പൂപ്പാറ: കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിൽ തോണ്ടിമലയിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 4 പേർ മരിച്ചു. തിരുനൽവേലി സ്വദേശികളായ സി.പെരുമാൾ (59), വള്ളിയമ്മ(70), വിശ്വ(സുശീന്ദ്രൻ) (8), സുധ(20) എന്നിവരാണ് മരിച്ചത്. 6 പേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. യാത്രക്കാരായ 16 പേർക്ക് പരുക്കേറ്റു.

വൈകിട്ട് 6.45ന് തൊണ്ടിമല ഇരച്ചിൽപാറയ്ക്ക് സമീപമാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട വാൻ വളവ് തിരിയാതെ കൊക്കയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും ഇതുവഴിയെത്തിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ ആദ്യം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.

സാരമായി പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുനെൽവേലി സ്വദേശികളായതിനാലാണ് ഇവരെ തേനിയിലേക്ക് മാറ്റിയത്. തിരുനെൽവേലിയിൽനിന്ന് മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പൂപ്പാറയ്ക്കും ബോഡിമേട്ടിനും ഇടയിൽ തൊണ്ടിമല എസ് വളവിൽ നിയന്ത്രണംവിട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.

21 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വൈകീട്ട് 6.45 ഓടെയാണ് അപകടം നടന്നത്.