ലണ്ടന്‍: യുകെയിലെ കുടിയേറ്റക്കാരെ സംബന്ധിച്ച് നിര്‍ണായക ദിവസമാണ് കടന്നു പോയത്. കുടിയേറ്റക്കാര്യത്തില്‍ യുകെയിലെ ജനങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ച കലാപരിധിയാണ് ഇന്നലെ കടന്നു പോയത്. കുടിയേറ്റക്കാര്‍ സ്ഥിര താമസ അവകാശം നേടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ കണ്‍സള്‍ട്ടേഷന്‍ ടൈം ഇന്നലെ അവസാനിച്ചപ്പോള്‍ എത്ര പേരുടെ പ്രതികരണം എത്തി എന്നതടക്കം ഉള്ള വിവരങ്ങള്‍ വൈകാതെ പുറത്തു വരും. എന്നാല്‍ ഇതിനിടയില്‍ നടന്ന പാര്‍ലിമെന്റ് ചര്‍ച്ചയും സര്‍ക്കാര്‍ നേരിട്ട് സംഘടിപ്പിച്ച അനവധി ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞ കാര്യം കണ്‍സള്‍ട്ടേഷന്‍ തീരുമാനം പുറത്തു വരും മുന്‍പേ മന്ത്രിമാരുടെ വാക്കുകളില്‍ പൊതിഞ്ഞ നിലയില്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം കുടിയേറ്റ സഹ മന്ത്രി മൈക്ക് ടാപ്പിന്റെ പ്രതികരണമാണ്. കനത്ത കുടിയേറ്റം മൂലം ബ്രിട്ടന്റെ പൊതുജന സേവന മേഖല തകര്‍ന്നു നാശമായി എന്ന മുന്നറിയിപ്പാണ് സര്‍ക്കാരിന്റെ ഉള്ളിരിപ്പായി പുറത്തു വന്നിരിക്കുന്നത്.

ഇതിന്റെ പ്രധാന കാരണം സര്‍ക്കാരിന്റെ പിടിപ്പ് കേടാണെങ്കിലും അത് തുറന്നു സമ്മതിക്കാന്‍ കഴിഞ്ഞ സര്‍ക്കാരും നിലവിലെ സര്‍ക്കാരും ഇതുവരെ തയ്യാറായിട്ടില്ല. കടല്‍ കടന്ന് അനധികൃതമായി എത്തുന്നവരാണ് ബ്രിട്ടനിലെ തെരുവുകള്‍ അടക്കം ശ്വാസം മുട്ടിക്കുന്ന നിലയില്‍ ജനപ്പെരുപ്പം നിറച്ചത് എന്ന വാസ്തവം തുറന്നു പറയാനുള്ള ആര്‍ജ്ജവം ഇല്ലാതെയാണ് ജോലി ചെയ്യാന്‍ എത്തിയ കുടിയേറ്റ സമൂഹത്തെ പരമാവധി ബുദ്ധിമുട്ടിച്ച് അവര്‍ക്ക് സ്വയം നാട് ഉപേക്ഷിക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത്. ഇതിന് ഏറ്റവും മികച്ചത് സ്ഥിര താമസ അവകാശം അഞ്ചില്‍ നിന്നും പത്തു വര്‍ഷം ആക്കുകയും വരുമാനം കുറഞ്ഞ ജോലികള്‍ ചെയ്യുന്നവര്‍ക്ക് 15 വര്‍ഷമാക്കുകയും രേഖകള്‍ ഒന്നും കൈയില്‍ ഇല്ലാതെ എത്തിയവര്‍ക്ക് 20 വര്‍ഷം ആകുകയും ചെയ്യുക എന്ന കുറുക്കുവഴിയാണ് സര്‍ക്കാര്‍ കണ്ടെത്തിയത്.

