ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ഹെലികോപ്ടർ അപകടമരണം പലതരത്തിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾക്കും വഴിമരുന്നിട്ടു. അതിലൊന്ന് ഇസ്രയേലിന് എതിരെ വിരൽ ചൂണ്ടുന്നതാണ്. വിശേഷിച്ചും ഇസ്രയേലി ചാര സംഘടനയായ മൊസാദിന്റെ 'കറുത്ത കരങ്ങൾ'.

ഇറാനും ഇസ്രയേലും തമ്മിലുള്ള ചരിത്രപരമായ പക കാരണം ഇസ്രയേലായിരിക്കാം കോപ്ടർ അപകടത്തിന് പിന്നിലെന്ന് ചില ഇറാൻകാർ സംശയിക്കുന്നതായി ദി ഇക്കണോമിസ്റ്റ് റിപ്പോർട്ട് ചെയ്തു. സമീപകാലത്ത് ഡമാസ്‌കസിൽ ഇറാനിയൻ ജനറലിനെ ഇസ്രയേൽ വധിച്ചതും, തുടർന്നുണ്ടായ മിസൈൽ പ്രത്യാക്രമണവും ഒക്കെ ഈ ഗൂഢാലോചന സിദ്ധാന്തത്തിന് തിരികൊളുത്തുന്നു. ഒരു രാഷ്ട്രത്തലവനെ ഇതുവരെ ലക്ഷ്യമിട്ടിട്ടില്ലെങ്കിലും, മൊസാദ് ഇറാനെതിരെ പല ഓപ്പറേഷനുകളും നടത്തിയതിൽ കുപ്രസിദ്ധി നേടിയ ചാര ഏജൻസിയാണ്. എന്നാൽ, ഹെലികോപ്ടർ അപകടത്തിന് പിന്നിൽ തങ്ങൾക്ക് പങ്കൊന്നുമില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.

1988 ൽ ആയിരക്കണക്കിന് പേരുടെ കൂട്ടക്കൊലയിൽ കാര്യംായ പങ്ക് വഹിച്ച റെയ്‌സിക്കെതിരെ ഇറാനിൽ തന്നെ കടുത്ത എതിർപ്പ് നിലനിൽക്കുന്നുണ്ട്. ഇറാന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് ഞായറാഴ്ച റെയ്‌സിയുടെയും ഇറാന് വിദേശകാര്യ മന്ത്രിയുടെയും അപ്രതീക്ഷിത മരണത്തിന് ഇടയാക്കിയ ഹെലികോപ്ടർ അപകടം ഉണ്ടായത്. അസൈർബൈജാൻ അതിർത്തിയിൽ പുതുതായി പണികഴിപ്പിച്ച ക്വിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്തതിന് ശേഷം ഇറാൻ നഗരമായ തബ്രിസിലേക്ക് മടങ്ങുന്നതിനിടയിൽ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത്.

റെയ്‌സിയുടെ മരണം ഇറാനിൽ കടുത്ത അധികാരവടംവലിക്ക് ഇടയാക്കിയേക്കും.മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെനന് ഔദ്യോഗിക അറിയിപ്പ് വന്നെങ്കിലും, അട്ടിമറി സാധ്യതയും സംശയിക്കുന്നത് ഇറാനിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ സ്വഭാവം കൂടി കണക്കിലെടുത്താണ്. രാജ്യത്തിന് അകത്ത് തന്നെയുള്ള ശത്രുക്കളാണോ, ഇസ്രയേലിനെ പോലെ പുറത്തുള്ള ശത്രുക്കളാണോ അപകടത്തിന് പിന്നിലെന്നും ചോദ്യങ്ങൾ ഉയരുന്നു.

