- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിൽ യാത്രാക്ലേശം രൂക്ഷമാകുന്നു; ഏറ്റെടുത്ത പെർമിറ്റുകളിൽ സർവീസ് നടത്താനാവാതെ കെ എസ് ആർ ടി സി; കുമളിയിൽ നിന്നും ഏറണാകുളത്തേക്ക് അർദ്ധരാത്രി സർവീസ് നടത്തുന്നത് ഒരു സ്വകാര്യ ബസ് മാത്രം; പരിഹാരം കാണാതെ ജനപ്രതിനിധികൾ
കോതമംഗലം:ദീർഘദൂര സ്വകാര്യബസുകളുടെ പെർമിറ്റുകളുടെ കാലാവധി അവസാനിച്ചത്തോടെ ഹൈറേഞ്ചിലേക്കുള്ള യാത്രാക്ലേശവും രൂക്ഷമായി. പെർമിറ്റ് നിർത്തിയതോടെ ജില്ലയിലെ 85-ഓളം സ്വകാര്യബസുകളാണ് നിരത്തോഴിഞ്ഞത്. കുമളിയിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുന്ന പന്ത്രണ്ടോളം സർവീസുകളാണ് നിർത്തലാക്കിയത്. അതേസമയം പെർമിറ്റ് ഏറ്റെടുത്ത റൂട്ടുകളിൽ സർവീസ് നടത്താൻ കഴിയാതെ വലയുകയാണ് കെഎസ്ആർടിസി.
കുമളിയിൽ നിന്നും എറണാകുളത്തേക്ക് രാത്രി 9.10 നാണ് കെഎസ്ആർടിസിയുടെ അവസാന സർവീസ്. തൊട്ടടുത്ത സർവീസ് പുലർച്ചെ 5.50നും. രാത്രി സർവീസ് നടത്തുന്ന 4 സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് കെഎസ്ആർടിസി ഏറ്റെടുത്തെങ്കിലും ഈ പെർമിറ്റുകളിൽ ഒന്നും തന്നെ കെഎസ്ആർടിസി ഇപ്പോൾ സർവീസ് നടത്തുന്നില്ല. നിലവിൽ അർധരാത്രി സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസ് മാത്രമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഈ പെർമിറ്റിന്റെ കാലാവധിയും അവസാനിക്കും. എറണാകുളത്തെ ആശുപത്രികൾ, പാസ്‌പോർട്ട് ഓഫീസ്, ജോലി ആവശ്യങ്ങൾക്കായി പോകുന്നവർ എന്നിവരെല്ലാം ആശ്രയിച്ചിരുന്നത് ഏറെയും രാത്രി സർവീസുകൾ ആയിരുന്നു.
ഹൈറേഞ്ചിലേക്കുള്ള യാത്ര പ്രതിസന്ധി ഏറ്റവും കൂടുതൽ രൂക്ഷമായത് മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലത്തിലാണ്. മുൻപ് ഇത്തരത്തിൽ ഒരു പ്രതിസന്ധി ഉണ്ടായപ്പോൾ മന്ത്രി ഇടപെട്ട് നാല് മാസത്തേക്ക് കൂടി പെർമിറ്റ് നീട്ടി നൽകിയിരുന്നു. എന്നാൽ നാലുമാസത്തിനുശേഷം പെർമിറ്റ് ഏറ്റെടുക്കുമ്പോൾ ഗതാഗതപ്രതിസന്ധി ഉണ്ടാകാതെ കെ എസ് ആർ ടി സിയുടെ സർവീസുകൾ കൃത്യനിഷ്ടതയോടെ നടത്തുന്നതിനോ സ്വകാര്യബസുകൾക്ക് പെർമിറ്റ് പുതുക്കിനൽകുന്നതിനോ ഉള്ള ശ്രമം പോലും വിജയം കണ്ടില്ല.