അതിനിടെ പതിവ് പോലെ ഈ വിഷയത്തിലും മലയാളികള്‍ ചേരി തിരിഞ്ഞതും പ്രത്യക്ഷ കാഴ്ചയായി. സര്‍ക്കാരിന്റെ കുടിയേറ്റ നിയമനങ്ങള്‍ ഒരു തരത്തിലും തങ്ങളെ ബാധിക്കില്ല എന്ന് വ്യക്തമായ ആദ്യകാല കുടിയേറ്റ മലയാളികള്‍ ഈ വാര്‍ത്തകളോട് പോലും മുഖം തിരിച്ചപ്പോള്‍ കണ്‍സള്‍ട്ടേഷനില്‍ തങ്ങള്‍ എന്തിനു പങ്കാളികള്‍ ആകണം എന്ന ചോദ്യം പോലും ഉയര്‍ന്നിരുന്നു. ഒന്നര പതിറ്റാണ്ട് മുന്‍പ് സര്‍ക്കാര്‍ സമാനമായ തരത്തില്‍ നിയമ പരിഷ്‌കരണത്തിന് മുതിര്‍ന്നപ്പോള്‍ ശക്തമായി പോരാടിയ തലമുറയാണ് അന്നത്തെ മലയാളികള്‍ എന്നതും പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. മാത്രമല്ല പതിവ് പോലെ ഒരു മലയാളി സംഘടന പോലും ഇക്കാര്യത്തില്‍ ശബ്ദം ഉയര്‍ത്തിയില്ല എന്നതും പ്രധാനമാണ്. അടുത്തകാലത്ത് എത്തിയ മലയാളികളെ കൊണ്ട് അംഗത്വ ഫീസ് വാങ്ങിച്ചെടുത്ത സംഘടനകള്‍ ഇത് ന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്ന കാര്യം എന്ന നിലയിലാണ് നിശബ്ദതയുടെ മുഖം മൂടിയണിഞ്ഞത്.

എന്നാല്‍ റീഫോം നേതാവ് നൈജില്‍ ഫരാജിന്റെ മണ്ഡലമായ ക്ലാക്ടന്‍ ഓണ്‍ സീ പ്രദേശത്തെ മലയാളി സംഘടനാ ഇതിനായി ഒപ്പു ശേഖരണം നടത്തി അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തി പരാതി കൈമാറിയത് പ്രത്യേകിച്ച് ഗുണം ഉണ്ടായില്ലെങ്കില്‍ പോലും പ്രതികരിക്കാന്‍ തയ്യാറായുള്ളവരും ഉണ്ടെന്ന പ്രതീക്ഷക്ക് ഇടയാക്കിയ സംഭവമാണ്. ഇതേ പ്രതികരണം യുകെയില്‍ എല്ലായിടത്തും നടത്താനായെങ്കില്‍ പതിനായിരക്കണക്കിന് മലയാളികളുടെ പിന്തുണ ഉറപ്പാക്കാനാകുമായിരുന്നു, എന്നാല്‍ പൂച്ചക്കാര് മണികെട്ടും എന്ന ശൈലിയില്‍ ആര് നേതൃത്വം നല്‍കും എന്ന ചോദ്യത്തിന് മാത്രം ഉത്തരം ഉണ്ടായില്ല, ഒരു ഓണ്‍ലൈന്‍ പരാതി തയ്യാറാക്കുവാന്‍ പോലും ഉത്തരവാദിത്തമുള്ള സംഘടനകള്‍ മടിച്ചു നിന്നു എന്നതും പറയാതെ വയ്യ. ഒടുവില്‍ ഡാര്‍വിന്‍ തോമസ് എന്ന യുവ മലയാളി എഞ്ചിനീയര്‍ ഇതിനു തയ്യാറായപ്പോള്‍ അദ്ദേഹത്തിന് പിന്തുണയുമായി കൂടുതലായും എത്തിയത് മലയാളികളേക്കാള്‍ അന്യനാട്ടുകാരാണ്.