എന്നാൽ, അപകടത്തിൽ ഇസ്രയേലിന്റെ പങ്ക് എന്ന ഗൂഢാലോചന സിദ്ധാന്തം വിദഗ്ദ്ധർ തള്ളിക്കളഞ്ഞു. അധികാരത്തിലിരിക്കുന്ന പ്രസിഡന്റിനെ കൊലപ്പെടുത്തുകയെന്നാൽ, നേരിട്ട് യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമാണ്. അത്തരമൊരു നീക്കം ഇറാന്റെ ഭാഗത്ത് നിന്നുള്ള ശക്തമായ പ്രതികരണത്തിന് പ്രകോപനമാകും. രാഷ്ട്രീയ കൊലപാതകങ്ങളേക്കാളേറെ സൈനികമോ, ആണവമോ ആയ ലക്ഷ്യങ്ങളിൽ ശ്രദ്ധവയ്ക്കുകയാണ് ഇസ്രയേലിന്റെ തന്ത്രം. ' ഇസ്രയേലിന്റെ പങ്ക് സംശയിക്കാൻ ശക്തമായ കാരണങ്ങൾ ഉണ്ടെങ്കിലും, ഒരു രാഷ്ട്രത്തലവനെ വകവരുത്തുന്ന തരത്തിലേക്ക് അവർ നീങ്ങാനിടയില്ല', ദി ഇക്കണോമിസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

എന്തായാലും ഹെലികോപ്ടർ അപകടം ഉണ്ടായ സമയവും സാഹചര്യവുമാണ് സംശയങ്ങൾക്ക് ഇടയാക്കുന്നത്. ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലവും, സംഘർഷം നിലനിൽക്കുന്ന ലെബനൻ, സിറിയ, ഇറാഖ്, യെമൻ എന്നീ രാജ്യങ്ങളിലെ ഇറാന്റെ പ്രോക്‌സി ശൃംഖലയും, എല്ലാം കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. റെയ്‌സിയുടെ മരണത്തെ തുടർന്ന് ഇറാൻ നേതൃത്വത്തിൽ അസ്ഥിരത ഉണ്ടായാൽ കൂടുതൽ വിപുലമായ സംഘർഷത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും ഉണ്ട്.

മൊസാദ് വെറും ക്വട്ടേഷൻ സംഘമോ?

'സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റലിജൻസ് ആൻഡ് സ്‌പെഷ്യൽ ഓപ്പറേഷൻസ്' എന്നാണ് മൊസാദിന്റെ പൂർണരൂപം. ഇന്ന് മൊസാദ് എന്ന പേര്് കേട്ടാൽ, ലോകം ഞെട്ടും. അമേരിക്കയുടെ സിഐഎയെപ്പോലും കവച്ചുവെക്കുന്ന ലോകത്തിലെ നമ്പർ വൺ ചാരസംഘടന. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതിൽ, (മുൻ ഇസ്രയേൽ പ്രസിഡന്റ് ഏരിയൽ ഷാരോണിന്റെ ഭാഷയിൽ പറഞ്ഞാൽ പഴയ നിയമത്തിലെ യഹോവയെപ്പോലെ) എതിരാളികളെ കൊന്നൊടുക്കുന്നവർ. ഇസ്രയേൽ ഇത് പ്രതിരോധ സേനയാണെന്നും, ലോകമെമ്പാടുമുള്ള യഹൂദന്മാരെ സംരക്ഷിക്കാൻ ഉണ്ടാക്കിയതാണ് എന്നൊക്കെപ്പറയുന്നുണ്ടെങ്കിലും, ലോകത്തിന്റെ പലഭാഗങ്ങളിലും വിശിഷ്യാ ഇസ്ലാമിക രാജ്യങ്ങളിൽ മൊസാദ് എന്ന പേര് കേൾക്കുന്നതുപോലും, പിശാചിന് തുല്യമാണ്.

