- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര മാസമായിട്ടും ഇതര സംസ്ഥാന തൊഴിലാളിക്ക് ശമ്പളം നൽകിയില്ല; അമ്മ മരിച്ച വിവരം അറിയിച്ചിട്ടും പണം നൽകാതെ ബാഗും ആധാർ കാർഡും തടഞ്ഞു വച്ചു; കോഴഞ്ചേരിയിൽ ഹോട്ടൽ ഉടമയുടെ മകനെതിരേ കേസ്
കോഴഞ്ചേരി: ഇതര സംസ്ഥാന തൊഴിലാളിക്ക് വേതനം നൽകാതെ തടഞ്ഞു വയ്ക്കുകയും ആധാർ കാർഡും മറ്റ് രേഖകളും പിടിച്ചു വയ്ക്കുകയും ചെയ്ത പരാതി അന്വേഷിക്കാനെത്തിയ പൊലീസിന് മുന്നിൽ വച്ച് ഭീഷണി. ഹോട്ടലുടമയുടെ മകനെതിരേ ആറന്മുള പൊലീസ് കേസെടുത്തു. കോഴഞ്ചേരി മണ്ണിൽ ഹോട്ടൽ ഉടമ ജോമോന്റെ മകൻ ആൽബിനെതിരേയാണ് കേസ്.
പശ്ചിമ ബംഗാൾ സ്വദേശിയായ ജീവനക്കാരനെതിരേയാണ് മനുഷ്യത്വ രഹിതമായ പ്രവർത്തി ഉണ്ടായത്. ഇയാളുടെ മാതാവ് മരിച്ച വിവരം അറിയിച്ചിട്ടും വിടാതെ തടഞ്ഞു വച്ചുവെന്നാണ് പരാതി. ഇയാൾ നാട്ടിലേക്ക് പോകാതിരിക്കാൻ ബാഗും ജോലി ചെയ്ത കൂലിയും ആധാർ കാർഡും പിടിച്ചു വച്ചുവത്രേ. അതിഥി തൊഴിലാളിയുടെ പരാതി പൊലീസിന്റെ എമർജൻസി റെസ്പോൺസ് സിസ്റ്റം കൺട്രോളിൽ ലഭിച്ചതിനെ തുടർന്ന് ആറന്മുള പൊലീസ് സ്റ്റേഷനിൽ നിന്നും മൊബൈൽ പെട്രോളിങ് പാർട്ടി ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ഹോട്ടലിൽ എത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ സാധനങ്ങളും, ജോലി കൂലിയും മറ്റും കൊടുക്കാൻ ഉടമ വിസമ്മതിക്കുകയായിരുന്നു.
പരാതിക്ക് പരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് ഇരുകക്ഷികളും സ്റ്റേഷനിൽ എത്താൻ അറിയിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി ഒന്നര മാസമായി ഈ ഹോട്ടലിൽ ജോലി ചെയ്തു വരികയാണ്. ഇന്നലെ ഉച്ചയോടെ അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടിൽ പോകുന്നതിനായി ജോലി ചെയ്ത കൂലി ചോദിച്ചു. എന്നാൽ പണം നൽകാതെ ആധാർ കാർഡും ലഗേജുകളും എല്ലാം തടഞ്ഞു വച്ചിരിക്കുന്നതായും അത് ചോദിച്ച ആളിനെ ഭീഷണിപ്പെടുത്തിയതായും ചീത്ത വിളിച്ചതായും പരാതി നൽകിയിരുന്നു.
