തിരുവനന്തപുരം: മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു ഐ ജി പി വിജയനെ സസ്പെൻഡ്ചെയ്തത്. ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസിൽ പ്രതിയാകാതെ സസ്പെൻഡ് ചെയ്യപ്പെടുന്നത് അപൂർവമായ സംഭവമാണ്. പി. വിജയനാകട്ടെ, സമൂഹത്തെ സ്വാധീനിച്ച പല അതുല്യപദ്ധതികളുടെ ശിൽപ്പി കൂടിയാണ്. ഗൗരവമുള്ള എന്തെങ്കിലും ആരോപണത്തിനോ ആക്ഷേപത്തിനോ ഇടനൽകിയിട്ടുമില്ല. വിജയൻ തുടക്കമിട്ട പദ്ധതികൾ ദേശീയ-രാജ്യാന്തര തലത്തിൽ ശ്രദ്ധയുംനേടി. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അതിനൊരു ഉദാഹരണമാണ്. ഇതിനകം ലക്ഷക്കണക്കിനു വിദ്യാർത്ഥികൾ പരിശീലനം പൂർത്തിയാക്കി. പതിനായിരത്തിലധികം വിദ്യാർത്ഥികൾ പരിശീലനം നടത്തുകയും ചെയ്യുന്നു.

കുട്ടികളിലെ സ്വഭാവവ്യതിചലനം കണ്ടെത്തി തിരുത്തുന്ന 'കുട്ടികളോടുള്ള നമ്മുടെ ഉത്തരവാദിത്വം' പദ്ധതിയും ഈ ഐ.പി.എസ്. ഓഫീസറുടേതാണ്. സാഹചര്യങ്ങളുടെ സമ്മർദത്തിൽപ്പെട്ടുപോകുന്ന കുട്ടികളുടെ അടിസ്ഥാനവിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനും ജീവിത നൈപുണ്യം വികസിപ്പിച്ച് തൊഴിൽക്ഷമത ഉറപ്പാക്കുന്ന മറ്റൊരു പദ്ധതിയാണ് 'പ്രോജക്ട് ഹോപ്പ്'. ബാലസൗഹൃദ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും വിജയൻ മുൻകൈയെടുത്തു. കോവിഡ് കാലത്ത് സുരക്ഷിതവും ആരോഗ്യകരവുമായ കുടുംബങ്ങൾ ഉറപ്പാക്കുന്നതിനും അദ്ദേഹം പദ്ധതികൾ തയ്യാറാക്കി. ഈ പരമ്പരയിലെ ഏറ്റവും പുതിയത് ഡിജിറ്റൽ ഡി-അഡിക്ഷൻ (ഡി-ഡാഡ്) സെന്ററാണ്. മൊബൈൽ ഫോണുകളോടുള്ള കുട്ടികളുടെ ആസക്തി കുറയ്ക്കുകയാണ് ലക്ഷ്യം.

ശബരിമലയിൽ പി വിജയൻ തുടങ്ങിയ 'പുണ്യം പൂങ്കാവനം' പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ അഭിനന്ദിച്ചു. പി. വിജയൻ തുടങ്ങിയ മിക്ക പരിപാടികളും വിദ്യാഭ്യാസം, ആരോഗ്യം, വനം, സാമൂഹികക്ഷേമം, എക്സൈസ് തുടങ്ങിയ വകുപ്പുകളുമായി ചേർന്നാണെന്നത് സർക്കാർ സംവിധാനത്തിനാകെ ഉണർവായി. എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ പിന്തുണയും നൽകി.

രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, മുഖ്യമന്ത്രിയുടെ അവാർഡുകൾ, ബാഡ്ജ് ഓഫ് ഓണർപോലെ സംസ്ഥാന പൊലീസ് മേധാവിയുടെ ഒട്ടേറെ അഭിനന്ദനങ്ങൾ, ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരങ്ങൾ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിനന്ദനം തുടങ്ങിയവയെല്ലാം ഈ ഉദ്യോഗസ്ഥൻ നേടി. റോട്ടറി, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ തുടങ്ങിയവയുടെ അവാർഡുകൾ വേറെയും കരസ്ഥതമാക്കി.

