തിരുവനന്തപുരം: കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ, ചട്ടി, ഇതാണ് തിരുവനന്തപുരത്ത് നടക്കുന്ന ഐഎഫ്എഫ്‌കെയിലെ(രാജ്യാന്തര ചലച്ചിത്രമേള)  സീറ്റ് റിസർവേഷൻ ബുക്കിങ് അനുഭവം. എല്ലാ ദിവസവും രാവിലെ 8 മണിക്കാണ് റിസർവേഷൻ ഓപ്പണാക്കുന്നത്. പിന്നെ ഡെലിഗേറ്റുകളുടെ ഒരു ഞാണിന്മേൽ കളിയാണ്. സകല ദൈവങ്ങളെയും വിളിച്ച് കൊണ്ടാണ് ബുക്കിങ്. ഇന്ന് രാവിലെ ലിജോ ജോസ് പല്ലിശേരിയുടെ നൻ പകൽ നേരത്ത് മയക്കം സിനിമയുടെ നാളത്തെ സ്‌ക്രീനിങ്ങിന് വേണ്ടി ബുക്ക് ചെയ്യാൻ ശ്രമിച്ച ഒരുവിഭാഗം ഡെലിഗേറ്റുകളുടെ ആപ്പ് പൊടുന്നനെ സ്തംഭിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ റിസർവേഷൻ നോട്ട് എനേബിൾഡ് എന്ന സന്ദേശം മാത്രം കാണാം. കടിച്ചതുമില്ല, പിടിച്ചതുമില്ല. നൻപകലും പോയി, മറ്റുസിനിമകളും പോയി എന്ന അവസ്ഥ. ഈ കടിപിടിക്കിടെ, ദോഷം പറയരുതല്ലോ, ടെക്‌നിക്കലി ബ്രില്യൻഡ് ആയതു കൊണ്ടാണോ എന്തോ, കുറെ ഡെലിഗേറ്റുകൾക്ക് റിസർവേഷൻ കിട്ടി. അതോടെ കഥ അവസാനിക്കുന്നില്ല. ഇന്നലെ നൻപകലിന് ബുക്ക് ചെയ്തവർ ഇന്ന് സിനിമ കാണാൻ തിയേറ്ററിൽ പോകുന്നതാണ് രണ്ടാം രംഗം.

ഡേലിഗേറ്റുകളും വോളണ്ടിയർമാരും തമ്മിൽ ഉഗ്രൻ സംഘർഷം. 'നൻ പകൽ നേരത്ത് മയക്കം' സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തതിൽ ഉയർന്ന പ്രതിഷേധമാണ് വാക്കുതർക്കത്തിൽ കലാശിച്ചത്. റിസർവേഷൻ ചെയ്തവർക്ക് സീറ്റ് ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു തർക്കം. ഡെലിഗേറ്റുകൾ മുദ്രാവാക്യം വിളിച്ചു. തിയേറ്ററിന്റെ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ച ഡെലിഗേറ്റുകളെ പൊലീസ് തടഞ്ഞു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ സീറ്റ് ലഭിക്കാത്തത് മൂലം സിനിമാ കാണാൻ കഴിയുന്നില്ലെന്ന ആരോപണം ഉയർന്നിരുന്നു.

റിസർവേഷൻ സീറ്റുകൾ അൻപത് ശതമാനം ആക്കി പരിമിതിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം ഉയർന്നിരുന്നു. റിസർവേഷൻ ലഭിക്കാതെ പോകുന്നവർക്ക് സിനിമകൾ കാണാൻ അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ ആണ് ഡെലിഗേറ്റുകൾ പ്രതിഷേധത്തിലേയ്ക്ക് കടന്നത്. ടൊവിനോ ചിത്രം 'വഴക്കി'ന്റെ പ്രദർശനത്തിനിടെയായിരുന്നു പ്രതിഷേധം.'

ഈ വർഷത്തെ ഐഎഫ്എഫ്കെയിൽ സിനിമകൾക്ക് നൂറ് ശതമാനം റിസർവേഷൻ എന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. രാവിലെ 8 മണിക്ക് തുടങ്ങുന്ന ബുക്കിങ് വഴിയാണ് സിനിമകളുടെ സീറ്റ് റിസർവേഷൻ നടക്കുന്നത്. ബുക്കിങ് ലഭിക്കാതെ പോകുന്നവർക്ക് സിനിമകൾ കാണാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിൽ. റിസർവേഷൻ അൻപത് ശതമാനമാക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ടാഗോർ തിയേറ്ററിന് മുൻപിൽ പ്രതിഷേധിച്ചിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ലെന്ന്' പ്രതിഷേധക്കാർ പറയുന്നു.

'സ്റ്റുഡന്റ് ഡെലിഗേറ്റുകൾ അല്ലാതെ എത്തുന്നവർ ടാഗ് ധരിക്കാൻ എത്തുന്നവർ മാത്രമാണെന്ന്' ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞതായും പ്രതിഷേധക്കാർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. പ്രശ്നം കൂടുതൽ ആളുകളിലേയ്ക്ക് എത്താനാണ് ടൊവിനോ എത്തുന്ന പ്രദർശനത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഐഎഫ്എഫ്കെ വേദിയായ ഏരീസ് പ്ലക്സ് തിയേറ്ററിൽ ആയിരുന്നു 'വഴക്ക്' സിനിമയുടെ ആദ്യ പ്രദർശനം. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രദർശനം തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധവും ആരംഭിച്ചു. സിനിമ കാണാൻ എത്തിയവരിൽ അറുപത് ശതമാനത്തോളം പേർക്കും പ്രവേശനം നിഷേധിക്കപ്പെട്ടതോടെയായിരുന്നു പ്രതിഷേധം.

ഓൺലൈൻകാർക്ക് മാത്രമോ ഈ മേള?

ഓൺലൈനായി റിസർവ് ചെയ്യുന്നവർക്ക് മാത്രമാണോ ഈ മേള എന്ന ചോദ്യവും ഉയരുന്നുണ്ട്. റിസർവേഷൻ വലിയൊരളവിൽ സൗകര്യമാണെങ്കിലും, ബുക്കിങ്ങിൽ ഇടിച്ചുകയറുന്നത് സാങ്കേതിക മിടുക്കും വേഗവുമുള്ള യുവാക്കൾക്കാണെന്ന് മുതിർന്നവർ പരാതിപ്പെടുന്നു. മുതിർന്നവർ പലപ്പോഴും സിനിമ കാണാതെ മടങ്ങുകയാണ്. കാരണം റിസർവേഷൻ കിട്ടിയാൽ പോലും റോഡ് വരെ നീളുന്ന ക്യു. റിസർവേഷൻ ഇല്ലെങ്കിൽ മണിക്കൂറുകൾ ക്യൂ നിന്നാലും സീറ്റ് കിട്ടണമെന്ന് ഒരു നിർബന്ധവുമില്ല. കാരണം ഗോവ മോഡലിൽ ഇത്തവണ 100 ശതമാനമാണ് റിസർവേഷൻ. ചുരുക്കത്തിൽ ടെക്കി മിടുക്കുള്ളവർ മാത്രം കണ്ടാൽ മതിയെന്നാണ് അക്കാദമിയുടെ മനസ്സിരുപ്പ് എന്നും തോന്നുന്നു.