തിരുവനന്തപുരം: 'സ്വപ്‌നം കാണുന്നതിനൊക്കെ ഒരു അതിരില്ലേ', ഈ പഴയ ഡയലോഗൊക്കെ കാലം മാറുന്നതിന് അനുസരിച്ച് മാറ്റേണ്ടി വരും. സ്വപ്‌നങ്ങൾ മുള പൊട്ടുകയല്ല, ചിറക് വിരിച്ചുപറക്കുകയാണ്, പുത്തൻകാലത്ത്. അതിന് പുത്തൻ ആശയങ്ങളാണ് വിത്തുവിതയ്ക്കുന്നത്. പറഞ്ഞു വരുന്നത് സമൂഹത്തിൽ ഇതുവരെ പാർശ്വവൽക്കരിക്കപ്പെട്ടുകിടന്ന വിഭാഗങ്ങളുടെ ഉന്നതിക്കായുള്ള പരിശ്രമങ്ങൾ വിജയം കാണുന്നതിന്റെ കഥയാണ്. പട്ടിക ജാതി- പട്ടികവർഗ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 'ഉന്നതി'യുടെ വിജയകരമായ പദ്ധതിയുടെ കഥ. ഈ കഥ കേൾക്കാൻ ഉത്സാഹം കൂടിയത് ഐഐടി മദ്രാസിന്റെ ആദ്യത്തെ മികച്ച സിഎസ്ആർ പുരസ്‌കാരം പദ്ധതിക്ക് കിട്ടിയപ്പോഴാണ്.

എന്താണ് പദ്ധതി? എന്തിനാണ് പുരസ്‌കാരം?

ഇനി കഥ പറയാം. പട്ടിക വിഭാഗം കുട്ടികളുടെ സർവതോമുഖമായ ഉയർച്ച ലാക്കാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസനോന്മുഖ പരിപാടിയാണ് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ എന്നറിയാമല്ലോ. താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങി കുട്ടികളുടെ മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുന്നത്. മികച്ച ജീവിത സാഹചര്യവും മികച്ച വിദ്യാഭ്യാസവും ഒരുമിച്ച് ലഭ്യമാക്കുന്ന പദ്ധതി. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്ക് വിർച്വൽ ലബോറട്ടറികളിൽ അനുഭവ പരിചയം സാധ്യമാക്കുന്ന സിഎസ്ആർ പദ്ധിക്കാണ് ഐഐടി മദ്രാസിന്റെ ആദ്യത്തെ സിഎസ്ആർ പുരസ്‌കാരം എന്ന അഭിമാനാർഹമായ നേട്ടം.

18 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ സ്റ്റേറ്റ്-സിബിഎസ്ഇ സിലബസുകളിൽ പഠിക്കുന്ന കുട്ടികളുടെ പഠനാവശ്യത്തിനായി 250 ലേറെ വിർച്വൽ ലബോറട്ടറികളാണ് പദ്ധതി വഴി ഒരുക്കിയത്. യുഎസ്‌ടി ഗ്ലോബൽ, വിസ്വാരാസ് റിസർച്ച് ലബോറട്ടറീസ് എന്നിവയുടെ സിഎസ്ആർ സംരംഭമെന്ന നിലയിലാണ് പട്ടിക വർഗ വികസന വകുപ്പ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'ഉന്നതി' വഴിയാണ് 6000 ത്തിലേറെ ഗോത്രവിഭാഗം കുട്ടികൾക്ക് ഈ വിർച്വൽ ലാബ് പരിചയത്തിലേക്ക് വഴിതുറന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവരുടെ തൊഴിലില്ലായ്മ പരിഹരിക്കാനായും വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക ഉന്നമനത്തിനായും പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമമന്ത്രി കെ രാധാകൃഷ്ണൻ ചെയർമാനായി പ്രവർത്തിക്കുന്ന സൊസൈറ്റിയാണ് 'ഉന്നതി'.

മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ, എസ്സി എസ്ടി വികസന വകുപ്പ് സെക്രട്ടറിയും, 'ഉന്നതി' സി ഇ ഒയുമായ എൻ പ്രശാന്തിന്റെയും ഉത്സാഹത്തിലാണ് സമാനതകളില്ലാത്ത, ഈ മോഡൽ പദ്ധതി പരീക്ഷിച്ചത്.

വേറിട്ട പരീക്ഷണമെന്ന് കളക്ടർ ബ്രോ

പദ്ധതി വഴി ഇന്ററാക്ടീവ് സെഷനുകളും, വീഡിയോകളും ഗെയിമുകളും അടിസ്ഥാനമാക്കിയ ശാസ്ത്രീയ ആശയ പഠനത്തിന് സഹായിക്കുന്ന വിർച്വൽ ലാബുകളിലാണ് പഠിതാക്കൾക്ക് സൗകര്യം ഒരുക്കിയത്. ഇന്റേൺഷിപ്പ്, സന്നദ്ധസേവന രീതിയിലാണ് ഉന്നതിയിലെ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നത്. അതുകൊണ്ട് സമൂഹത്തിലെ പാർശ്വവൽക്കരക്കപ്പെട്ട സമുദായങ്ങളുടെ ഉന്നതിക്കായുള്ള പദ്ധതിയിലെ പരിശീലനത്തിനു മറ്റും സേവന സന്നദ്ധരായ പ്രൊഫഷണലുകളുടെയും, ബുദ്ധിജീവികളുടെയും വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാണ് ഉന്നതി ലക്ഷ്യമിടുന്നത്.

