- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസി ബാലകൃഷ്ണനും എന്‍ഡി അപ്പച്ചനും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍; മൊബൈലില്‍ പോലും കിട്ടാനില്ല; തിരുവനന്തപുരത്തെ സുരക്ഷിത കേന്ദ്രത്തില്ലെന്ന് സംശയം; വയനാട് ഡിസിസി ട്രഷറുടെ ആത്മഹത്യാ കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും; കോണ്‍ഗ്രസ് നേതാക്കള്‍ വെള്ളയമ്പലത്തുണ്ടെന്ന് പോലീസ് നിഗമനം
തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറായിരുന്ന എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടും. ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നു. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരെയെല്ലാം അറസ്റ്റു ചെയ്യനാണ് തീരുമാനം. അതിനിടെ ഐസി ബാലകൃഷ്ണന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറി. മൊബൈല്‍ ഫോണ്‍ അടക്കം സ്വിച്ച് ഓഫാണ്. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റു ചെയ്തതിന് സമാനമായ ഇടപെടല്‍ പോലീസ് നടത്തുമെന്ന തിരിച്ചറിവിലാണ് മാറ്റം. കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി എംഎല്‍എ അടക്കം നല്‍കും.
എംഎല്‍എ അടക്കം പ്രതിയായ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കെഎല്‍ പൗലോസ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ക്കൊപ്പം നേരത്തെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പരേതനായ പി വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്. ആത്മഹത്യാക്കുറിപ്പില്‍ കൈയ്യക്ഷര ഫോറന്‍സിക് പരിശോധന അടക്കം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് ചുമതല നല്‍കുന്നത്. നിയമസഭ ചേരാത്തതിനാല്‍ എംഎല്‍എയെ അറസ്റ്റു ചെയ്യാന്‍ നിയമ പ്രശ്‌നമൊന്നും ക്രൈംബ്രാഞ്ച് തിരിച്ചറിയുന്നുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയുള്ള ഉത്തരവ് വന്നാലുടന്‍ ഇടപെടലുകള്‍ തുടങ്ങും.
ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനും കെ കെ ഗോപിനാഥും വയനാട് ജില്ലയില്‍ ഇല്ലെന്നാണ് വിവരം. നേതാക്കളുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്. എന്‍ഡി അപ്പച്ചന്‍ ഇന്നലെ തിരുവനന്തപുരത്തെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഐസി ബാലകൃഷ്ണന്‍ തിരുവനന്തപുരത്താണെന്ന് എംഎല്‍എയുടെ ഓഫീസ് പറയുന്നു. കേസില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. മൂന്ന് പ്രതികളും ജില്ല വിട്ടത് ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. മൂവരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. എങ്കിലും ജില്ല വിട്ട് മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ അറസ്റ്റിന് സാധ്യതയേറിയിട്ടുണ്ട്.
വിഷം കഴിച്ചു മരിക്കുന്നതിന് മുന്‍പ് മൂത്ത മകന്‍ വിജേഷിന് എഴുതിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വിജയന്‍ വ്യക്തമാക്കുന്നത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാര്‍ട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി വിജയന്‍ പറയുന്നത്. ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് വെളിപ്പെടുത്തിയിരുന്നു. നിയമനത്തിന് പണം വാങ്ങിയത് എം എല്‍ എ ആണെന്ന് ആരോപിക്കുന്ന കത്തില്‍ ഈ വിവരങ്ങളെല്ലാം കെ പി സി സി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്.
ഡി സി സി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കള്‍ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന സ്വഭാവമുള്ള കത്തുകള്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയില്‍ എഴുതി സൂക്ഷിച്ചിരുന്നു. ഈ കത്തുകളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണാകേസ് എടുത്തത്. ഈ കത്തിലെ ഫോറന്‍സിക് പരിശോധന നിര്‍ണ്ണായകമാണ്. ആത്മഹത്യാക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെ എന്‍ എം വിജയന്‍ കെപിസിസി നേതൃത്വത്തിന് എഴുതിയ കത്തും കുടുംബം പുറത്തുവിട്ടിരുന്നു. ഇതില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് പറയുന്ന നേതാക്കളുടെ പേരുകളിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്.
ആത്മഹത്യാപ്രേരണ കൂടി ഉള്‍പ്പെടുത്തിയതോടെ കേസ് മാനന്തവാടി സബ് ഡിവിഷന്‍ കോടതിയില്‍ നിന്ന് ബത്തേരി കോടതിയിലേക്ക് മാറ്റാന്‍ പോലീസ് അപേക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ കൈമാറുന്നത്.