തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള മതിൽ നാളെ കേരളത്തിൽ ഉയർന്നു പൊങ്ങുകയാണ്. മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെയുള്ള മതിൽ ആണിത്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുമെന്നും സ്ത്രീസമത്വത്തിനായി നിലകൊള്ളുമെന്നുമാണ് മതിൽ കേരളത്തോട് പറയുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് കേരളം കാതോർക്കേണ്ട ഒരു പാട് സമരങ്ങൾ നമ്മുടെ കേരളീയ സമൂഹത്തിന്റെ ദൃഷ്ടിപദത്തിൽ നിന്നും മറഞ്ഞുപോകുന്നത്. ഇത്തരം ഒരു സമരമാണ് കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും ഉയരുന്നത്. ജീവിക്കാനുള്ള പോരാട്ടത്തിനായാണ് കൊല്ലം കരുനാഗപ്പള്ളിയിലെ ആലപ്പാട് സമരം നടക്കുന്നത്. ഇവിടെ നാട്ടുകാർ നടത്തുന്ന സമരം അറുപത്തിയൊന്നാം നാളിലേക്ക് കടക്കുകയാണ്.

കരിമണൽ ഖനനവിരുദ്ധ ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് ഈ സമരം നടക്കുന്നത്. സ്വന്തം ഗ്രാമത്തിൽ ജീവിക്കാനും അതിനു ഭീഷണിയായി ഉയരുന്ന അശാസ്ത്രീയമായ കരിമണൽ ഖനനത്തിനും എതിരെയാണ് നാട്ടുകാരുടെ സമരം. കരിമണൽ ഖനനം കാരണം ആലപ്പാട് പ്രദേശം ചുരുങ്ങി ചുരുങ്ങി നാമാവശേഷമായി മാറുന്നതിന്നെതിരെയാണ് ഈ സമരം. കരിമണൽ ലോബിക്കെതിരെയുള്ള സമരമായതിനാൽ രാഷ്ട്രീയ നേതൃത്വം സമരത്തിന് നേരെ മുഖം തിരിക്കുമ്പോൾ സോഷ്യൽ മീഡിയ ഈ സമരത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്. വൻ പിന്തുണയാണ് നാട്ടുകാരുടെ സമരത്തിന് സോഷ്യൽ മീഡിയകളിൽ നിന്നും ലഭിക്കുന്നത്. ഷെയറുകളും ലൈക്കുകളും കമന്റുകളുമായി സോഷ്യൽ മീഡിയ സമരത്തെ മുന്നോട്ടു നയിക്കുകയാണ്.

ജീവിക്കാൻ കഴിയുന്നില്ല. കടപ്പുറത്തെ മണൽത്തരികൾ പോലും കറുത്ത നിറത്തിലായി മാറിയിരിക്കുന്നു. പൊതുമേഖലാ വമ്പന്മാരായ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്(ഐആർഇഎൽ), കേരളാ മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡ്(കെഎംഎംഎൽ) എന്നീ കമ്പനികളാണ് വർഷങ്ങളായി ഇവിടെ ഖനനത്തിൽ ഏർപ്പെടുന്നത്. ഇവർക്കെതിരെയാണ് ഇപ്പോൾ സമരം വന്നിട്ടുള്ളത്. ആറു പതിറ്റാണ്ടായി ഇവിടെ ഖനനം തുടരുകയാണ്. വർഷങ്ങളായുള്ള ഖനനത്തിലൂടെ ആലപ്പാട് ഗ്രാമം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഖനനം കാരണം ഗ്രാമം മുഴുവൻ കടലെടുക്കുന്നു. ജീവിക്കാൻ കഴിയാത്ത സാഹചര്യം. ഈ ഘട്ടത്തിലാണ് ജനകീയ സമരം ആരംഭിക്കുന്നത്.

ഈ സമരം 61 ആം നാളിലേക്ക് കടക്കുമ്പോൾ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വെമ്പൽ കൊള്ളുന്ന കേരളീയ സമൂഹം സമൂഹത്തിനു നേരെ മുഖം തിരിക്കുകയാണ്. കരിമണൽ ലോബിയുടെ സ്വാധീനം സർവശക്തമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കിടയിലും കരിമണൽ ലോബിക്ക് സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ നേതാക്കൾ സമരത്തിന് നേരെ വിമുഖത കാട്ടുകയാണ്. 1955ൽ ലിത്തോ മാപ്പിന്റെ കണക്കനുസരിച്ച്, 89.5 സ്‌ക്വയർ കിലോമീറ്റർ ഉണ്ടായിരുന്ന ആലപ്പാട് പ്രദേശം ഇന്ന് വെറും 7.9 സ്‌ക്വയർ കിലോമീറ്റർ മാത്രമായി മാറിയിരിക്കുന്നു. ആലപ്പാട് എന്ന ഗ്രാമമാണ് ആണ് ഇപ്പോൾ നാമാവശേഷമായി മാറുന്നത്. ഖനനം ഏറുന്നതിനനുസരിച്ച് കടൽ കരയിലേക്ക് കയറുകയാണ്.

കിടപ്പാടം വരെ നഷ്ടമാകുന്ന സ്ഥിതി. നാട്ടുകാർ പലതവണ പലതവണ പരാതി നൽകിയെങ്കിലും ഒരു നടപടിയുമില്ല. ഖനനം തീരദേശ ഗ്രാമങ്ങളുടെ നിലനില്പിനെത്തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് പേർ കുടിയൊഴിഞ്ഞു പോവുകയുമാണ്. ഇതിനെ തുടർന്ന് ഈ നവംബർ ഒന്നു മുതൽ ജനങ്ങൾ സമരം ശക്തമാക്കുകയായിരുന്നു. 2004ൽ സുനാമിക്ക് ഒട്ടുവളരെ നാശനഷ്ടങ്ങൾ ആലപ്പാട് വന്നു. അതിനു ജനങ്ങൾ പഴിക്കുന്നത് അനിയന്ത്രിതമായി തുടരുന്ന ഖനനത്തെയാണ്.

സുനാമി സമയത്ത് കേരളത്തിന്റെ ദുരന്തമുഖമായിരുന്നു ഈ പ്രദേശം. അനിയന്ത്രിതമായ കരിമണൽ ഖനനത്തിലൂടെ കടൽ ഇപ്പോഴും കരയിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. പലർക്കും കിടപ്പാടം നഷ്ടമാകുന്ന അവസ്ഥയും. ഈ ഘട്ടത്തിലാണ് സമരം ശക്തമാക്കാൻ ആലപ്പാട് ഗ്രാമം തീരുമാനിക്കുന്നത്. നവോത്ഥാന മൂല്യ സംരക്ഷണങ്ങൾക്ക് മാത്രമായി മതിൽ മാത്രം മതിയോ ജീവിതം അസാധ്യമാക്കും വിധം ഉയരുന്ന കേരളത്തിലെ ചൂഷണങ്ങൾക്ക് നേരെയും ഇത്തരം മതിലുകൾ വേണ്ടേ എന്ന ചോദ്യമാണ്  അറിയിക്കുന്നു.