ഇറാൻ എന്ന പ്രഖ്യാപിത ശത്രു

ഇന്ന് അറബ് രാഷ്ട്രങ്ങൾക്കുപോലും ഇസ്രയേലിനോട് പഴയ ശത്രുതയില്ല. മൂന്നുതവണ അടിച്ചിട്ടും തോൽവിയേറ്റത്തിന്റെ പേടി കൊണ്ട് കൂടിയാവാം, അവർ തങ്ങളുടെ പണി നോക്കി ഒതുങ്ങിക്കൂടുന്നു. പക്ഷേ ഈ ഭൂലോകത്തുനിന്ന് ഇസ്രയേലനെ തുടച്ചു നീക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച രാജ്യമാണ്, ഷിയാ മുസ്ലിം രാഷ്ട്രമായ, ഇസ്ലാമിക മതകാർക്കശ്യത്തിന്റെ അവസാന വാക്കായ ഇറാൻ. അതോടെ ഇറാനെ തീർക്കുമെന്ന് മൊസാദും പ്രഖ്യാപിച്ചു. വലിയ വിലയാണ് ഇറാൻ അതിന് കൊടുക്കേണ്ടി വന്നത്. തങ്ങളുടെ കൊച്ചു രാജ്യത്തെ ഒരു മിസൈൽ പോലും വീഴാത്ത രീതിൽ സംരക്ഷിക്കാൻ ഇസ്രയേലിന് കഴിഞ്ഞു. പക്ഷേ അവർ നിരന്തരം ഇറാന് പണി കാടുത്തു.

ഇറാന്റെ ആണവ പദ്ധതിയുമായി ബദ്ധപ്പെട്ട പലരും ദുരൂഹമായി കൊലചെയ്യപ്പെട്ടു. 2010ൽ, ഇറാന്റെ ആണവ ഗവേഷണത്തിലെ പ്രമുഖനായ ഡാരിയൂഷ് റെസേയി നജാദിനെ ബൈക്കിലെത്തി രണ്ടുപേർ വെടിവെച്ചു കൊന്നു. ടെഹ്‌റാനിൽ പട്ടാപ്പകൽ നാലരയോടെയാണ് സംഭവം. ഇന്നും ബൈക്കും പ്രതികളെയും കണ്ട് കിട്ടിയിട്ടില്ല. മറ്റൊരു ആണവശാസ്ത്രജ്ഞനായ ഡോ. മജീദ് ഷഹ്രിയാരിയും കൊല്ലപ്പെട്ടു. ബൈക്കിൽ വന്ന ചാരൻ അദ്ദേഹത്തിന്റെ ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നിൽ ബോംബ് ഘടിപ്പിക്കുകയായിരുന്നു. ഡോ.ഫെറെദൂൻ അബ്ബാസി ദവാനിക്കും അതേ ഗതിയുണ്ടായി. സർക്കാരിന്റെ സമാന്തര പട്ടാള സംവിധാനമായ റവല്യൂഷണറി ഗാർഡ്‌സ് അംഗവും ക്വാണ്ടം ഫിസിക്‌സ് പ്രഫസറുമായ മസൂദ് അലിയുടെ ഊഴമായിരുന്നു അടുത്തത്. മുഹമ്മദി സ്വന്തം കാറിലേക്കു കയറാൻ തുടങ്ങുമ്പോൾ വൻ സ്‌ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. അടുത്തൊരു ബൈക്ക് പാർക്ക് ചെയ്തിരുന്നു. അതിലായിരുന്നു ബോംബ് വച്ചിരുന്നത്.

ഇറാന്റ റവല്യൂഷനറി ഗാർഡിലെ തന്നെ യൂണിറ്റ് 840 മേധാവി കേണൽ ഹസൻ സയ്യാദ് ഖൊഡേയിയെ വീടിനു മുന്നിൽ വച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. ബൈക്കിൽ വന്ന കൊലയാളികൾ കാറിലിരുന്ന ഖൊഡേയിയെ അഞ്ചു തവണ വെടിവയ്ക്കുകയായിരുന്നു.