ഇരുകൂട്ടരും വൈകിട്ട് നാലിന് സ്റ്റേഷനിൽ എത്താൻ അറിയിച്ചിരുന്നു. ഹോട്ടലിന്റെ ഉടമസ്ഥർ ആരും തന്നെ എത്തിയില്ല. സ്റ്റേഷനിൽ വന്ന് കാത്തു നിന്നിരുന്ന അതിഥി തൊഴിലാളിയെയും കൂട്ടി വൈകിട്ട് അഞ്ചരക്ക് സബ് ഇൻസ്പെക്ടർ ഹോട്ടലിൽ എത്തി തൊഴിലാളിയുടെ ജംഗമ വസ്തുക്കളും ആധാർ കാർഡും മറ്റും കൊടുക്കാൻ കടയുടെ ചുമതലയിലുണ്ടായിരുന്ന ആൽബിനോട് ആവശ്യപ്പെട്ടു. പത്തു മിനുട്ടോളം പൊലീസ് കാത്തു നിന്നിട്ടും അതുകൊടുക്കുന്നതിന് തയ്യാറാകാതെ പൊലീസ് സബ് ഇൻസ്പെക്ടറുടെ മുൻപിൽ വച്ച് പരാതിക്കാരനെ ഭീഷണിപ്പെടുത്തി.
തുടർന്ന് പൊലീസ് സംഘം ആൽബിനെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു പോയി. അതിഥി തൊഴിലാളിയുടെ ജംഗമവസ്തുക്കൾ തടഞ്ഞു വച്ചതിനും ചീത്ത വിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ആൽബിനെതിരെ അതിഥി തൊഴിലാളിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേ സമയം ആറന്മുള പൊലീസ് ആൽബിനെ മർദിച്ചുവെന്ന് കാട്ടി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മറ്റി എസ്‌പിക്ക് പരാതി നൽകി. ഹോട്ടലിന്റെ കൗണ്ടറിൽ വച്ചും സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്ന വഴിക്കും എസ്ഐ ആൽബിനെ മർദിച്ചുവെന്നാണ് പരാതി. മർദനമേറ്റുവെന്നാരോപിച്ച് ആൽബിൻ ചികിൽസ തേടി.
ഹോട്ടലിൽ കയറി ഉടമയുടെ മകനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന മണ്ണിൽ റസ്റ്റോറിന്റെ ഉടമയുടെ മകൻ ആൽബി (19)യെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറന്മുള പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജയൻ അകാരണമായി മർദിച്ചെന്ന് പരാതി ഉയർന്നിരിക്കുന്നത്. ഹോട്ടലിന്റെ കൗണ്ടറിൽ ഇരിക്കുകയായിരുന്ന എൽഎൽബി വിദ്യാർത്ഥി കൂടിയായ ആൽബിനെ പിടിച്ചിറക്കി മർദിക്കുകയും ജീപ്പിനുള്ളിലേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു. സ്റ്റേഷനിൽ എത്തിച്ചും ആൽബിനെ മർദിച്ചു. പരിക്കേറ്റ ആൽബിൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹോട്ടലിലെ ഇതര സംസ്ഥാന തൊഴിലാളി ആറന്മുള സ്റ്റേഷനിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിലെത്തിയത്. ഇയാൾക്ക് ഹോട്ടൽ ഉടമ പണം നൽകാനുണ്ടെന്നും നാട്ടിലേക്ക് അയയ്ക്കുന്നില്ലെന്നുമാണ് മൊഴി നൽകിയത്. എന്നാൽ ഹോട്ടൽ ഉടമ സ്ഥലത്തില്ലാത്തതിനാൽ വന്നതിനുശേഷം വിഷയം പരിഹരിക്കാമെന്ന് ആൽബിൻ അറിയിച്ചിരുന്നു. പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോഴും ഇതുതന്നെ അറിയിച്ചിരുന്നതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എസ്‌ഐ ഇതിൽ പ്രകോപിതനായത് എന്തുകൊണ്ടെന്നു വ്യക്തമല്ല. ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് അസോസിയേഷൻ പരാതി നൽകി. ഇന്നലെ ആറന്മുള സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നി, സെക്രട്ടറി എ.വി. ജാഫർ, റോയ് മാത്യൂസ്, കെ.എം. രാജ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്