നീണ്ടപാറ, തട്ടേക്കണി, കൊടക്കല്ല് തുടങ്ങിയ സ്ഥലങ്ങളുള്ള വിദ്യാർത്ഥികൾ ഏറെ ആശ്രയിച്ചിരുന്നതും ഈ സ്വകാര്യ ബസ്സുകൾ തന്നെയായിരുന്നു. വാർഷിക പരീക്ഷ നടക്കുന്ന സമയത്ത് മുഴുവൻ തുകയും നൽകി കെഎസ്ആർടിസിയിൽ യാത്ര ചെയ്യാമെന്ന് വിചാരിച്ചാലും കെഎസ്ആർടിസി പോലും സർവീസ് നടത്താത്ത സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഭാവിപോലും അനിശ്ചിതത്തിലാണ്.
കോഴിക്കോട്, കണ്ണൂർ, കോട്ടയം ഡിപ്പോകളുടെ ദേശസാൽകൃത റൂട്ടുകളിൽ മികച്ച വരുമാനത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകളാണ് ഇടുക്കിയിലേക്ക് താൽക്കാലിക ആശ്വാസത്തിനായി എത്തിച്ചിരിക്കുന്നത്. 40,000 രൂപയോളം കളക്ഷനിൽ ഓടിക്കൊണ്ടിരുന്ന ഈ ബസുകൾ വരും ദിവസങ്ങളിൽ മുൻപ് ഓടിക്കൊണ്ടിരിക്കുന്ന റൂട്ടുകളിലേക്ക് തന്നെ മാറ്റും. അതിനാൽ തന്നെ വരും ദിവസങ്ങളിൽ യാത്രാക്ലേശം വീണ്ടും രൂക്ഷമാകും.
ഏറ്റെടുത്ത പെർമിറ്റുകളിൽ ഒരു സർവീസ് പോലും കൃത്യനിഷ്ഠതയോടെ നടത്താൻ കെ എസ് ആർ ടി സിക്ക് ആകുന്നില്ല. ഈ മാസം അവസാനിക്കുന്നതോടെ കെഎസ്ആർടിസിയുടെ 1600ഓളം ബസ്സുകൾ ആണ് കേന്ദ്രസർക്കാർ ഉത്തരവിൻ പ്രകാരം കണ്ടം ചെയ്യാൻ പോകുന്നത്. അതേസമയം ഈ ബസ്സുകൾ കണ്ടം ചെയ്യും എന്ന് മുൻകൂട്ടി മനസ്സിലാക്കിയെങ്കിലും പകരം ബസ്സുകൾ വാങ്ങുന്നതിനോ ഗതാഗത പ്രതിസന്ധി പരിഹരിക്കുന്നതിനായോ യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല.
പത്തുരൂപ പോലും സർക്കാരിന് മുതൽമുടക്കില്ലാതെയാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നത്. ഈ സർവീസുകൾ നടത്തുന്നതുമൂലം കോടിക്കണക്കിന് രൂപയാണ് ഖജനാവിലേക്ക് എത്തിയിരുന്നത്. എന്നാൽ ചില രാഷ്ട്രീയ വ്യക്തികളുടെ സ്വകാര്യ താൽപര്യങ്ങൾ പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു നടപടി ഉണ്ടായിരിക്കുന്നതെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നത്.
കൃത്യനിഷ്ഠതയോടെ സർവീസ് നടത്തിയിരുന്ന സ്വകാര്യബസുകൾ നിരത്തിൽ നിന്നും മാറിയതോടെ ബസ് ഉടമകളും തൊഴിലാളികളും യാത്രക്കാരും ഉൾപ്പെടുന്ന വലിയൊരു വിഭാഗം ദുരിതത്തിലായി. എന്നാൽ യാത്രാക്ലേശം രൂക്ഷമായിട്ടും പ്രശനത്തിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ ശ്രമിക്കാത്തത് വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധത്തിന് കാരണമാകും.
മറുനാടന് മലയാളി ലേഖകന്.