ഗുണമുള്ളവര്‍ ബ്രിട്ടന്‍ വിട്ടു പോകും, സര്‍ക്കാരിന് ഭാരമായി മാറുന്നവര്‍ ഇവിടെ തന്നെ തുടരും

സര്‍ക്കാര്‍ തേടിയ കുറുക്ക് വഴി ഭാവിയില്‍ അവര്‍ക്ക് തന്നെ കുരുക്കായി മാറും എന്ന സൂചനയാണ് ഇപ്പോള്‍ വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ ഇതിന്റെ ഫലമായി ഭേദപ്പെട്ട വരുമാനം ലഭിക്കുന്ന നഴ്സുമാര്‍ അടക്കമുള്ള പ്രൊഫഷണലുകള്‍ ബ്രിട്ടന്‍ വിട്ടു മറ്റു രാജ്യങ്ങള്‍ തേടാന്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തിന് ഗുണം ചെയ്യുന്ന കര്‍മ്മ സേനയെ ആണ് കൈമോശം വരുക. ഇപ്പോള്‍ തന്നെ നിയമം കാര്‍ക്കശ്യം ആക്കിയാല്‍ ചുരുങ്ങിയത് അരലക്ഷം നഴ്സുമാര്‍ രാജ്യം വിടുമെന്ന മുന്നറിയിപ്പ് നല്‍കുന്നത് ഏറ്റവും വലിയ നഴ്സിംഗ് സംഘടനയായ ആര്‍സിഎന്‍ തന്നെയാണ്.

എന്നാല്‍ വരുമാനം കുറഞ്ഞ കെയറര്‍മാര്‍ അടക്കമുള്ള വിഭാഗത്തിന് മറ്റു രാജ്യങ്ങളില്‍ തൊഴില്‍ ലഭിക്കാന്‍ ഓപ്ഷന്‍ ഇല്ലാത്തതിനാല്‍ അവര്‍ 15 വര്‍ഷം എന്ന കടുപ്പമേറിയ റൂട്ടിലും കല്ലും മുള്ളും ചവിട്ടി ഇവിടെ തന്നെ തുടരും. എന്നാല്‍ ബ്രിട്ടന് ഭാരമായി മാറികൊണ്ടിരിക്കുന്ന അഭയാര്‍ത്ഥികള്‍ അടക്കമുള്ള വിഭാഗം 20 ഓ അതില്‍ കൂടുതല്‍ കാലമോ ബ്രിട്ടനില്‍ തന്നെ തുടരും. കാരണം അവര്‍ക്ക് പോകാന്‍ മറ്റൊരിടമില്ല. ഈ സൂചനയില്‍ സര്‍ക്കാര്‍ ഇപ്പോള്‍ എടുത്ത് ഉയര്‍ത്തുന്ന കുറുക്ക് വഴി അടുത്ത ജനറല്‍ ഇലക്ഷനില്‍ ചോരുന്ന വോട്ടുകള്‍ തിരിച്ചു പിടിക്കുക എന്ന തന്ത്രത്തിന്റെ കൂടി ഭാഗമാണ് എന്ന് വിലയിരുത്തേണ്ടി വരും. ആത്യന്തികമായി ദീര്‍ഘകാല ഭാവിയില്‍ കുടിയേറ്റ നിയമത്തിലെ മാറ്റങ്ങള്‍ കൊണ്ട് ഉദ്ദേശിച്ച ഫലം ഉണ്ടാവുകയില്ല എന്നും വ്യക്തം.

