തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറി ചുമതലയേറ്റ പിന്നാലെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ബിജു പ്രഭാകര്‍ വിരമിച്ചതിനെ തുടര്‍ന്ന് മിര്‍ മുഹമ്മദ് അലി കെ എസ് ഇബിയുടെ ചെയര്‍മാനും എംഡിയുമാകും. അദ്ദേഹത്തിന് നിലവില്‍ ചുമതലയുള്ള കെഐസ്‌ഐഡിസിയുടെ പൂര്‍ണ അധിക ചുമതലയും ഉണ്ടായിരിക്കും.

ആഭ്യന്തര-വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് വനം-വന്യജീവി വകുപ്പിന്റെ അധിക ചുമതല നല്‍കി. പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ ധനവകുപ്പിലേക്ക് മാറ്റി. ധനവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിക്കൊപ്പം നികുതി, പൊതുസംഭരണം, ആസൂത്രണവും സാമ്പത്തികകാര്യം വകുപ്പുകളുടെയും റീബില്‍ഡ് കേരള ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെയും അധിക ചുമതല ഉണ്ടായിരിക്കും.

പഴ്‌സോണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസനം, പിന്നോക്ക വിഭാഗ വികസനം, വൈദ്യുതി വകുപ്പുകളുടെ അധിക ചുമതലയും പുനീത് കുമാറിന് ഉണ്ടാകും.

ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ ഖോബ്രഗഡേയ്ക്ക് പഴ്‌സോണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് പൂര്‍ണ അധിക ചുമതല നല്‍കി.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജുലാലിന് പൊതുഭരണ-ഗതാഗത വകുപ്പുകളുടെ അധിക ചുമതല. തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി കേശവേന്ദ്ര കുമാറിനെ ധനവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഡോ. എ.കൗശിഗന്‍ സൈനിക ക്ഷേമ വകുപ്പിന്റെയും ഗുരുവായൂര്‍ കൂടല്‍മാണിക്യം ദേവസ്വം കമ്മീഷണറുടെയും അധിക ചുമതല വഹിക്കും

കേരള വാട്ടര്‍ അതോറിറ്റി എംഡി ജീവന്‍ ബാബുവിന് തീരസംരക്ഷണ പദ്ധതി മിഷന്‍ ഡയറക്ടറുടെ അഡിക ചുമതല. ഡോ. അദീല അബ്ദുളളയെ വനിതാ ശിശു സംരക്ഷണ വകുപ്പില്‍ നിന്ന് മാറ്റി. സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായ അദീലയ്ക്ക് തദ്ദേശ ഭരണ വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായി പൂര്‍ണ അധിക ചുമതലയും നല്‍കി. ധനവകുപ്പിലെ അഡീഷണല്‍ സെക്രട്ടറി ഡോ.എസ് ചിത്രയെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റി.