മലപ്പുറം: മലപ്പുറത്തെ മുസ്ലിംസഹോദരങ്ങൾക്കായി ക്ഷേത്രപരിസരത്ത് സമൂഹ ഇഫ്താറൊരുക്കി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ. റമദാനിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹസദ്യയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന മുസ്ലിംകൾക്കായാണ് മലപ്പുറം തിരൂർ വാണിയന്നൂർ ചാത്തങ്ങാട് വിഷ്ണു ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ ക്ഷേത്രപരിസരത്ത് തന്നെ പന്തലൊരുക്കിയാണ് സമൂഹ നോമ്പ് തുറ നടത്തിയത്. ആയിരത്തോളംപേരാണു നോമ്പുതുറക്കാനെത്തിയത്. ചടങ്ങിൽ അതിഥിയായി പാണക്കാട് റശീദലി ശിഹാബ് തങ്ങൾ സംബന്ധിച്ചു.

ചാത്തങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തിൽ കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിലായി പ്രതിഷ്ഠദിന മഹോത്സവവും മഹാസുദർശന ഹോമവും നടന്നിരുന്നു. ഈ ചടങ്ങിന്റെ ഭാഗമായുള്ള പ്രസാദ ഊട്ടിലേക്ക് ചുറ്റിലുമുള്ള മുസ്ലിം സഹോദരങ്ങളെയും ഭാരവാഹികൾ ക്ഷണിക്കാറുണ്ട്. എന്നാൽ, റമദാൻ മാസമായതിനാൽ ഉച്ചക്കുള്ള പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ ഇവർക്ക് ഇത്തവണ സാധിച്ചിരുന്നില്ല.

ഇതോടെയാണ് പ്രത്യേക നോമ്പ്തുറ ക്ഷേത്രത്തിൽ ഒരുക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ വർഷവും ക്ഷേത്രകമ്മിറ്റി നോമ്പുതുറ സംഘടിപ്പിച്ചിരുന്നു. ചുറ്റമ്പലത്തിനോടു ചേർന്നാണ് ഇതിനുവേണ്ട പന്തലൊരുക്കിയത്.