ഇറാനിയൻ നേതാക്കൾ മറ്റ് രാജ്യങ്ങളിൽ സന്ദർശനത്തിനു പോകുമ്പോൾ അവരെ തട്ടിയെടുത്ത് മയക്കുമരുന്ന് കുത്തിവച്ച് വിമാനത്തിൽ ഇസ്രയേലിലേക്കു കടത്തുന്നത് മൊസാദിന്റെ മറ്റൊരു തന്ത്രമാണ്. ജനറൽ അലി റീസ അസ്ഗാരി എന്ന മുൻ ഇറാനിയൻ ഡപ്യൂട്ടി പ്രതിരോധ മന്ത്രിയെ 2007ൽ ഇസ്താംബുളിൽ വച്ചു കാണാതായി. ആണവ പരിപാടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. നാലുവർഷത്തോളം യാതൊരു വിവരവും കിട്ടിയില്ല. 2011ൽ ഇറാൻ വിദേശകാര്യമന്ത്രി ആരോപിച്ചു, അസ്ഗാരിയെ മൊസാദ് തട്ടിക്കൊണ്ടു പോയതാണ്. ജയിലിൽ അടച്ചിരിക്കുകയാണ് എന്ന്. അസ്ഗാരി അമേരിക്കയിലേക്ക് കൂറുമാറിയതാണെന്നും പറയുന്നുണ്ട്. 50 ലക്ഷം ഡോളർ നൽകി പുതിയ പേരും ഐഡിയും നൽകി താമസിപ്പിച്ചിരിക്കുകയാണത്രെ.

2020 ജനുവരിയിയിലാണ് മൊസാദ് ലോകത്തെ വീണ്ടു നടുക്കിയത്. ഇറാന്റെ റവല്യൂഷനറി ഗാർഡ്‌സിലെ കുദ്‌സ് വിഭാഗം മേധാവിയായിരുന്നു കാസിം സുലൈമാനിയുടെ വധത്തിൽ അമേരിക്കപോലും ഞെട്ടി. ബാഗ്ദാദ് വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ ബോംബിട്ട് സുലൈമാനിയെ വകവരുത്തിയത്. ഉപഗ്രഹ നിയന്ത്രിത ബോബായിരുന്നു അത്. അതുപോലെ ഇറാന്റെ അണുബോംബ് നിർമ്മാണത്തെ സൈബർ ആക്രമണത്തിലുടെ മൊസാദ് തകർത്തതും വാർത്തയായി. കംപ്യൂട്ടർ സിസ്റ്റത്തിൽ വൈറസിനെ കടത്തിവിട്ട് തെറ്റായ നിദേശം നൽകിയാണ് അവർ നിലയം തകർത്തത്. ഇതുമൂലം വർഷങ്ങളാണ് ഇറാന്റെ ആണവപദ്ധതി വൈകിയത്.

നാട്ടിൽ റെയ്‌സിക്ക് വേണ്ടി ആരും കണ്ണീരൊഴുക്കുന്നില്ല

രാജ്യത്തിനകത്തും പുറത്തും ജനപ്രീതിയുള്ള നേതാവായിരുന്നില്ല ഇബ്രാഹിം റെയ്്‌സി. ഇറാൻ കണ്ടിട്ടുള്ള ഏറ്റവും യാഥാസ്തിക പ്രസിഡന്റുമാരിൽ ഒരാളാണ്. ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ മരണത്തിലേക്ക് തള്ളിവിട്ട കുപ്രസിദ്ധമായ 'മരണത്തിന്റെ സമിതി' എന്നറിയപ്പെട്ട ജുഡീഷ്യൽ സമിതിയിലെ അംഗം എന്ന നിലയിലാണ് റെയ്‌സി നേതൃതലത്തിലേക്ക് ഉയർന്നത്. 'ടെഹ്‌റാനിലെ കശാപ്പുകാരൻ' എന്ന വിളിപ്പേരും ഉണ്ടായിരുന്നതായി ഇസ്രയേൽ-ഇറാൻ മാധ്യമ പ്രവർത്തകൻ ജോനാഥൻ ഹാരോണോഫ് പറഞ്ഞു. ' വ്യാപകമായ ഉദ്യോഗസ്ഥതല അഴിമതി, സാമ്പത്തിക കെടുകാര്യസ്ഥത, കുതിച്ചുയരുന്ന പണപ്പെരുപ്പം, കടുത്ത തൊഴിലില്ലായ്മ, അയവില്ലാത്ത സെൻസർഷിപ്പ്്, രാഷ്ടീയ വിമതർക്ക് കടുത്ത ശിക്ഷയോ മരണമോ', ഇതെല്ലാമാണ് റെയ്‌സിയുടെ ഭരണത്തിന്റെ കുപ്രസിദ്ധിയെന്ന് ജോനാഥൻ പറഞ്ഞു. വനിതാവകാശ പ്രവർത്തകയായ മാസി അലിനേജാദിന്റെ വാക്കുകൾ ഇങ്ങനെ: ' ഇന്നുലോക ഹെലികോപ്ടർ ദിനമായി പ്രഖ്യാപിക്കുന്നു. ആരെങ്കിലും രക്ഷപ്പെട്ടോ എന്ന് ആരെങ്കിലും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഏക ഹെലികോപ്ടർ അപകടമായിരിക്കും, മാസി അലിനേജാദ് പറഞ്ഞു. റഷ്യ-യുക്രെയിൻ യുദ്ധസമയത്ത് റഷ്യക്ക് വൻതോതിൽ ആയുധങ്ങൾ നൽകിയതിലൂടെ യൂറോപ്പിനെ കൂടുതൽ പ്രകോപിപ്പിച്ച നേതാവ് കൂടിയാണ് ഇബ്രാഹിം റെയ്‌സി.

