- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്കാനയിൽ വെച്ചു കണ്ടപ്പോൾ ലക്ഷ്മണിന്റെ കാര്യം സൂചിപ്പിച്ചത് കെ ചന്ദ്രശേഖര റാവു; തിരികെ എത്തിയപ്പോൾ എല്ലാം ശരിയാക്കി പിണറായി മാജിക്ക്! സസ്‌പെൻഷൻ പിൻവലിച്ചു തിരിച്ചെടുത്തതിന് പിന്നാലെ എഡിജിപിയാക്കാൻ നടപടികളും അതിശീഘ്രം; കെസിആറിന്റെ പ്രിയപ്പെട്ടവന് വേണ്ടി എല്ലാം അതിവേഗത്തിൽ
തിരുവനന്തപുരം: സസ്‌പെൻഷൻ പിൻവലിച്ചു തിരിച്ചെടുത്ത ഐജി ലക്ഷ്മണിന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകുന്നതിനുള്ള നടപടികളും അതിവേഗത്തിൽ. മോൻസൻ മാവുങ്കലുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ഐജി ലക്ഷ്മണിനെ സസ്‌പെൻഡ് ചെയ്തിരുന്നത്. ഇത്രയും കാലം സർവീസിൽ തിരിച്ചെടുക്കാതെ പുറത്തു നിർത്തിയ ലക്ഷ്മണിനെ തിരിച്ചെടുത്തതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളും പറഞ്ഞു കേൾക്കുന്നുണ്ട്. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ തെലുങ്കാന സന്ദർശിച്ചപ്പോൾ കെസിആറുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്‌ച്ചയിലാണ് ലക്ഷ്മണയുടെ കാര്യം ചന്ദ്രശേഖര റാവു സൂചിപ്പിച്ചതെന്നുമാണ് സൂചനകൾ.
പിണറായി തിരികെ നാട്ടിലെത്തിയതിന് ശേഷം കാര്യങ്ങളെല്ലാം അതിവേഗത്തിലാണ് മുന്നോട്ടു പോയത്. അന്വേഷണം പൂർത്തിയായതിനെ തുടർന്നാണ് തിരിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ എഡിജിപി ആക്കാനുള്ള ശ്രമങ്ങളും അതിവേഗത്തിൽ നടക്കുന്നത്. ഐജി ലക്ഷ്മണിന്റെ തൊട്ടുമുൻപിലുള്ള ഐപിഎസ് ബാച്ചിനും എഡിജിപി പ്രമോഷൻ നൽകിയിരുന്നു. ലക്ഷ്മണിന്റെ ബാച്ചിലെ ഐജി ബൽറാംകുമാർ ഉപാധ്യായയ്ക്കും എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചു.
സർക്കാരാണു സ്ഥാനക്കയറ്റ തീരുമാനമെടുക്കേണ്ടത്. അന്വേഷണ റിപ്പോർട്ടിൽ ലക്ഷ്മണിനെതിരെ തെളിവുകൾ കണ്ടെത്തിയെന്നുണ്ടെങ്കിൽ സർക്കാരിന് അതു മറികടന്നു തീരുമാനമെടുക്കും മുൻപു നിയമോപദേശം തേടേണ്ടിവരും. ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം ലഭിച്ചാൽ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പൊതുഭരണ സെക്രട്ടറിയും ഡിജിപിയും ചേർന്ന സ്‌ക്രീനിങ് കമ്മിറ്റി പ്രമോഷൻ ശുപാർശ ചെയ്തു കേന്ദ്രസർക്കാരിന്റെ അനുമതിക്ക് അയയ്ക്കും.
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തത്. റിവ്യൂ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് ഐ.ജി.യെ സർവീസിലേക്ക് തിരിച്ചെടുത്തത്. ഒരു വർഷവും രണ്ടുമാസവുമായി ലക്ഷ്മണ സസ്‌പെൻഷനിലാണ്. ചീഫ് സെക്രട്ടറിതല സമിതിയാണ് തിരിച്ചെടുക്കാൻ ശുപാർശചെയ്തത്.
മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് ഇടപാടുകൾക്ക് ട്രാഫിക് ഐ.ജി.യായിരുന്ന ലക്ഷ്മണ ഇടനില നിന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനുമായി ഔദ്യോഗിക വാഹനത്തിൽ മോൻസണിന്റെ കലൂരിലെയും ചേർത്തലയിലെയും വസതിയിൽ ഐ.ജി. ഒട്ടേറെത്തവണ സന്ദർശിച്ചതായി ഡി.ജി.പി. സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ. 1997 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ലക്ഷ്മണ.
ഐ.പി.എസ് തൊപ്പി വലിച്ചെറിഞ്ഞ്, തെലങ്കാനയിൽ മന്ത്രിയാവാൻ കച്ചമുറുക്കിയ ആളാണ് ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആശയവിനിമയം പോലും നടത്തിയെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. പക്ഷേ കേന്ദ്രം രാജി വയ്ക്കാനുള്ള നീക്കം അംഗീകരിച്ചില്ല. ഇതോടെ പൊലീസുകാരനായി തുടരേണ്ടി വരികയാിയരുന്നു.
14വർഷം സർവീസ് ശേഷിക്കെയാണ് ലക്ഷ്മൺ രാഷ്ട്രീയകളരിയിലിറങ്ങാൻ കരുക്കൾ നീക്കിയത്. വകുപ്പും നിശ്ചയിച്ചിരുന്നു ഇൻഫർമേഷൻ ടെക്‌നോളജി. പക്ഷേ, ഐ.പി.എസ് രാജിവച്ച് മന്ത്രിയാവാനുള്ള നീക്കം കേന്ദ്രം പൊളിച്ചു. ബിജെപിയുടെ ശത്രു പാളത്തിലാണ് തെലുങ്കാന രാഷ്ട്ര സമിതി എന്ന പാർട്ടിയും ചന്ദ്രശേഖര റാവുവും. ഇതാണ് ലക്ഷ്മണയ്ക്ക് തടസ്സമായത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ അടുപ്പക്കാരനാണ് ലക്ഷ്മൺ.
തെലുങ്കാന മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ലക്ഷ്മൺ ഹൈദരാബാദിൽ പറന്നെത്തി. തെലങ്കാന രാഷ്ട്രീയത്തിൽ സജീവമായ ലക്ഷ്മണിന്റെ ബന്ധുക്കളായിരുന്നു ഇതിന് പിന്നിൽ. ലക്ഷ്മണിന്റെ രാജി അംഗീകരിച്ച് കേന്ദ്രത്തിന് കൈമാറണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തുകയും ചെയ്തു. എന്നാൽ ഈ നീക്കത്തെ കേന്ദ്രം പിന്തുണച്ചില്ല. ആഭ്യന്തര മന്ത്രിയായ അമിത് ഷാ ഇടപെട്ട് നീക്കം പൊളിച്ചു. ഇതോടെ വീണ്ടും കേരളാ പൊലീസിൽ സജീവമായി ലക്ഷ്മണ.
1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗുഗുലോത്ത് ലക്ഷ്മൺ ഖമ്മം ജില്ലക്കാരനാണ്. ആന്ധ്രപ്രദേശ് മുൻ ഡിജിപി ഡോ. ഡി.ടി. നായിക്കിന്റെ മകൾ ഡോ. കവിതയാണു ഭാര്യ. ആലപ്പുഴ എ.എസ്‌പിയായി ജോലിയിൽ പ്രവേശിച്ച ലക്ഷ്മൺ ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് വിഭാഗങ്ങളിൽ പ്രവർത്തിച്ചു. നാലു വർഷം മുംബയ് സ്റ്റോക്ക് എക്സ്‌ചേഞ്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോലി നോക്കി. ഈ നിയമനത്തിന് പിന്നിലും രാഷ്ട്രീയ സ്വാധീനം പ്രതിഫലിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