നിയമ മാറ്റത്തിനു വേഗതയേറിയത് മലയാളികള്‍ അടക്കം കെയര്‍ വിസയില്‍ തള്ളിക്കയറ്റം ഉണ്ടായതിനാല്‍

കോവിഡിന് ശേഷം ആരോഗ്യ രംഗത്തു ജോലി ചെയ്യാന്‍ ആളെ കിട്ടില്ല എന്ന ആഗോള ട്രെന്‍ഡ് രൂപപെട്ടപ്പോളാണ് കെയര്‍ വിസ വിദേശികള്‍ക്കായി ബ്രിട്ടന്‍ തുറന്നിട്ടത്. അടിസ്ഥാന വേതനം കൈപ്പറ്റുന്ന ജിഗ് തൊഴിലാളികള്‍ എന്നറിയപ്പെടുന്ന വിഭാഗത്തിന് കോവിഡിന് ശേഷം അമേരിക്കയില്‍ രൂപപ്പെട്ട കടുത്ത ക്ഷാമം ലോകം മുഴുവന്‍ ട്രെന്‍ഡ് ആയി മാറിയപ്പോഴാണ് ആരോഗ്യ മേഖലയില്‍ എന്ത് ചെയ്യും എന്ന ചോദ്യം ബ്രിട്ടന് മുന്നില്‍ എത്തിയത്. കോവിഡിന്റെ ആദിമ രൂപം മരണ കൊടുങ്കാറ്റായി ബ്രിട്ടനില്‍ വീശിയപ്പോള്‍ ആയിരക്കണക്കിന് വയോജനങ്ങള്‍ വീടുകളില്‍ മരിച്ചു കിടന്ന ഞെട്ടിക്കുന്ന കാഴ്ചകള്‍ ഇന്നും പുറം ലോകം അധികം അറിഞ്ഞിട്ടില്ലെങ്കിലും നിസ്സഹായരായി കണ്ടു നില്‍ക്കേണ്ടി വന്ന ആ സാഹചര്യം ഒരിക്കല്‍ കൂടി തരണം ചെയ്യാനാകില്ല എന്ന ചിന്തയോടാണ് വര്‍ക്ക് ഫോഴ്‌സ് എന്ന നിലയില്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ബ്രിട്ടന്‍ വഴി തുറന്നത്.

എന്നാല്‍ പൊടുന്നനെ ഇതൊരു അവസരം ആക്കി മാറ്റിയ ഇന്ത്യന്‍, നൈജീരിയന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകള്‍ കെയര്‍ വിസ തരപ്പെടുത്തി യുകെയില്‍ എത്തിയപ്പോള്‍ രാജ്യത്തെ പൊതു സേവന മേഖലയാണ് അതിന്റെ ഭാരം താങ്ങാനാകാതെ കഴുത്തൊടിഞ്ഞത്. ഇതിന്റെ ആഘാതം ഇപ്പോഴും ബ്രിട്ടനില്‍ വ്യക്തമായി തെളിഞ്ഞു നില്‍ക്കുകയാണ്. സ്‌കൂളുകള്‍, ആശുപത്രികള്‍, പാര്‍പ്പിട സൗകര്യം, ബസ് - ട്രെയിന്‍ ഗതാഗതം, നിരത്തുകള്‍ എന്നിവ ഒക്കെ അനിയന്ത്രിത കുടിയേറ്റത്തിന്റെ ദുര്‍ഘട കാലം തെളിയിച്ചാണ് സര്‍ക്കാരിനെ കൊണ്ട് ഇതിന് അറുതി വരുത്തണം എന്ന ചിന്തയിലേക്ക് എത്തിച്ചത്. 2022 മുതല്‍ 2030 വരെ യുകെയില്‍ കെയര്‍ വിസയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച ജനം ഒരൊറ്റ വര്‍ഷം കൊണ്ട് യുകെയില്‍ എത്തിയപ്പോഴാണ് അതിന്റെ അപകടം അന്നത്തെ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ആദ്യമായി ഹോം ഓഫീസ് ജീവനക്കാരെ കൊണ്ട് കണക്കുകള്‍ സംഘടിപ്പിച്ചു സര്‍ക്കാരിന് മുന്നില്‍ എത്തിച്ചത്.

