- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൊസാദിന്റെ കില്ലർ സ്റ്റൈൽ ചർച്ചയാവുമ്പോൾ
ചത്തത് കീചകനെങ്കിൽ കൊത്ത് ഭീമൻ തന്നെയാണെന്നാണ് ലോകവ്യാപകമായ പൊതുബോധം. ലോകത്ത് എന്ത് സംഭവിച്ചാലും അത് മൊസാദിന്റെ പണിയാണെന്ന് പറയുന്നവർ ഈ കേരളത്തിലും എത്രയോ ഉണ്ട്. വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട്, യുക്രൈയൻ യുദ്ധം വരെ മൊസാദിന്റെ ചുമലിൽ ഇട്ടുകൊണ്ടുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് ചമക്കുന്നത്. പല ഇസ്ലാമിസ്റ്റുകളും മൊസാദിനെ ഇല്യൂമിനാറ്റിയോടും ഉപമിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലും ഇക്കൂട്ടത്തിൽ പെടുത്തിയാണ്, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ തിമ്ിർക്കുന്നത്. ഇപ്പോൾ ഹെലികോപ്റ്റർ തകർന്ന് വീണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും കൂട്ടുരും കൊല്ലപ്പെട്ടതിനുപിന്നിൽ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ കരങ്ങളുണ്ടെന്ന സംശയം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു.
ഹെലികോപ്റ്റർ താഴേക്ക് പറത്തി ഇടിച്ച് തകർത്തത് എലി കോപ്റ്റർ എന്ന മൊസാദ് ഏജന്റാണെന്നായിരുന്നു പ്രചാരണം. ഒരു ഫ്രഞ്ച്- ഇസ്രയേലി ടിവി ചാനൽ ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെ കേരളത്തിലടക്കമുള്ള ഓൺലൈൻ മാധ്യമങ്ങളും ഇതു ഏറ്റുപിടിച്ചു. പക്ഷേ ബിബിസിയും, സിഎൻഎന്നും, അടക്കമുള്ള ലോകമാധ്യമങ്ങൾ ഈ ഗൂഢാലോചനാ സിദ്ധാന്തങ്ങളെ തള്ളുകയാണ്. മൊസാദിന്റെ കില്ലർ സ്റ്റെൽ ചൂണ്ടിക്കാട്ടിയും, ഇസ്രയേലിന്റെ നയതന്ത്ര രീതികൾ ചൂണ്ടിക്കാട്ടിയാണ് അവർ കൊലക്ക് പിന്നിൽ മൊസാദ് ആവാനുള്ള സാധ്യത തള്ളിക്കളയുന്നത്.
മൊസാദിനെതിരെ വ്യാപകമായ ആരോപണം ഉയർത്തുന്നതിൽ അധികവും ഹമാസ് അനുകൂല സമൂഹമാധ്യമപേജുകളാണ്. എന്നാൽ എലി കോപ്റ്റർ എന്ന മൊസാദ് ഏജന്റാണ് ഹെലികോപ്റ്റർ പറത്തിയതെന്നത് ശരിയല്ല എന്നാണ് അൽജസീറയടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്. അമേരിക്കൻ രഹസ്യപ്പൊലീസായ സിഐഎയെ വെല്ലുന്ന രഹസ്യപ്പൊലീസാണ് ഇസ്രയേലിന്റെ മൊസാദ്. ഈ ചാരസംഘടന ഇറാനിൽ എല്ലായിടങ്ങളിലും നുഴഞ്ഞുകയറിയിരിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇബ്രാഹിം റെയ്സിയുടെ കൊലപാതകമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അസർ ബൈജാൻ അതിർത്തിയിലാണ് അപകടം നടന്നത്. മോശം കാലാവസ്ഥയാണ് ഹെലികോപ്റ്റർ അപകടം ഉണ്ടാകാൻ കാരണമെന്ന് പറയുമ്പോഴും അതിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണാണ് പലരും എക്സിൽ പങ്കുവെയ്ക്കുന്ന സന്ദേശങ്ങൾ.
കാര്യം ഇറാനുമായി ഇസ്രയേലിനെ കടുത്ത ശത്രുതയുണ്ടെങ്കിലും ഇപ്പോൾ നാലുപാടും നിന്നും പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവർ ഒരു രാഷ്ട്രത്തലവനെ കൊല്ലുന്ന രീതിയിലുള്ള കടുത്ത തീരുമാനങ്ങൾ എടുക്കാനിടയില്ല എന്നാണ് പറയുന്നത്.
