- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീത സംവിധായകനാകും മുമ്പ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗായകസംഘത്തിലെ അംഗം; ചേട്ടൻ പാവലർ വരദരാജന്റെ വിപ്ലവ വരികൾ ചിട്ടപ്പെടുത്തി പാടിയ ഗായകൻ; മോദിയേയും അംബേദ്കറിനേയും താരതമ്യം ചെയ്ത് രാജ്യസഭയിലെത്തി; പക്ഷേ എംപി ആദ്യ സമ്മേളനത്തിൽ ഫുൾ ആബ്സന്റ്; ഇളയരാജ രാജ്യസഭാ അംഗമായത് എന്തിന്?
ചെന്നൈ: പാർലമെന്റ് ശീതകാലസമ്മേളനത്തിൽ രാജ്യസഭാ എംപി.യും സംഗീതസംവിധായകനുമായ ഇളയരാജ ഒരുദിവസംപോലും പങ്കെടുത്തില്ലെന്നത് വിവാദമാകുന്നു. എംപി.യായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിനുശേഷമുള്ള ഇളയരാജയുടെ ആദ്യസമ്മേളനം കൂടിയായിരുന്നു. ഡിസംബറിലെ 13 ദിവസത്തെ ശീതകാലസമ്മേളനത്തിൽ ഇളയരാജ ഒരിക്കൽപോലും ഹാജരായില്ലെന്ന് സഭാരേഖകൾ വ്യക്തമാക്കുന്നു. ഒരു താൽപ്പര്യവുമില്ലാത്തവരെ എന്തിന് രാജ്യസഭാ അംഗമാക്കുന്നുവെന്നതാണ് ഉയരുന്ന ചോദ്യം.
2022 ജൂലായ് ആറിനാണ് രാഷ്ട്രപതി ഇളയരാജയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ഇളയരാജയെക്കൂടാതെ കേരളത്തിൽനിന്ന് പി.ടി. ഉഷ, തെലുങ്ക് തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്, ധർമസ്ഥല ക്ഷേത്രം പ്രസിഡന്റ് വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരെയും നാമനിർദ്ദേശം ചെയ്തിരുന്നു. ഇതിൽ പി.ടി. ഉഷ 13 ദിവസം പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തു. വീരേന്ദ്ര ഹെഗ്‌ഡെ അഞ്ചുദിവസവും വിജയേന്ദ്ര പ്രസാദ് രണ്ടുദിവസവും സമ്മേളനത്തിന്റെ ഭാഗമായെന്നാണ് സഭാരേഖകൾ. ആർക്കും രാജ്യസഭയിൽ എത്താൻ വലിയ താൽപ്പര്യമില്ല. നേരത്തെ നോമിനേറ്റ് ചെയ്ത സുരേഷ് ഗോപി രാജ്യസഭയിൽ സജീവ സാന്നിധ്യമായിരുന്നു. നിരന്തര ഇടപെടലും നടത്തി. അതുപോലെയുള്ളവർ നോമിനേറ്റഡ് അംഗങ്ങളായി രാജ്യസഭയിലേക്ക് വരണമെന്നതാണ് പൊതു വികാരം.
ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യംചെയ്യുകവഴി ബിജെപി. നേതൃത്വത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ സംഗീതജ്ഞാണ് ഇളയരാജ. അന്ന് തന്നെ മുൻകേന്ദ്രമന്ത്രി സുബ്രഹ്‌മണ്യൻ സ്വാമിയുടെ രാജ്യസഭാകാലാവധി കഴിയുന്ന മുറയ്ക്ക് ഇളയരാജയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിർദ്ദേശം ചെയ്യുമെന്ന് വാർത്തകളെത്തി. അതു തന്നെയാണ് സംഭവിച്ചതും.
അംബേദ്കറെയും മോദിയെയും താരതമ്യംചെയ്തുള്ള പുസ്തകത്തിനെഴുതിയ മുഖവുരയിലാണ് ഇളയരാജ ഇരുവരുടെയും ജീവിത പശ്ചാത്തലത്തിലും പ്രവർത്തനരീതിയിലും സമാനതകളുണ്ടെന്ന് അഭിപ്രായപ്പെട്ടത്. ഇത് സാമൂഹികമാധ്യമങ്ങളിൽ ഡി.എം.കെ. അനുകൂലികളുടെയും ഇടതുചിന്തകരുടെയും വിമർശനത്തിന് കാരണമായി. എന്നാൽ, ബിജെപി.യുടെ ദേശീയ-സംസ്ഥാന നേതാക്കൾ ഇളയരാജയ്ക്ക് പിന്തുണയുമായെത്തി. സംഗീതജ്ഞൻ എ.ആർ. റഹ്‌മാൻ കേന്ദ്രസർക്കാരിനെ പരോക്ഷമായി വിമർശിച്ചതിനുപിന്നാലെയാണ് ഇളയരാജ മോദിയെ സ്തുതിച്ചത്.
ഇതോടെ തന്നെ കലാ-സാംസ്‌കാരിക രംഗത്തുള്ളവരിൽനിന്ന് രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിർദ്ദേശംചെയ്യാവുന്ന സീറ്റുകളിലൊന്ന് ഇളയരാജയ്ക്കുവേണ്ടി മാറ്റിവെക്കുന്നതെന്ന് വാർത്തകളെത്തി. അത് സംഭവിക്കുകയും ചെയ്തു. ചലച്ചിത്രസംഗീത സംവിധാനത്തിലേക്ക് കടക്കുംമുമ്പ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗായകസംഘത്തിൽ പ്രവർത്തിച്ചയാളാണ് ഇളയരാജ. ചേട്ടൻ പാവലർ വരദരാജന്റെ വരികളാണ് കമ്യൂണിസ്റ്റുപാർട്ടിക്കു വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തി പാടിയിരുന്നത്. ഇളയരാജയുടെ ഇളയ സഹോദരൻ ഗംഗൈ അമരൻ 2017-ൽ ബിജെപി.യിൽ ചേർന്നിരുന്നു.
തെന്നിന്ത്യൻ ജനപ്രിയ സംഗീതത്തിന്റെ ചക്രവർത്തി എന്നതിൽക്കുറഞ്ഞ് ഒരു വിശേഷണം തമിഴകത്തിന്റെ ഇസൈഗനിയായ ഇളരാജയ്ക്കില്ല. രനൂറ്റാണ്ടായി ആയിരത്തിലധികം സിനിമകൾക്ക് ഈണമിട്ട ഇളയരാജയുടെ സർഗജീവിതം സമാനതകളില്ലാത്തതാണ്. നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ, നാല് ദേശീയ പുരസ്‌കാരങ്ങൾ, കലൈ മാമണി പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ, ലണ്ടൻ ട്രിനിറ്റി കോളേജിന്റെ സ്വർണ മെഡൽ. പത്മ പുരസ്‌കരങ്ങൾ അടക്കം എണ്ണമറ്റ ബഹുമതികൾ ആ സംഗീതയാത്രക്കിടെ വന്നുചേർന്നു. 2018ൽ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