- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യാകുറിപ്പ് നിര്‍ണ്ണായകമായി; സുല്‍ത്താന്‍ ബത്തേരി എം.എല്‍ എ ഐ സി ബാലകൃഷ്ണനെതിരെ കേസെടുത്തു; ഡിസിസി പ്രിസഡന്റും പ്രതി; ജാമ്യമില്ലാ കേസെടുത്തത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കാന്‍; പിപി ദിവ്യയ്ക്കെതിരായ കേസിന് സമാനമാണിതെന്നും വിലയിരുത്തല്‍; അതിവേഗ നീക്കങ്ങള്‍ക്ക് പോലീസ്
കല്‍പ്പറ്റ: വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ സുല്‍ത്താന്‍ ബത്തേരി എം.എല്‍ എ ഐ സി ബാലകൃഷ്ണനെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനും കേസില്‍ പ്രതിയാണ്. ഗോപിനാഥ് എന്ന കോണ്‍ഗ്രസ് നേതാവും പ്രതിയാണ്. ഇതോടെ എന്‍എം വിജയന്റെ ആത്മഹത്യാക്കേസിന് പുതിയ മാനം നല്‍കുകയാണ്. അതിവേഗ നീക്കങ്ങളിലൂടെ എംഎല്‍എയെ അടക്കം അറസ്റ്റു ചെയ്യാനാണ് പോലീസ് നീക്കം.
സഹകരണ ബാങ്കിലെ അഴിമതിയില്‍ വിജിലന്‍സ് കേസും എടുക്കും. വിജയന്റെ ബന്ധുക്കളുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവിന്റെ ആത്മഹത്യകുറിപ്പ് പുറത്ത് വന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അതിവേഗ നീക്കം. കണ്ണൂര്‍ എ ഡി എം ആയിരുന്ന സീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സി പി എം നേതാവ് പി പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേര്‍ണ കുറ്റം ചുമത്തി കേസെടുത്തിരുന്നു അതേ സാഹചര്യം വിജയന്റെ ആത്മഹത്യയിലും നിലനില്‍ക്കുന്നുവെന്നാണ് നിയമ വൃത്തങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനും സി പി എം ഈ വിഷയം രാഷ്ട്രീയ ആയുധമാക്കും. കെ.പി സിസി അദ്ധ്യക്ഷന്‍ കെ സുധാകരനിലേക്കും അന്വേഷണം നീളും.
എന്‍ എം വിജയന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പുകള്‍ പുറത്ത് വന്നിരുന്നു. കുടുംബത്തിനും കെപിസിസി അധ്യക്ഷനുമായി എഴുതിയ കത്തുകളാണ് പുറത്ത് വന്നത്. നാല് മരണക്കുറിപ്പുകളാണ് എന്‍ എം വിജയന്‍ തയ്യാറാക്കിയത്. കെപിസിസി പ്രസിഡന്റിനും മൂത്ത മകനും പ്രത്യേകം കത്തുകളുണ്ട്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത ഏറ്റുപറഞ്ഞും മകനോട് മാപ്പു പറഞ്ഞുമാണ് കത്തുകള്‍. കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ കെപിസിസി അധ്യക്ഷനെഴുതിയ കത്തിലുണ്ട്. ഈ കത്തുകളാണ് ആത്മഹത്യാ പ്രേരണാ കേസിന് ആധാരം. അതില്‍ പറഞ്ഞിരിക്കുന്ന നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. പ്രശ്‌നം ഒത്തുതീര്‍പ്പിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല.
കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു എന്‍ എം വിജയന്‍ എന്ന് തെളിയിക്കുന്ന ആത്മഹത്യാക്കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്. അരനൂറ്റാണ്ട് കാലം പാര്‍ട്ടിക്ക് വേണ്ടി ജീവിതം തുലച്ചു. മരണത്തിന് ശേഷം പാര്‍ട്ടി തലത്തില്‍ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ എഴുതിവെച്ച നാല് കത്തും പുറത്തുവിടണമെന്നും കുടുംബത്തിനുളള കത്തില്‍ പറയുന്നു. നാലു പേജിലാണ് മകന്‍ വിജിത്തിനെ അഭിസംബോധന ചെയ്താണ് കത്തുള്ളത്. അര്‍ബന്‍ ബാങ്കിലെ കടബാധ്യത പാര്‍ട്ടി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ എല്ലാ കത്തുകളും വിവരങ്ങളും പരസ്യമാക്കണം. മൃതദേഹം ശ്മശാനത്തില്‍ അടക്കം ചെയ്യണമെന്നും കത്തിലുണ്ട്. ഈ കത്ത് പുറത്തു വന്നതോടെ മറ്റ് കത്തുകളും പുറത്തു വന്നു.
കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന രീതിയിലുളള വെളിപ്പെടുത്തലുകളാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എഴുതിയ 2 കത്തുകളിലുള്ളത്. പണം വാങ്ങിയത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എന്‍ എം വിജയന്‍ കത്തില്‍ സൂചിപ്പിക്കുന്നു. ബാങ്ക് നിയമനത്തിനായി പണം വാങ്ങാന്‍ നിര്‍ദ്ദേശിച്ചത് കോണ്‍ഗ്രസ് എംഎല്‍എ ആണെന്നും പ്രശ്‌നം വന്നപ്പോള്‍ നേതൃത്വം കയ്യൊഴിഞ്ഞുവെന്നും കത്തിലുണ്ട്. എന്ത് പറ്റിയാലും ഉത്തരവാദിത്തം പാര്‍ട്ടിക്കാണ്. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെഴുതിയ സാമ്പത്തിക ബാധ്യതകളെ കുറിച്ചുളള കത്തില്‍ ഐസി ബാലകൃഷ്ണനും എന്‍ഡി അപ്പച്ചനും പണം വാങ്ങിയെന്ന് പരാമര്‍ശമുണ്ട്. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും മരിക്കേണ്ടി വരുമെന്നും കെപിസിസി നേതൃത്വത്തിന് എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്നു.
അര്‍ബന്‍ ബാങ്ക് നിയമനത്തിന് എന്‍ എം വിജയന്‍ വഴി നിരവധിപ്പേരില്‍ നിന്ന് പണം വാങ്ങിയെന്നും ഇതിന് ഐ.സി ബാലകൃഷ്ണന് പങ്കുണ്ടെന്നുമാണ് ആരോപണം. രണ്ടു ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത വിജയന് ഉണ്ട് എന്ന് ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിയമനത്തിനായി നടത്തിയ ഇടപാടിലൂടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് വിജയന്റെ ആത്മഹത്യക്ക് കാരണമായതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ബാങ്ക് നിയമനത്തിന് എന്‍ എം വിജയന്‍ വഴി നിരവധി പേരില്‍ നിന്ന് പണം വാങ്ങിയെന്നും ഇതിന് ഐ സി ബാലകൃഷ്ണന് പങ്കുണ്ടെന്നുമാണ് ആരോപണം.
ഡിസിസി വയനാട് ട്രഷറര്‍ എന്‍ എം വിജയന്‍ ആത്മഹത്യയ്ക്ക് മുമ്പ് എഴുതിയ മരണക്കുറിപ്പ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും താനാണ് എത്തിച്ചുനല്‍കിയതെന്ന് മകന്‍ വിജേഷ് പ്രതികരിച്ചിരുന്നു. ''ഒന്നിന് എറണാകുളത്തെത്തിയാണ് പ്രതിപക്ഷ നേതാവിന് കത്ത് കൈമാറിയത്. രണ്ടിന് കണ്ണൂരില്‍പോയി സുധാകരനും കത്ത് നല്‍കി. എനിക്ക് എഴുതിയ കുറിപ്പിലെ നിര്‍ദേശിച്ച പ്രകാരമാണ് കത്തുകൊണ്ടുപോയി കൊടുത്തത്. മരണക്കുറിപ്പ് നല്‍കിയിട്ടും നേതാക്കള്‍ ഇടപെട്ടില്ലെങ്കില്‍ ജില്ലാ പൊലീസ് മേധാവിക്കും പത്രങ്ങള്‍ക്കും നല്‍കണമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. അച്ഛന്റെ ജീവിതം മുഴുവന്‍ കോണ്‍ഗ്രസിനുവേണ്ടിയായിരുന്നു. പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തിച്ച് വലിയ കടബാധ്യതയായി. ഒന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല. മരണക്കുറിപ്പ് വായിച്ചപ്പോഴാണ് ഇത്ര വലിയ ബാധ്യതയും മാനസിക സംഘര്‍ഷവും ഉണ്ടായിരുന്നതായി മനസ്സിലാക്കിയത്. എന്നിട്ടും ആശ്വസിപ്പിക്കാന്‍പോലും നേതാക്കള്‍ വന്നില്ല''- വിജേഷ് പറഞ്ഞു.
നേതാക്കളുടെ ഇടപെടല്‍ ഉണ്ടാകാത്തതിനെതുടര്‍ന്നാണ് കത്ത് പുറത്തുവിട്ടത്. പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനുമുള്ള മരണക്കുറിപ്പിലും പൊലീസിന് കത്ത് കൈമാറാന്‍ ഇടയാക്കരുതെന്ന അപേക്ഷ ഉണ്ടായിരുന്നു. വിജയനും മകന്‍ ജിജേഷും മരിച്ചിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞുനോക്കിയിരുന്നില്ല. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും വീട് സന്ദര്‍ശിക്കാന്‍പോലും തയ്യാറായില്ല. സംസ്‌കാരത്തിനും പ്രധാന നേതാക്കള്‍ എത്തിയില്ല. മണ്ഡലത്തിലെ എംപിയായ പ്രിയങ്കയും മുന്‍ എംപി രാഹുലും മരണത്തില്‍ അനുശോചിച്ചതുപോലുമില്ല. ഇവരില്‍ വലിയ പ്രതീക്ഷയായിരുന്നു വിജയനുണ്ടായിരുന്നത്. ഇരുവര്‍ക്കും മരണക്കുറിപ്പും എഴുതിവച്ചിരുന്നുവെന്നാണ് സൂചന.