അങ്ങനെയൊരാൾ പൊടുന്നനെ സസ്പെൻഡ് ചെയ്യപ്പെട്ടപ്പോൾ അതിന്റെ കാരണങ്ങളെപ്പറ്റി സ്വാഭാവികമായും സംശയങ്ങളും ഉയർന്നു വന്നു. ഇപ്പോൾ പറയപ്പെടുന്നതല്ലാതെ സർക്കാരിന് അതൃപ്തിയുണ്ടാക്കിയ മറ്റെന്തെങ്കിലും കാര്യം ഈ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായോ എന്നതാണ് അതിലൊന്ന്. സർക്കാരിന്റെയോ ആഭ്യന്തരവകുപ്പിന്റെയോ ഗൗരവമുള്ള വീഴ്ചകൾ മറച്ചുവെക്കാൻ ഒരു ഉദ്യോഗസ്ഥനെ ബലിയാടാക്കിയോ എന്നതാണ് മറ്റൊരു സംശയം.

ഒടുവിൽ അദ്ദേഹത്തിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. സസ്‌പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുന്നത് വകുപ്പ് തല അന്വേഷണത്തിന് തടസ്സമാവില്ലെന്നാണ് റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് ഐജിയെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. ഈ ഫയൽ മുഖ്യമന്ത്രിക്ക് മുന്നിലാണ്. തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. സസ്‌പെൻഷൻ പിൻവലിക്കും എന്നാണ് റിപ്പോർട്ട്. പി വിജയന്റെ സസ്‌പെഷനെതിരെ ഐപിഎസുകാർക്കിടയിൽ വ്യാപകമായ പ്രതിഷേധമുയർന്നുവെങ്കിലും ഐപിഎസ് അസോസിയേഷൻ ഔദ്യോഗികമായി മുഖ്യമന്ത്രിയെ പ്രതിഷേധമറിയിച്ചില്ല. സസ്‌പെൻഷൻ നീട്ടികൊണ്ടുപോകരുതെന്നാവശ്യപ്പെട്ട പ്രമേയവും പാസാക്കിയില്ല. ഇതിനിടെയാണ് വീണ്ടും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാരിന് മുന്നിലെത്തുന്നത്.

എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ചാണ് ഐജി പി. വിജയനെ മെയ് 18ന് സസ്‌പെൻഡ് ചെയ്യുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സസ്‌പെൻഷന് അടിസ്ഥാനമായ കാരണങ്ങൾ നിഷേധിച്ചായിരുന്നു പി.വിജയൻ സർക്കാർ നോട്ടീസിന് മറുപടി നൽകിയിരുന്നത്. രണ്ടുമാസത്തിന ശേഷം നടന്ന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സസ്‌പെൻഷൻ പുനപരിശോധന സമിതി പി.വിജയനെ തിരികെയെടുക്കുന്നമെന്ന് ശുപാർശ നൽകി.

സസ്‌പെൻഷൻ നീട്ടികൊണ്ടുപോകാനുള്ള തെറ്റുകളില്ലെന്നും തിരികെയടുത്ത് വകുപ്പതല അന്വേഷണം തുടരാമെന്നുമായിരുന്നു ശുപാർശ. എന്നാൽ പി.വിജയന്റെ വിശദീകരത്തിൻ മേൽ വീണ്ടും ഡിജിപിയുടെ വിശദീകരണം മുഖ്യമന്ത്രി തേടി. വിജയനെതിരായ എഡിജിപിയുടെ ആരോപണങ്ങൾ ശരിവച്ചു. പി.വിജയന്റെ വിശദീകരണം തള്ളിയുമായിരുന്നു ഡിജിപിയുടെ മറുപടി. ഈ മറുപടി പരിശോധിച്ചാണ് ചീഫ് സെക്രട്ടറി വീണ്ടും റിപ്പോർട്ട് നൽകിയത്.