- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുമതി നൽകിയിരുന്നത് രാസവസ്തു തളിച്ച് പാറപൊട്ടിക്കാൻ; ക്രിസ്മസ് ദിനത്തിൽ പുലർച്ചെ വടശേരിക്കര കൊമ്പനോലിയെ നടുക്കി പാറമടയിൽ ഉഗ്രൻ സ്ഫോടനം; ഭൂമികുലുക്കമെന്ന് ധരിച്ച് നാട്ടുകാർ പുറത്തേക്കോടി; നിയമലംഘനം നടത്തിയത് കണ്ണന്താനം ക്രഷർ യൂണിറ്റ്
പത്തനംതിട്ട: ക്രിസ്മസ് അവധിയുടെ മറവിൽ ക്രഷർ യൂണിറ്റിൽ നിയമം ലംഘിച്ച് നടത്തിയ പാറ പൊട്ടിക്കൽ ഭൂമി കുലുക്കത്തിന്റെ പ്രതീതി സൃഷ്ടിച്ചു. പുലർ കാലത്ത് നടത്തിയ സ്ഫോടനത്തിൽ വീടുകൾ നന്നായി കുലുങ്ങി. ഉറങ്ങിക്കിടന്നവർ ഭൂമി കൂലുക്കമെന്ന് കരുതി നിലവിളിച്ചു കൊണ്ട് വീടിന് പുറത്തേക്ക് ഓടി. നിയമ വിരുദ്ധമായി സ്ഫോടനം നടന്ന വിവരം അറിഞ്ഞിട്ടും പൊലീസ് കേസെടുത്തിട്ടില്ല. പരാതി കിട്ടിയില്ല എന്ന വിചിത്രമായ കാരണമാണ് ഇവർ നിരത്തുന്നത്.
ഞായറാഴ്ച പുലർച്ചെ 5.45 ന് വടശേരിക്കര കൊമ്പനോലി റേഷൻ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന കണ്ണന്താനം (മോഡേൺ റോക്സ്) ക്രഷർ യൂണിറ്റിലാണ് നാടു നടുക്കിയ സ്ഫോടനം ഉണ്ടായത്. ഇവിടെ ഏതാനും ആഴ്ചകളായി ചെറിയ തോതിൽ പാറ പൊട്ടിച്ചിരുന്നു. രാസവസ്തു തളിച്ചാണ് പാറ പൊട്ടിച്ചിരുന്നത്. ഇതു കാരണം നാട്ടുകാർക്ക് വലിയ പരാതിയോ ഉപദ്രവമോ ഉണ്ടായിരുന്നില്ല.
എന്നാൽ, അവധിയുടെ ആനുകൂല്യം മുതലെടുത്ത് ക്രിസ്മസ് ദിനത്തിൽ പുലർച്ചെ സ്ഫോടക വസ്തു ഉപയോഗിച്ച് പാറ വൻ തോതിൽ പൊട്ടിക്കുകയായിരുന്നു. രാസവസ്തു തളിച്ച് പാറ പൊട്ടിച്ചാൽ ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നതിന് ആനുപാതികമായിട്ടുള്ള അസംസ്കൃത വസ്തു ലഭിക്കാറില്ല. അതിനാലാണ് നിയമവിരുദ്ധമായി സ്ഫോടനം നടത്തിയത്. രാസവസ്തു തളിച്ചാൽ ഒരു വർഷമെടുത്താലും പൊട്ടിച്ച് തീരാത്തത്ര പാറയാണ് ഏതാനും സെക്കൻഡുകൾ കൊണ്ട് പൊട്ടിച്ചെടുത്തത്.
പാറമടയുടെ 50 മീറ്റർ പരിധിയിൽ വീടുകളുണ്ട്. സ്ഫോടനത്തിന്റെ ശബ്ദം രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള നാട്ടുകാരെ ഞെട്ടിച്ചു. തൊട്ടടുത്തുള്ള വീടുകൾക്ക് വിള്ളൽ സംഭവിച്ചു. ആധുനിക സംവിധാനം ഉപയോഗിച്ചാണ് പാറ വെടി വച്ചത്. 25 അടിയിലധികം താഴ്ചയിൽ കുഴികൾ എടുത്താണ് സ്ഫോടനം നടത്തിയത്. പട്ടിരേത്ത് പി.എസ്. തോമസിന്റെ വീടിന്റെ ഭിത്തികൾക്ക് വിള്ളൽ വീണു. എന്താണ് സംഭവിച്ചതെന്നറിയാൻ വേണ്ടി മൂന്നു കിലോമീറ്റർ ദൂരെ നിന്ന് വരെ ആൾക്കാർ ഫോൺ വിളിച്ചുവെന്ന് സമീപവാസികൾ പറയുന്നു. ഉഗ്രസ്ഫോടക ശേഷിയുള്ള ഇലക്ട്രിക് ഡിറ്റൊണേറ്റർ ഉപയോഗിച്ച് വർഷങ്ങൾക്ക് മുൻപ് ഇവിടെ പാറ പൊട്ടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയും ഇടപെടലും മൂലം കോടതി ഇടപെട്ട് നിർത്തി വച്ചിരുന്നു.
ഇപ്പോൾ ക്രഷർ യൂണിറ്റിന് കെട്ടിടം നിർമ്മിക്കുന്നതിന് പാറ പൊട്ടിച്ചു മാറ്റാൻ രേഖകൾ സമ്പാദിച്ചിട്ടുണ്ട് എന്നാണ് മലയാലപ്പുഴ പൊലീസ് പറയുന്നത്. സ്ഫോടനം സംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ല എന്നും പൊലീസ് അറിയിച്ചു. വടശേരിക്കര കണ്ണന്താനത്ത് കെ.ജെ. തോമസുകുട്ടിയുടെ ഉടമസ്ഥതയിലാണ് കൊമ്പനോലിയിലെ പാറമട. പാറ രാസവസ്തു ഉപയോഗിച്ച് പൊട്ടിക്കാൻ അനുമതിയുണ്ടെന്ന് ഉടമകൾ പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്