തിരുവനന്തപുരം: കേരളത്തിൽ ഒരാൾ വീടുണ്ടാക്കിയാൽ പിന്നിലേക്കും മറ്റു വശങ്ങളിലേക്കും ചാർത്തി ഷെഡോ മറ്റോ നിർമ്മിക്കുന്നത് പതിവാണ്. ഇത് പലപ്പോഴും നികുതി രേഖപ്പെടുത്തിയ തറവിസ്തീർണത്തിനും പുറത്താകും. എന്നാൽ, ഇത്തരം നിർമ്മാണങ്ങൾക്ക് മേൽ കർശന നിലപാട് സ്വീകരിക്കാനാണ് സംസ്ഥാന സർക്കാറിന്റെ നീക്കം. ചട്ടം ലംഘിച്ചുള്ള നിർമ്മാണത്തിൽ കർശന നടപടിക്ക് തദ്ദേശ സ്വയംഭരണ വകുപ്പാണ് നിർദ്ദേശം നൽകിയത്. നികുതി നിശ്ചയിച്ച കെട്ടിടങ്ങൾക്ക് രൂപമാറ്റം വരുത്തുകയോ കൂട്ടിച്ചേർക്കുകയോ ചെയ്താൽ പിഴ ഒടുക്കണമെന്നതാണ് വ്യവസ്ഥ.

തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാതെ നടത്തിയ എല്ലാ നിർമ്മാണങ്ങളും പരിശോധനയിൽ കണ്ടെത്താനാണ് തീരുമാനം. മെയ്‌ 15നു മുൻപ് കെട്ടിട ഉടമ സ്വമേധയാ തദ്ദേശ സ്ഥാപന സെക്രട്ടറിയെ രേഖാമൂലം വിവരം അറിയിച്ചാൽ പിഴയിൽ നിന്നു രക്ഷപ്പെടാം. അല്ലാത്ത പക്ഷം ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയാൽ അധിക നികുതിക്കൊപ്പം പിഴയും ഒടുക്കേണ്ടി വരും. ഇത് സംബന്ധിച്ച പരിശോധന ജൂൺ 30നു പൂർത്തിയാക്കി അധിക കെട്ടിടനികുതിയും പിഴയും ചുമത്താൻ നിർദേശിച്ചു തദ്ദേശ വകുപ്പ് ഉത്തരവിറക്കി.

ഉടമ അറിയിച്ചാലും ഇല്ലെങ്കിലും കെട്ടിടങ്ങളുടെ ശരിയായ വിവരം ഫീൽഡ് ഓഫിസർമാർ പരിശോധിച്ചു സോഫ്റ്റ്‌വെയറിൽ ചേർക്കുകയും മാറ്റം വന്ന കാലം മുതലുള്ള അധിക നികുതി നിർണയിക്കുകയും ചെയ്യും. വിവര ശേഖരണത്തിനും ഡേറ്റാ എൻട്രിക്കുമായി സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഐടിഐ സർവേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ നിയോഗിക്കും.

ഒരു തദ്ദേശസ്ഥാപനത്തിനു കീഴിൽ പരിശോധിക്കുന്ന കെട്ടിടങ്ങളിൽ 10% കെട്ടിടങ്ങൾ തദ്ദേശ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ വീണ്ടും പരിശോധിക്കും. ആദ്യ പരിശോധനയിൽ 25 ശതമാനത്തിലേറെ പാളിച്ചകണ്ടെത്തിയാൽ മുഴുവൻ കെട്ടിടങ്ങളും വീണ്ടും പരിശോധിക്കും. പരിശോധന കഴിഞ്ഞ് 30 ദിവസത്തിനകം ഉടമയ്ക്കു ഡിമാൻഡ് നോട്ടിസ് നൽകും. ആക്ഷേപമുണ്ടെങ്കിൽ 15 ദിവസത്തിനകം സെക്രട്ടറിയെ അറിയിക്കണം.

