാനിച്ചത് ആ ജില്ലയിലെ വകുപ്പുമേധാവി ഒപ്പമുള്ളപ്പോൾ; മന്ത്രിമാരുടെ പിഎസുമാരെ കൊണ്ട് ഗതിമുട്ടി ഐഎഎസുകാർ; സെക്രട്ടറിയേറ്റിലെ ഭരണം നിയന്ത്രിക്കുന്നത് മന്ത്രിമാരോ പി എസുമാരോ?
തിരുവനന്തപുരം: രാഷ്ട്രീയ നിയമന കരുത്തിൽ സെക്രട്ടറിയേറ്റിൽ എത്തുന്ന മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ (പിഎസ്) ഭരണകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് അതൃപ്തി. പ്രൈവറ്റ് സെക്രട്ടറിയെയും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരെയും ഒഴിവാക്കി ഭരണകാര്യങ്ങൾ മന്ത്രിയുമായി ഒറ്റയ്ക്കു ചർച്ചചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യമാണെന്ന് ഐഎഎസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയോടു പരാതിപ്പെട്ടു. ഭരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചു സമീപകാലത്തു 2 തവണ സെക്രട്ടറിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേർത്തിരുന്നു. ഈ യോഗങ്ങളിലാണ് ഐഎഎസ് ഉദ്യോഗസ്ഥർ പരാതി നിരത്തിയത്.
ആരോഗ്യ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി മാറ്റവുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉയർന്നിരുന്നു. മന്ത്രിയുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് പദവിയിൽ നിന്നും മാറ്റിയ ഐഎഎസുകാരിക്ക് പരാതിയുണ്ടായിരുന്നു. ഇത് ചർച്ചകളിൽ എത്തിയതിന് പിന്നാലെയാണ് സ്ഥാന ചലനമുണ്ടായത്. ഈ സാഹചര്യത്തിലാണ് ഐഎഎസുകാർ പ്രതിഷേധം അറിയിക്കുന്നത്. ഇക്കാര്യം മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അവരെ അറിയിച്ചു.
എന്നാൽ ഇതുകൊണ്ട് കാര്യമില്ലെന്ന് ഐഎഎസുകാർക്ക് അറിയാം. പല മന്ത്രിമാരേയും ചരടിൽ കെട്ടിയവരെ പോലെ പാർട്ടിയാണ് നിയന്ത്രിക്കുന്നത്. സെക്രട്ടറിയേറ്റിൽ ഈയിടെയുണ്ടായ ഓഫീസ് മുറി കത്തലിൽ പോലും ഇത്തരം കാര്യങ്ങൾ ചർച്ചയായിരുന്നു. എന്നാൽ വലിയൊരു വിവാദമാക്കാതെ അത് പരിഹരിച്ചു. ഇതിനൊപ്പമാണ് ഐഎഎസുകാരുടെ പരാതിയും ചർച്ചകളിൽ എത്തുന്നത്.
രാഷ്ട്രീയാടിസ്ഥാനത്തിൽ നിയമിക്കുന്ന പ്രൈവറ്റ് സെക്രട്ടറിമാർക്കു ജോയിന്റ് സെക്രട്ടറിയുടെ റാങ്ക് ആണ്. സർവീസിലുള്ള അഡീഷനൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരും പിഎസ് ആകാറുണ്ട്. അഡീഷനൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, സെക്രട്ടറി തലത്തിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ മറികടക്കുന്ന രീതിയിൽ ഇവർ ഭരണം നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെന്നാണു പരാതി.
മലബാർ ജില്ലയിലെ വനിതാ ജില്ലാ ഡവലപ്‌മെന്റ് ഓഫിസറെ ഒരു മന്ത്രിയുടെ പിഎസ് കാബിനിൽ വിളിച്ചുവരുത്തി ശകാരിച്ചിരുന്നു. ആ ജില്ലയിലെ വകുപ്പുമേധാവിക്ക് ഒപ്പമാണ് ഐഎഎസ് ഉദ്യോഗസ്ഥയ്ക്കു ശകാരം കേൾക്കേണ്ടിവന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ പിഎസിനെ നിയന്ത്രിക്കണമെന്ന് ഐഎഎസ് ഓഫിസേഴ്‌സ് അസോസിയേഷൻ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഇറങ്ങിയ ഐഎഎസ് ഓഫിസർമാരുടെ സ്ഥലംമാറ്റപ്പട്ടികയിൽ ഈ വനിതാ ഉദ്യോഗസ്ഥയും ഉണ്ട്.
മന്ത്രിതലത്തിൽ അടിയന്തരതീരുമാനം എടുക്കേണ്ട പല കാര്യങ്ങളും പിഎസുമാരും അഡീഷനൽ പിഎസുമാരും ഫയൽ പഠിക്കണം എന്നു പറഞ്ഞു വച്ചുതാമസിപ്പിക്കുന്നതായും പരാതിയുണ്ട്. മന്ത്രിമാരുടെ പരിചയക്കുറവ് മുതലെടുത്താണ് അവർ ഇങ്ങനെ ചെയ്യുന്നത്. മെച്ചപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ചു മുഖ്യമന്ത്രി ആരാഞ്ഞപ്പോൾ ഇത്തരം പ്രശ്‌നങ്ങൾ സെക്രട്ടറിമാർ ചൂണ്ടിക്കാട്ടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