പത്തനംതിട്ട: ആരോപണ വിധേയനായ ജിയോളജിസ്റ്റിന്റെ അനധികൃത സമ്പാദ്യം തേടിച്ചെന്ന വിജിലൻസ് കണ്ടെത്തിയത് ഇതേ തസ്തികയിൽ ജോലി ചെയ്യുന്ന ഭാര്യയുടെ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദനം. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജിയോളജിസ്റ്റ് ദമ്പതികളെ സസ്പെൻഡ് ചെയ്തു.

നിലവിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ദക്ഷിണ മേഖല സ്‌ക്വാഡിന്റെ ചുമതല വഹിക്കുന്ന എസ്. ശ്രീജിത്ത്, വകുപ്പിന്റെ ആസ്ഥാനത്ത് ജിയോളജിസ്റ്റ് ആയ ഭാര്യ എസ്.ആർ. ഗീത എന്നിവരെയാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വ്യവസായ വകുപ്പ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഇവർ പത്തനംതിട്ടയിൽ ജോലി ചെയ്തിരുന്ന സമയത്ത് 49.75 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായത്.

ശ്രീജിത്തിനെതിരായ പരാതിയിലായിരുന്നു അേന്വഷണം. അന്വേഷണത്തിനിടെ ഭാര്യയുടെ സ്വത്തു വിവരങ്ങളും പരിശോധനയ്ക്ക് വന്നു. 2014 മെയ് ഒന്നു മുതൽ 2019 ഡിസംബർ 31 വരെയുള്ള സാമ്പത്തിക ഇടപാടുകളാണ് വിജിലൻസ് സംഘം പരിശോധിച്ചത്.