' ഉന്നതി മാതൃക സർക്കാരിന് പുറത്തുള്ള മികച്ച പ്രതിഭകളെ ആകർഷിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, നൈപുണി ശേഷി വികസനം ഉപജീവന പദ്ധതികൾ എന്നിവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ മറ്റു വകുപ്പുകൾ, ഏജൻസികൾ, കോർപറേറ്റുകൾ, എൻജിഒകൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുകയാണ് ഉന്നതി,' സി ഇ ഒ എൻ പ്രശാന്ത് പറഞ്ഞു.

വെല്ലുവിളികൾ

സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ച് സ്‌കൂളുകൾക്ക് സൗകര്യം ഒരുക്കാൻ ശ്രമിച്ചപ്പോൾ പ്രധാനപ്രശ്‌നം ഇന്റർനെറ്റ് കണക്റ്റിവിറ്റിയായിരുന്നുവെന്ന് യുഎസ്‌ടി ഗ്ലോബലിന്റെ സിഎസ്ആർ വോളണ്ടിയർ നിഷ പി കരൂർ പറഞ്ഞു. ഉന്നത നിലവാരമുള്ള ഗ്രാഫിക്‌സ് അടങ്ങുന്ന ക്ലൗഡ് ബേസ്ഡ് സൊല്യൂഷൻ ആയതുകൊണ്ട് ഇടതടവില്ലാത്ത ഇന്റർനെറ്റ് കണക്റ്റിവിറ്റി അത്യാവശ്യമായിരുന്നു. ഇത് ആദ്യം തടസ്സമായെങ്കിലും സാങ്കേതിക വിദ്ധർക്ക് പിന്നീട് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലെങ്കിലും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ക്രമീകരിക്കാൻ കഴിഞ്ഞു, നിഷ പറഞ്ഞു. 2023 ജനുവരിയിൽ എൻ പ്രശാന്തുമായുള്ള കൂടിക്കാഴ്ചയിൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ STEM(ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിങ്, ഗണിതശാസ്ത്രം) വിദ്യാഭ്യാസം നടപ്പാക്കുന്നതിലെ വൈഷമ്യങ്ങളെ കുറിച്ച് സംസാരിച്ചപ്പോഴാണ് ഈ പദ്ധതിയിലേക്ക് വഴി തുറന്നതെന്നും നിഷ പി കരൂർ പറഞ്ഞു.

'ഉന്നതി' വഴി വിദേശ പഠനസൗകര്യം

'ഉന്നതി' വഴി തെരഞ്ഞെടുക്കപ്പെടുന്ന 20 പട്ടിക വിഭാഗ വിദ്യാർത്ഥികൾക്ക് മലേഷ്യയിലെ അൽബുഖരി സർവ്വകലാശാലയിൽ നിന്ന് ഫുൾ സ്‌കോളർഷിപ്പ് നൽകാൻ നേരത്തെ ധാരണയായിരുന്നു. ഉന്നതി സിഇഒ എൻ.പ്രശാന്തുമായി നടത്തിയ ചർച്ചകളെത്തുടർന്നാണ് സ്‌കോളർഷിപ്പിന്റെ കാര്യത്തിൽ ധാരണയായത്. നൊബേൽ ജേതാവ് പ്രൊഫ.മുഹമ്മദ് യൂനുസ് ചാൻസലറായ സർവ്വകലാശാലയാണ് അൽബുഖരി.

പിന്നാക്കമേഖലകളിൽ നിന്നുള്ള മികച്ച വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം നൽകാനായി പ്രവർത്തിക്കുന്ന അൽബുഖരി ഫൗണ്ടേഷൻ നിലവിൽ 1272 കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. അതിൽ 83 ശതമാനവും മറ്റു രാജ്യങ്ങളിൽനിന്നുള്ളവരാണ്. സർവ്വകലാശാലയുടെ സ്‌കോളർഷിപ്പ് കമ്മിറ്റി തെരഞ്ഞെടുക്കുന്നവർക്ക് വരുന്ന ഒക്ടോബർ മാസത്തിൽ ഫുൾ സ്‌കോളർഷിപ്പോടെ പ്രവേശനം ലഭിക്കും. വിമാനയാത്രാച്ചെലവ്, വിസ ചാർജുകൾ, അനുബന്ധ ഫീസുകൾ, വിദ്യാർത്ഥി സുരക്ഷാ നിക്ഷേപം എന്നിവ ഉന്നതി വഹിക്കും.

ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാന്റ് സർവ്വകലാശാലയുമായി നഴ്‌സിങ് വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. പട്ടികവിഭാഗത്തിലെ 310 കുട്ടികൾക്ക് പ്രതിവർഷം വിദേശ സർവ്വകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം സൗജന്യമായി നൽകുന്നതിന് പുറമേയാണ് വിദേശ സർവ്വകലാശാലകളുമായി നേരിട്ടുള്ള ധാരണ. ഒഡെപെക് മുഖാന്തരം നടപ്പിലാക്കുന്ന വിദേശപഠന പദ്ധതിവഴി 25 ലക്ഷം രൂപ ഓരോ വിദ്യാർത്ഥിക്കും ലഭിക്കുന്നുണ്ട്.