മെർക്കാസിലെ-മോദീൻ ഉലെ-തഫ്കിദിം മെയുഹാദിം എന്നതിന്റെ ചുരക്കപ്പേരാണ് മൊസാദ്. ഹീബ്രുവിൽ എഴുതിയ ഈ വാക്കുകളുടെ അർത്ഥം, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റലിജൻസ് ആൻഡ് സ്പെഷ്യൽ ഓപ്പറേഷൻസ്' എന്നാണ്. ഇന്ന് മൊസാദ് എന്ന പേര്് കേട്ടാൽ, ലോകം ഞെട്ടും. അമേരിക്കയുടെ സിഐഎയെപ്പോലും കവച്ചുവെക്കുന്ന ലോകത്തിലെ നമ്പർ വൺ ചാരസംഘടന. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതിൽ, എതിരാളികളെ കൊന്നൊടുക്കുന്നവർ. ഇസ്രയേൽ ഇത് പ്രതിരോധ സേനയാണെന്നും, ലോകമെമ്പാടുമുള്ള യഹൂദന്മാരെ സംരക്ഷിക്കാൻ ഉണ്ടാക്കിയതാണ് എന്നൊക്കെപ്പറയുന്നുണ്ടെങ്കിലും, ലോകത്തിന്റെ പലഭാഗങ്ങളിലും വിശിഷ്യാ ഇസ്ലാമിക രാജ്യങ്ങളിൽ മൊസാദ് എന്ന പേര് കേൾക്കുന്നതുപോലും, പിശാചിന് തുല്യമാണ്.
റെയ്സി കില്ലർ ലിസ്റ്റിലുണ്ട്, പക്ഷേ
മൈക്കൽ ബാർ സോഹർ, നിസിം മിഷൽ എന്നിവർ ചേർന്ന് എഴുതിയ, 'മൊസാദ് ദ ഗ്രേറ്റസ്റ്റ് മിഷൻ ഓഫ് ദ ഇസ്രയേൽ സീക്രട്ട് സർവീസ്'എന്ന പുസതകത്തിൽ എങ്ങനെയാണ് മൊസാദ് കൊലകൾ നടത്തുന്നത് എന്ന് പറയുന്നുണ്ട്. ഓസ്‌ക്കാർ നോമിനേഷനുകളൊക്കെ നാം കേട്ടിട്ടുണ്ട്. പക്ഷേ ഇവിടെ കൊലപാതകത്തിന് നോമിനേഷനുണ്ട്. കൊല്ലേണ്ട വ്യക്തിയെ 'നാമനിർദ്ദേശം ചെയ്യുക'യാണ് മൊസാദിന്റെ ആദ്യ പടി. രാജ്യത്തിലെ ഏതെങ്കിലും ഇന്റലിജൻസ് ഏജൻസിയിൽ നിന്നോ, മന്ത്രിസഭയിൽ നിന്നോ ഒക്കെ ആവും ആ നോമിനേഷൻ വരിക. രണ്ടാമത്തെ ഘട്ടം, കൊലപാതകത്തിന്റെ സാധ്യതാ പഠനമാണ്. അയാളെക്കുറിച്ച് രാജ്യത്തെ എല്ലാ ഇന്റലിജൻസ് ഏജൻസികളും സമർപ്പിച്ചിട്ടുള്ള എല്ലാ ഇൻപുട്ടുകളും പരിശോധിക്കും. തുടർന്ന് എവിടെ വെച്ച്, എപ്പോൾ, എങ്ങനെ, എന്ത് ആയുധം ഉപയോഗിച്ച് കൊല്ലുന്നതാണ് ഉത്തമം എന്നൊക്കെയുള്ള കാര്യങ്ങളിൽ ചർച്ചകൾ നടത്തും.
