- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സസ്‌പെന്‍ഷനിലായി ട്രിബ്യൂണല്‍ വിധിയില്‍ തിരികെ ജോലിക്ക് കയറിയ അന്നു തന്നെ കൈക്കൂലി; ഹോട്ടലിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ വാങ്ങിയത് 75000 രൂപ; ഇടുക്കി ഡിഎംഒ കൈക്കൂലി കേസില്‍ അറസ്റ്റില്‍
അന്വേഷണ പരിധിയില്‍ നിരവധി പരാതികളെന്ന് വിജിലന്‍സ്
ഇടുക്കി: സസ്‌പെന്‍ഷനിലായി തിരികെ ജോലിക്ക് കയറിയ അന്നു തന്നെ കൈക്കൂലി കേസില്‍ ഇടുക്കി ഡി.എം.ഒ. ഡോക്ടര്‍ എല്‍. മനോജ് അറസ്റ്റില്‍. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75000 രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. വ്യാപകമായ പരാതികളുയര്‍ന്നതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഇയാളെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഇയാള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ സ്റ്റേ വാങ്ങുകയും തുടര്‍ന്ന് ഇന്ന് വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75000 രൂപയാണ് കൈക്കൂലി വാങ്ങിയതെന്നാണ് വിവരം. ഇയാളുടെ ഡ്രൈവറുടെ ഗൂഗിള്‍ പേ വഴിയാണ് പണം അയച്ചു നല്‍കിയത്. ഡ്രൈവര്‍ രാഹുല്‍ രാജിനേയും വിജിലന്‍സ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്നാര്‍ ചിത്തിരപുരത്തെ ഒരു ഹോട്ടലിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് 75000 കൈക്കൂലി വാങ്ങിയ കേസിലാണ് നിലവില്‍ അറസ്റ്റ്. ഡിഎംഒയുടെ ഡ്രൈവര്‍ രാഹുല്‍ രാജിന്റെ ഗൂഗിള്‍ അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്. ഡ്രൈവര്‍ രാഹുല്‍ രാജിനെ കോട്ടയത്ത് വെച്ച് വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. ഗുരുതര പരാതികളെ തുടര്‍ന്ന് സസ്‌പെന്ഷനില്‍ ആയിരുന്ന മനോജ് ഇന്നാണ് സര്‍വീസില്‍ കയറിയത്. ഇന്ന് തന്നെയാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടുകയും ചെയ്തു. വിജിലന്‍സ് ഇടുക്കി ഡിവൈഎസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഹോട്ടലുകള്‍, ലാബുകള്‍ എന്നിങ്ങനെ പല സ്ഥാപനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങിയതും ആവശ്യപ്പെട്ടതുമായ നിരവധി പരാതികളും തെളിവുകളുമാണ് ഇടുക്കി ഡി.എം.ഒ എല്‍.മനോജ് കുമാറിനെതിരെ വിജിലന്‍സിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ പല കേസുകളിലും അന്വേഷണം തുടങ്ങി. ഏറെ നാളായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു ഡി.എ.ഒ. മൂന്നാര്‍ ചിത്തിരപുരത്തെ ഹോട്ടലിന് എന്‍.ഒ.സി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഡ്രൈവര്‍ രാഹൂല്‍ രാജ് മുഖേനെയാണ് ഇടപാടുകള്‍. ഈ വിഷയം പരാതിക്കാരന്‍ വിജിലന്‍സ് സംഘത്തെ അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം കെണിയൊരുക്കി കാത്തിരിക്കുമ്പോഴാണ് ഡി.എം.ഒ സസ്‌പെന്‍ഷനില്‍ പോകുന്നത്. ഇതോടെ ഇയാളെ പിടികൂടാനുള്ള നീക്കം നിലച്ചതായി കരുതി ഇരിക്കുമ്പോഴാണ് ട്രൈബ്യൂണലില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് മനോജ് തിരികെ ജോലിയില്‍ കയറുന്നത്. ഇന്ന് തിരികെ ജോലിയില്‍ കയറിയതിന് തൊട്ടു പിന്നാലെ വിജിലന്‍സ് നിര്‍ദേശ പ്രകാരം പരാതിക്കാരന്‍ വീണ്ടും എന്‍ ഒ സി ആവശ്യവുമായി സമീപിച്ചപ്പോള്‍ പഴയ ധാരണ പ്രകാരം പണം ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് ഡ്രൈവര്‍ രാഹൂലിന്റെ അക്കൗണ്ടിലേയ്ക്ക് ഗൂഗിള്‍ പേ വഴി 75,000 രൂപ അയച്ച് കൊടുക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഓഫീസിലെത്തി വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയുമായിരുന്നു.
ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതികള്‍ ലഭിച്ചെന്നെ കാരണത്താലായിരുന്നു ഡോ. എല്‍. മനോജിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 15 ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറി നിര്‍ദേശവും നല്‍കിയിരുന്നു. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നടക്കം ആരോഗ്യവകുപ്പിന് പരാതി പോയിരുന്നു.
തുടര്‍ന്നുണ്ടായ അന്വേഷണമാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സസ്‌പെന്‍ഷനില്‍ എത്തിയതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. ഇടുക്കി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ് സുരേഷ് വര്‍ഗീസിനാണ് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്.
സസ്‌പെന്‍ഷന്‍ വന്ന് തൊട്ടടുത്ത ദിവസം തന്നെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ അടുക്കല്‍ നിന്നും സ്റ്റേ വാങ്ങാന്‍ മനോജിന് സാധിച്ചു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പോലും കിട്ടുന്നതിന് മുമ്പാണ് ഡി.എം.ഒയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണം ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമായി പറഞ്ഞിട്ടില്ലന്നും വിലയിരുത്തി.
ട്രിബ്യൂണല്‍ മുമ്പാകെ സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ ഹാജരാക്കിയ രണ്ട് പരാതികളും ഡി എം ഒയെ ഉടനടി സര്‍വീസില്‍ നിന്ന് നീക്കുന്നതിന് പര്യാപ്തമല്ല. അതിനാല്‍ 15 വരെ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യുകയാണെന്ന് ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം ചെയര്‍മാനായ ട്രിബ്യൂണല്‍ ഉത്തരവിട്ടു. 15 നാണ് കേസ് വീണ്ടും പരിഗണിക്കുക. അതിനകം എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ട്രിബ്യൂണല്‍ മുമ്പാകെ ഹാജരാക്കാമെന്നും ഉത്തരവിലുണ്ട്.