സിറ്റിസൻ പോർട്ടലിലെ 9ഡി ഫോമിൽ ഓൺലൈനായാണ് ആക്ഷേപം സമർപ്പിക്കേണ്ടത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിൽ ഹെൽപ് ഡെസ്‌ക് സൗകര്യം ഒരുക്കും. പഞ്ചായത്തുകളിൽ പ്രസിഡന്റ്, സെക്രട്ടറി, എൻജിനീയർ എന്നിവരും നഗരസഭകളിൽ ഡപ്യൂട്ടി മേയർ/ വൈസ് ചെയർപഴ്‌സൻ, സെക്രട്ടറി, എൻജിനീയർ എന്നിവരും ഉൾപ്പെട്ട സമിതി പരിശോധിച്ച് 30 ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

കെട്ടിട നികുതി (പ്രോപ്പർട്ടി ടാക്‌സ്) നിർണയിച്ചശേഷം കെട്ടിടത്തിന്റെ തറ വിസ്തീർണത്തിലോ ഉപയോഗ രീതിയിലോ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ 30 ദിവസത്തിനകം തദ്ദേശസ്ഥാപന സെക്രട്ടറിയെ രേഖാമൂലം അറിയിക്കണമെന്നാണു ചട്ടം. ഇല്ലെങ്കിൽ 1000 രൂപയോ പുതുക്കിയ നികുതിയോ, ഇവയിൽ കൂടുതലുള്ള തുക, പിഴയായി ചുമത്താം. കെട്ടിടം വിറ്റാൽ ഉടമ 15 ദിവസത്തിനകം തദ്ദേശ സെക്രട്ടറിയെ അറിയിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ 500 രൂപയാണു പിഴ. ഇതൊഴിവാകാൻ മെയ്‌ 15ന് മുൻപ് സിറ്റിസൻ പോർട്ടൽ വഴി ഓൺലൈനായോ നേരിട്ടോ തദ്ദേശ സെക്രട്ടറിയെ അറിയിക്കാം.

എന്നാൽ ചില കാര്യങ്ങൾക്ക് ഇളവുമുണ്ട്. വീടുകളിൽ കൂട്ടിച്ചേർത്ത ഭാഗം ഭിത്തിയോ ഗ്രില്ലോ സ്ഥാപിച്ചു തിരിക്കാത്ത വരാന്തയോ ഷെഡോ ആണെങ്കിൽ നികുതിയില്ല. ഷീറ്റോ ഓടോ മേഞ്ഞ ടെറസ് മേൽക്കൂരയ്ക്കും നികുതിയില്ല. കെട്ടിടത്തിനു മാറ്റം വരുത്തിയത് ഈ മാസം 31നു ശേഷമാണെങ്കിൽ 2022- 23 വർഷത്തെ നികുതിയിൽ ഉൾപ്പെടുത്തില്ല. 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്കു കെട്ടിട നികുതിയില്ല. ഒരാൾക്ക് ഒരു വീടിനു മാത്രമേ ഈ ഇളവു ലഭിക്കൂ. വില്ലകൾക്ക് ഇളവില്ല. ബഹുനില കെട്ടിടങ്ങളിൽ ലൈഫ്, പുനർഗേഹം തുടങ്ങിയ പദ്ധതികൾക്കു കീഴിലുള്ളവയ്ക്കു മാത്രമാണ് ഇളവ്. 9എച്ച് ഫോമിൽ ഓൺലൈനായാണ് ഇളവിന് അപേക്ഷിക്കേണ്ടത്.

അതിനിടെ കെട്ടിടനികുതി വർധിപ്പിക്കുമ്പോൾ ലൈബ്രറി സെസ് പോലുള്ള സേവന ഉപനികുതികളും പുതുക്കും. ഇതുവരെ ഉപനികുതിയില്ലാത്ത കെട്ടിടങ്ങൾക്കും ഇത് ബാധകമാക്കാമെന്ന് സർക്കാർ വ്യക്തത വരുത്തി. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്ക് നികുതി ബാധകമല്ല. എന്നാൽ, സർവീസ് ചാർജ് ഈടാക്കാമെന്നും ആവർത്തിക്കുന്നു. ഏപ്രിൽഒ ന്നുമുതലാണ് പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. താമസാവശ്യത്തിനുള്ള 60 ചതുരശ്ര മീറ്റർവരെയുള്ള കെട്ടിടങ്ങളുടെ ഉടമയ്ക്ക് നികുതി ഇളവുണ്ട്.