ഈ ഫീസിബിലിറ്റി സ്റ്റഡി കഴിഞ്ഞാൽ അതിന്റെ കണ്ടെത്തലുകൾ അവർ വരാഷ് എന്നു പേരായ രാജ്യത്തെ എല്ലാ ഇന്റലിജൻസ് ഏജൻസികളുടെയും തലവന്മാർ അംഗങ്ങളായ കമ്മിറ്റിയിൽ അവതരിപ്പിക്കും. ഈ ഉന്നതാധികാര കമ്മിറ്റി പ്രസ്തുത ഓപ്പറേഷന് വേണ്ട എല്ലാവിധ മാർഗനിർദ്ദേശങ്ങളും നൽകും. പക്ഷേ ഈ കമ്മിറ്റിക്കും പ്രസ്തുത കൊലപാതകത്തിന് അന്തിമാനുമതി നൽകാനുള്ള അധികാരമില്ല. മൊസാദിന്റെ എല്ലാ കൊലപാതകങ്ങളും ഇസ്രയേൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവിന്റെ പുറത്താണ് നടപ്പിലാക്കപ്പെടുന്നത്. ഇസ്രയേൽ പ്രതിരോധ മന്ത്രിക്കും ഇതിൽ വലിയ റോൾ ഉണ്ട്. ഇവരുടെ കൈയിലുള്ള ഒരു യെല്ലോ ബുക്കിലുടെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ആ ബുക്കിൽ പേര് വന്നാൽ പിന്നെ ഏത് വമ്പന്റെയും കഥ കഴിഞ്ഞു.
പ്രധാനമന്ത്രിയിൽ നിന്നുള്ള അന്തിമാനുമതി കിട്ടിക്കഴിഞ്ഞാൽ സംഗതി വീണ്ടും മൊസാദിന്റെ കോർട്ടിലേക്ക് വരും. ഈ ഘട്ടത്തിലാണ് മൊസാദിന്റെ അണ്ടർ കവർ ഓപ്പറേഷനൽ ബ്രാഞ്ച് ആയ സിസേറിയ കാര്യങ്ങൾ ഏറ്റെടുക്കുന്നത്. സിസേറിയയുടെ പണി ടാർഗെറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കലാണ്. അതിനുശേഷം ഇത്, സ്‌പെഷ്യലൈസ്ഡ് പ്രൊഫഷണൽ കില്ലിങ് ഡിപ്പാർട്ട്‌മെന്റ് ആയ കിഡോണിലേക്ക് എത്തും. ഇവരുടെ പരിശീലനം സിദ്ധിച്ച കൊലയാളികളാണ് വധം നടപ്പാക്കുന്നത്. അങ്ങനെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ എകോപനത്തോടെയാണ് മൊസാദ് ഒരു കില്ലർ ഓപ്പറേഷൻ നടപ്പാക്കുന്നത്. ദൈവംപോലും അറിയാതെ കൊല്ലാൻ കഴിയുന്നവർ എന്നാണ് മൊസാദ് വിശേഷിപ്പക്കപ്പെടുന്നത്.
ഇവിടെയാണ് ഇബ്രാഹീം റെയ്സിയുടെ കാര്യത്തിൽ സംശയങ്ങൾ ഉയരുന്നത്. അദ്ദേഹത്തെ വധിക്കാനുള്ള അനുമതി ഇസ്രയേൽ പ്രധാനമന്ത്രി നൽകിയിട്ടില്ല എന്നാണ് സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്. അതില്ലാത്ത പക്ഷം മൊസാദ് അനങ്ങില്ല എന്ന് ഉറപ്പാണ്. മാത്രമല്ല തങ്ങൾ നടത്തിയ ഓപ്പറേഷനുകളുടെ എല്ലാം ഡോക്യൂമെന്റ് ചെയ്യുന്ന ഒരു രീതി മൊസാദിനുണ്ട്. അതുകൊണ്ടുന്നെ വർഷങ്ങൾ എത്ര കഴിഞ്ഞാലും സത്യം പുറത്തുവരും. പക്ഷേ ഇവിടെ റെയ്സിയുടെ യാത്രകൾ ഒന്നും തന്നെ മൊസാദിന്റെ ഡാറ്റയിൽ ഇല്ലായിരുന്നുവെന്നാണ് സിഎൻഎൻ എഴുതുന്നത്. അതുകൊണ്ടുതന്നെ തൽക്കാലം, ഇബ്രാഹീം റെയ്സിയുടെ മരണം ഒരു അപകട മരണം തന്നെയാവാനുള്ള സാധ്യതയാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.