റെയ്‌സി സഞ്ചരിച്ച ബെൽ 212 സുരക്ഷിതമോ?

ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും യാത്ര ചെയ്ത ബെൽ 212 ( ബെൽ ടു ട്വൽവ്) മൂടൽ മഞ്ഞ് പോലെ മോശം കാലാവസ്ഥയിൽ സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധർ പറയുന്നു. അമേരിക്കയിൽ രൂപകൽപന ചെയ്ത് കാനഡയിൽ നിർമ്മിക്കുന്ന ഹെലികോപ്റ്ററിൽ രണ്ടോ ഒന്നോ പൈലറ്റുമാരടക്കം 15 പേർക്ക് സഞ്ചരിക്കാം.

കനേഡിയൻ സൈന്യത്തിന് വേണ്ടി 1960 കളിൽ വികസിപ്പിച്ചെടുത്തതാണ് ബെൽ ഹെലികോപ്ടർ. 1971 ൽ പുറത്തിറക്കിയ ഹെലികോപ്ടർ അമേരിക്കയും, കാനഡയും അവരുടെ സൈന്യത്തിൽ ഉപയോഗിച്ചുവരുന്നു.

ഉപയോഗങ്ങൾ

എല്ലാത്തരം സാഹചര്യങ്ങളിലും ഉപയോഗിക്കാം. മീഡിയം വിഭാഗത്തിൽപ്പെടുന്ന ബെൽ 212 സാധാരണയായി കടലിലെ റസ്‌ക്യൂ ഓപ്പറേഷനുകൾക്കാണ് അധികവും ഉപയോഗിക്കുക. 439 കി.മീ. റേഞ്ചും 190 കി.മീ. വേഗവുമുണ്ട്. ആളുകളെ കൊണ്ടുപോകാൻ, രക്ഷാപ്രവർത്തനങ്ങൾ, ചരക്ക് സാധാനങ്ങളും ആയുധങ്ങളും എത്തിക്കൽ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഇറാനിയൻ മോഡൽ ബെൽ 212 സർക്കാർ തലത്തിലെ യാത്രക്കാരെ കൊണ്ടുപോകാൻ വേണ്ടി രൂപകൽപ്പന ചെയ്തതാണ്.

ജപ്പാന്റെ തീരദേശസേന. യുഎസിലെ പൊലീസ്-അഗ്നിശമന സേനാ വിഭാഗങ്ങൾ, തായ്‌ലൻഡ് ദേശീയ പൊലീസ് എന്നിവയാണ് ബെൽ 212 ഉപയോഗിക്കുന്ന സൈനികേതര സ്ഥാപനങ്ങൾ.

ബെൽ 212 അപകടങ്ങൾ

2023 സെപ്റ്റംബറിൽ, യുഎഇ തീരത്തിന് അടുത്ത് സ്വകാര്യ ഹെലികോപ്ടർ തകർന്നുവീണു. ഇറാനിൽ ഇതിന് മുമ്പ് 2018 ൽ ബെൽ 2012 തകർന്ന് വീണ് നാലുപേർ മരിച്ചിരുന്നു.