- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോബി ചെമ്മണൂരിന്റെ മൂന്നുസുഹൃത്തുക്കളെ ജയില്‍ രജിസ്റ്ററില്‍ ഒപ്പിടാതെ സന്ദര്‍ശനത്തിന് അനുവദിച്ചു; ഫോണ്‍ ചെയ്യാന്‍ സഹായം; ജയില്‍രേഖകളില്‍ തിരുത്തല്‍ വരുത്തി 200 രൂപ നല്‍കി; ബോചെയ്ക്ക് വഴിവിട്ട സഹായം നല്കിയ ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍
രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജയിലില്‍ വഴിവിട്ട് സഹായിച്ച സംഭവത്തില്‍, രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മധ്യമേഖലാ ജയില്‍ ഡിഐജി പി അജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി. റിമാന്‍ഡില്‍ കഴിയവേ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്റെ മുറിയില്‍ കൂടിക്കാഴ്ചയക്ക് അവസരം നല്‍കിയെന്നാണ് ജയില്‍ മേധാവിയുടെ കണ്ടെത്തല്‍. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ള നടപടിയായതിനാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്.
സംഭവത്തില്‍ ജയില്‍ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് അഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. ഇരുവര്‍ക്കുമെതിരെ നടപടി ശുപാര്‍ശ ചെയ്തുകൊണ്ടായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. എറണാകുളം ജില്ലാ ജയിലില്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥനൊപ്പം ബോബി ചെമ്മണൂരിന്റെ സുഹൃത്തുക്കളായ 3 പേര്‍ റജിസ്റ്ററില്‍ രേഖപ്പെടുത്താതെ ബോബിയെ സന്ദര്‍ശിച്ചെന്നും ഫോണ്‍ വിളിക്കാന്‍ അടക്കം സൗകര്യം ചെയ്തുകൊടുത്തെന്നും സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ജയില്‍ ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഈ ചര്‍ച്ച ആദ്യം എത്തിയത്. ഇതോടെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണവും എത്തി.
ജയിലിലെ ക്യാമറാദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ബോബിയുടെ സുഹൃത്തുക്കള്‍ക്കൊപ്പം ജയിലില്‍ എത്തിയ മധ്യമേഖല ഡിഐജി മാത്രം അകത്തുകയറി. അതിനു ശേഷം പുറത്തു നിന്നെത്തിയവരുടെ പേരുകള്‍ റജിസ്റ്ററില്‍ ചേര്‍ക്കാതെ അകത്തേക്കു വിടാന്‍ സൂപ്രണ്ടിനോടു നിര്‍ദേശിച്ചു. തുടര്‍ന്നു സൂപ്രണ്ടിന്റെ മുറിയില്‍ ബോബിയെ വരുത്തി. ഉയര്‍ന്ന ഉദ്യോഗസ്ഥനായതു കൊണ്ട് തന്നെ സൂപ്രണ്ടിന് എതിര്‍ക്കാനും കഴിഞ്ഞില്ല. കൂട്ടുകാരോട് 2 മണിക്കൂറിലേറെ അവിടെ അദ്ദേഹം സംസാരിച്ചതായാണു സൂചന. ബോബിക്ക് ഫോണ്‍ ചെയ്യാന്‍ അവസരം നല്‍കണമെന്ന് കൂട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നു ജയില്‍രേഖകളില്‍ മുന്‍കാല പ്രാബല്യത്തോടെ തിരുത്തല്‍ വരുത്തി 200 രൂപ നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇതും ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടല്‍ കാരണമായിരുന്നു.
ബോബിയെത്തിയപ്പോള്‍ കൈയില്‍ പണമില്ലായിരുന്നു. ജയില്‍ ചട്ടം മറികടന്ന് ബോബിക്ക് ഫോണ്‍ വിളിക്കാന്‍ 200 രൂപ നേരിട്ട് നല്‍കി. ജയില്‍ ചട്ടപ്രകാരം പണം പ്രതി നേരിട്ട് കൊണ്ടുവരുകയോ മണിയോഡര്‍ വഴി ബന്ധുക്കള്‍ എത്തിക്കുകയോ ചെയ്യണം. ഈ ചട്ടങ്ങള്‍ മറികടന്നാണ് പണം നല്‍കിയത്. ബോബി വന്നപ്പോള്‍ പണം കൈവശമുണ്ടായിരുന്നുവെന്ന് പിന്നീട് എഴുതി ചേര്‍ത്തുവെന്നാണ് ആക്ഷേപം.