- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കി വെട്ടിലായി ഗോപാലകൃഷ്ണന്‍; അഡീഷനല്‍ ചീഫ് സെക്രട്ടറിക്കെതിരെ ഫേസ്ബുക്കില്‍ കടന്നാക്രമണവുമായി എന്‍ പ്രശാന്തും; ഉദ്യോഗസ്ഥ തലത്തിലെ തമ്മിലടിയില്‍ വെട്ടിലായി സര്‍ക്കാര്‍; ഐഎഎസ് അസോസിയേഷനും രണ്ട് തട്ടില്‍; മുഖ്യമന്ത്രി എന്തു നടപടി എടുക്കുമെന്ന ആകാംക്ഷയില്‍ ഉദ്യോഗസ്ഥവൃന്ദം
മുഖ്യമന്ത്രി എന്തു നടപടി എടുക്കുമെന്ന ആകാംക്ഷയില്‍ ഉദ്യോഗസ്ഥവൃന്ദം
തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥ തലപ്പത്തെ ഈഗോയും ഉന്നതര്‍ തമ്മിലുള്ള തമ്മിലടിയും ഇതിന് മുമ്പും കേരളം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായി സോഷ്യല്‍ മീഡിയ വഴി ഉന്നതര്‍ തമ്മില്‍ വിഴുപ്പലക്കല്‍ അടക്കം ഉണ്ടായതോടെ വിവാദം സംസ്ഥാന സര്‍ക്കാറിനും തലവേദന സൃഷ്ടിക്കുകയാണ്. ഉപതിരഞ്ഞെടുപ്പു വേളയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിലക്കു നിര്‍ത്താന്‍ കഴിയാത്ത മുഖ്യമന്ത്രിയെന്ന ചീത്തപ്പേരിലാണ് പിണറായി വിജയന്‍. പി വി അന്‍വര്‍ അടക്കമുള്ളവര്‍ പിണറായി അശക്തനാണെന്ന ആരോപണങ്ങള്‍ അഴിച്ചുവിട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥ തലത്തിലും ചേരിപ്പോര്. ഇത് നിയന്ത്രിക്കാന്‍ പിണറായിക്ക് കഴിയുന്നില്ലേ എന്ന ചോദ്യം ഇതിനോടകം പൊതുസമൂഹത്തില്‍ ഉയര്‍ന്നു കഴിഞ്ഞു.
ഐഎഎസ് ഉദ്യോഗസ്ഥരുള്‍പ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിനു തലവേദന സൃഷ്ടിക്കുന്നു അവസ്ഥയാണുള്ളത്. മതാടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് അടക്കം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തുവെന്ന വ്യവസായവാണിജ്യ വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണന്റെ വാദം പൊളിഞ്ഞതോടെ അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കുമെന്നു സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥനിര ഉറ്റുനോക്കുകയാണ്.
വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയതു ഗോപാലകൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായ വ്യക്തിപരമായ വീഴ്ചയാണെന്നും അച്ചടക്ക നടപടിയോടെ വിവാദം അവസാനിക്കുമെന്നുമാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍, മറുവശത്ത് അതല്ല കാര്യങ്ങള്‍. സര്‍ക്കാറിലെ പ്രമുഖരനായ രണ്ട് ഉദ്യോഗസ്ഥര്‍ നേര്‍ക്കുനേര്‍ നിന്ന് പോരാടുന്ന അവസ്ഥയുണ്ട്. എന്‍ പ്രശാന്ത് പരസ്യ പ്രതികരണവുമായി രംഗത്തുവന്നെങ്കിലും അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഇതുവരെ അത്തരമൊരു പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
ഇപ്പോഴത്തെ വിഷയം ജയതിലകിനെതിരെ കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ അതിരുവിട്ടു പോയി എന്നതാണ്. ജയതിലകിനെതിരെ പല കാര്യങ്ങളും വരുംദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും അതില്‍ സര്‍വീസ് ചട്ടലംഘനമില്ലെന്നുമാണു പ്രശാന്തിന്റെ നിലപാട്. ഈ വിഷയത്തില്‍ ഐഎഎസ് തലപ്പത്തെ അടിയില്‍ ഐഎഎസ് അസോസിയേഷനിലും രണ്ടഭിപ്രായമാണ്.
സര്‍ക്കാര്‍ ഉത്തരവിടാതെ സ്വന്തം നിലയ്ക്കാണു പ്രശാന്തിനെതിരെ ജയതിലക് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും അന്തിമ തീരുമാനമെടുക്കും മുന്‍പ് ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്കനടപടി റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം പോലും പുറത്തുവിടാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് ഇപ്പോള്‍ നടന്നതെന്നു പ്രശാന്തിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.
എന്നാല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഫോട്ടോ ഉള്‍പ്പെടെ സമൂഹമാധ്യമത്തില്‍ ഉപയോഗിച്ചു രൂക്ഷമായി പ്രതികരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നാണു ജയതിലകിനൊപ്പമുള്ളവരുടെ വാദം. പ്രശ്‌നം ഇത്രയും വഷളാകുന്നതിനു മുന്‍പ് ഉദ്യോഗസ്ഥതലത്തില്‍ പരിഹരിക്കേണ്ടിയിരുന്നുവെന്ന വാദവും ശക്തം. എന്നാല്‍, പ്രശാന്ത് ഉന്നയിച്ച വിഷയങ്ങള്‍ ഗുരുതരമാണ് എന്നതാണ് പ്രധാന വിഷയം. അതിനെ അവഗണിക്കാനും സര്‍ക്കാരിന് കഴിയില്ല.
അതേസമയം ചട്ടവിരുദ്ധപ്രവര്‍ത്തനം നടത്തിയ വ്യവസായ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനും കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിനും നടപടിക്ക് ശുപാര്‍ശയെന്നാ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. ഹിന്ദു ഐഎഎസ് ഓഫീസര്‍മാരുടെ വാട്ട്സാപ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ് ഗോപാലകൃഷ്ണന്‍ നേരിടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ പ്രശാന്ത് വ്യക്തിപരമായ പരാമര്‍ശം നടത്തിയത് കടുത്ത ചട്ടലംഘനമാണെന്നും ചീഫ്സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. തന്റെ വാട്ട്സാപ് ഹാക്ക് ചെയ്താണ് ഹിന്ദു ഗ്രൂപ്പുണ്ടാക്കിയതെന്നാണ് ഗോപാലകൃഷ്ണന്‍ നേരത്തെ വിശദീകരിച്ചത്. ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് മെറ്റ കമ്പനി റിപ്പോര്‍ട്ട് നല്‍കി. ഫോറന്‍സിക് പരിശോധനയിലും ഇത് കണ്ടെത്താനായിട്ടില്ല.
അതേസമം രമേശ് ചെന്നിത്തലയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പ്രശാന്ത്. പിന്നീട് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പല ഇടപെടലും പ്രശാന്ത് നടത്തിയെന്ന ആക്ഷേപം ഇടതുപക്ഷത്തിനുണ്ട്. മേഴ്‌സിക്കുട്ടിയമ്മയെ അറിയില്ലെന്ന പരാമര്‍ശം അടക്കം സിപിഎം അണികളുടെ രോഷം ക്ഷണിച്ചു വരുത്തുന്ന കാര്യമാണ്. ഇപ്പോവത്തെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തു നടപടി എടുക്കും എന്നാണ് അറിയേണ്ടത്.