- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
5500 ലേറെ കിലോമീറ്റര്‍ സഞ്ചാര ശേഷി; ഒരേ ബാലിസ്റ്റിക് മിസൈലില്‍ നിന്ന് അനവധി പോര്‍മുനകള്‍ വ്യത്യസ്ത ലക്ഷ്യങ്ങളെ വേധിക്കുന്ന എം ആര്‍ വി സാങ്കേതിക വിദ്യ; യുദ്ധചരിത്രത്തില്‍ ഇതാദ്യമായി യുക്രെയിന് നേരേ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് റഷ്യയുടെ തീക്കളി; ഇന്ത്യയോട് മുട്ടാന്‍ വന്നാല്‍ കയ്യിലുണ്ട് അഗ്നി-5 മിസൈല്‍
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് റഷ്യയുടെ തീക്കളി
മോസ്‌കോ: 5,500 കിലോമീറ്റര്‍ വരെ സഞ്ചാരശേഷി. നിലവില്‍ വന്ന് ആറ് പതിറ്റാണ്ടിന് ശേഷം യുദ്ധത്തില്‍ ഇതാദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ റഷ്യ തൊടുത്തുവിട്ടിരിക്കുന്നു. യുക്രെയിനിലെ നിപ്രോയില്‍ നിര്‍ണായക കേന്ദ്രത്തെ ലാക്കാക്കി തൊടുത്തുവിട്ടത് ആയിരത്തിലേറെ കിലോമീറ്റര്‍ അകലെ നിന്നാണ്.
ഐസിബിഎമ്മുകള്‍, സാധാരണ ആണവ, രാസ, ജൈവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളവയാണ്. റഷ്യ പ്രയോഗിച്ച ആര്‍ എസ്-26 റുബെസ് ബാലിസ്റ്റിക് മിസൈലില്‍ പരമ്പരാഗത പോര്‍മുനയാണ് ഉപയോഗിച്ചതെന്നാണ് സൂചന. റഷ്യയിലെ അസ്ട്രഖാന്‍ മേഖലയില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്.
സോഷ്യല്‍ മീഡിയയിലും ടെലിഗ്രാം ഹാന്‍ഡിലുകളിലും മിസൈല്‍ തൊടുക്കുന്നതിന്റെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. യുക്രെയിന്‍ സംഗതി സ്ഥിരീകരിച്ചെങ്കിലും റഷ്യയ്ക്ക് മിണ്ടാട്ടമില്ല.
തങ്ങളുടെ ആണവ നയം പുട്ടിന്‍ പൊളിച്ചെഴുതി ഒരുദിവസം പിന്നിട്ടപ്പോഴാണ് റഷ്യയുടെ ഈ സാഹസം. ആണവേതര രാഷ്ട്രം ആണവ രാഷ്ട്രത്തിന്റെ പിന്തുണയോടെ തങ്ങളെ ആക്രമിച്ചാല്‍ അത് സംയുക്ത ആക്രമണമായി കണക്കാക്കുമെന്നതാണ് മാറ്റം. ദീര്‍ഘദൂര യുഎസ് നിര്‍മ്മിത ATACMS മിസൈലുകള്‍ റഷ്യക്ക് നേരേ തൊടുക്കാന്‍ അമേരിക്ക യുക്രെയിന് അനുമതി നല്‍കിയിരുന്നു.
ഐ സി ബി എമ്മും എം ആര്‍ വി സാങ്കേതിക വിദ്യയും
ഖര ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്ന ഐസിബിഎമ്മാണ് റുബെസ്. ഇതില്‍ എം ആര്‍ വി സാങ്കേതിക വിദ്യയും സജ്ജമാണ്. 2011 ലാണ് ഇത് വികസിപ്പിച്ചെടുത്തത്. 2012 ല്‍ ആദ്യമായി പരീക്ഷിച്ചപ്പോള്‍ 5800 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തെ ഭേദിച്ചിരുന്നു.
ഖര ഇന്ധന മിസൈസുകള്‍ വിക്ഷേപണത്തിന് ശേഷം ഉടനെ ഇന്ധനം നിറയ്‌ക്കേണ്ടതില്ല. ഉപയോഗിക്കാനും എളുപ്പമാണ്. ആര്‍ എസ് 26 ലെ ഖര പ്രൊപ്പല്ലന്റ് കത്തുമ്പോള്‍ ഇന്ധനത്തില്‍ നിന്നുള്ള ഓക്‌സിജന്‍ സൃഷ്ടിക്കുന്ന ശക്തമായ ഊര്‍ജ്ജമാണ് മിസൈലിനെ മുന്നോട്ട് കുതിപ്പിക്കുന്നത്.
ഏറ്റവും ഉയര്‍ന്ന പോയിന്റില്‍ മിസൈല്‍ എത്തുന്നതിനെ അപ്പോജി എന്നുവിളിക്കുന്നു. ഐസിബിഎമ്മുകള്‍ക്ക് അത് 4000 കിലോമീറ്ററില്‍ ഏറെയാണ്. വീണ്ടും അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന സമയത്തെ വേഗം കാരണം മിസൈലിനെ തകര്‍ക്കാനും വിഷമമാണ്. ഒരേ മിസൈലില്‍ നിന്ന് അനവധി പോര്‍മുനകള്‍ വ്യത്യസ്ത ലക്ഷ്യങ്ങളെ വേധിക്കാന്‍ എം ആര്‍ വി സാങ്കേതിക വിദ്യയുളള ഐ സി ബി എമ്മുകള്‍ക്ക് കഴിയുന്നു. ഇവ ആണവമോ, ആണവേതരമോ ആവാം. ചില എം ആര്‍ വി മിസൈലുകള്‍ക്ക് 1500 കിലോമീറ്റര്‍ വ്യത്യാസത്തിലുള്ള ടാര്‍ജറ്റുകളെയും വേധിക്കാം.
യുക്രെയിനിലെ നിപ്രോയില്‍ ആറ് ബോംബുകളോ പോര്‍മുനകളോ മേഖലയില്‍ പ്രയോഗിച്ചിട്ടുണ്ട്. അമേരിക്കയാണ് എം ആര്‍ വി സാങ്കേതിക വിദ്യ ആദ്യമായി വികസിപ്പിച്ചെടുത്തത്-1970 ല്‍. സോവിയറ്റ് യൂണിയന്‍ അധികം വൈകാതെ തന്നെ ഒപ്പമെത്തി.
ഈ വര്‍ഷം ഇന്ത്യ മള്‍ട്ടിപ്പിള്‍ ഇന്റലിജന്റ്‌സി ടാര്‍ജറ്റബിള്‍ റി എന്‍ട്രി വെഹിക്കിള്‍ ആദ്യമായി പരീക്ഷിച്ചു. അഗ്നി -5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വഴി എം എര്‍ വി സാങ്കേതിക വിദ്യ ഡി ആര്‍ ഡി ഒ വിജയകരമായി പരീക്ഷിച്ചു. ഇതോടെ, ഇന്ത്യയും എം ആര്‍ വി സാങ്കേതിക വിദ്യാ ശേഷിയുള്ള രാജ്യങ്ങളുടെ ക്ലബ്ബില്‍ എത്തി. അഗ്നി -5 മിസൈലിന് 5000 കിലോമീറ്ററോളം സഞ്ചാര ശേഷിയുണ്ട്.