സ്റ്റുഡന്റ് വിസക്കാരും കെയര്‍ വിസക്കാരും കുടിയേറ്റ നിയമം ദുരുപയോഗം ചെയ്തെന്ന കണ്ടെത്തല്‍ തിരിച്ചടി വേഗത്തിലാക്കി

ഇതിനിടയില്‍ വിസ ഏജന്റുമാര്‍ കൊള്ള നടത്താന്‍ തയ്യാറായതോടെ ബ്രിട്ടീഷ് മലയാളിയില്‍ അടക്കം വാര്‍ത്തകള്‍ നിറയുകയും മലയാളികളില്‍ നിന്നും തന്നെയായി 3500ലേറെ പരാതികള്‍ ഹോം ഓഫീസില്‍ എത്താന്‍ കാരണമായതും. ഇതിനിടയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ പതിനായിരങ്ങളില്‍ യൂണിവേഴ്സിറ്റിയില്‍ പോകാതെ നേരെ കെയര്‍ ഹോം വിസ സ്വന്തമാക്കി സ്വിച്ച് ചെയ്തു യുകെയില്‍ തന്നെ ജീവിക്കാന്‍ തീരുമാനിച്ചതും സര്‍ക്കാര്‍ ചിന്തിക്കാത്ത കാര്യമായിരുന്നു.

ഇതോടെ ഹോം ഓഫീസില്‍ പുതുതായി എത്തിയ സെക്രട്ടറി സ്യുവേല ബ്രെവര്‍മാന്‍ അന്നത്തെ പ്രധാനമന്ത്രി ഋഷി സുനക്കിനോട് ഇത് ഈവിധം പോയാല്‍ രാജ്യത്തിന് നാശം തന്നെയാകും എന്ന് ബോധ്യപ്പെടുത്തിയതും സ്റ്റുഡന്റ് വിസയും കെയര്‍ വിസയും കുടിയേറ്റ ദുരുപയോഗമായി മാറി എന്ന് സര്‍ക്കാരിനെ കൊണ്ട് പരസ്യമായി പറയിച്ചതും. ഒരു പരിധി വരെ ഇന്നത്തെ ദുരവസ്ഥയ്ക്ക് ചെറുതല്ലാത്ത പങ്കാളിത്തം മലയാളികളില്‍ നിന്നും ഉണ്ടായി എന്നത് സംശയമില്ലാത്ത വസ്തുതയാണ്.

കെയര്‍ വിസയില്‍ ഏജന്റുമാരെ നിയന്ത്രിക്കാന്‍ ബ്രിട്ടനും കേരളവും ഒക്കെ പരാജയമായപ്പോള്‍ ബ്രിട്ടനിലെ ജീവിത രീതിയുമായി ഒരു തരത്തിലും പൊരുത്തപ്പെടാന്‍ പോലും തയ്യാറല്ലാത്ത വിധം ആളുകള്‍ തള്ളിക്കയറിയതും ഈ കാലഘട്ടത്തില്‍ തന്നെയാണ്. ഇത് സംബന്ധിച്ച് അനേകം പരാതികള്‍ കേരള സര്‍ക്കാരിന്റെ മുന്നില്‍ എത്തിയപ്പോള്‍ കുടിയേറ്റം കേന്ദ്ര വിഷയം ആണെന്ന് പറഞ്ഞു തള്ളിക്കളയുക ആയിരുന്നു പൊതു രീതി. ഇന്നും കേരളത്തിലെ നിരത്തുകള്‍ നിറയെ വ്യാജ വിസ ഏജന്‍സികളുടെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുക ആണെങ്കിലും ഒരു സ്ഥാപനം പോലും പൂട്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

ലക്ഷക്കണക്കിന് രൂപ വ്യാജ വിസയ്ക്കായി നല്‍കിയവരും ഓരോ കാലാവധിയിലും വിസ പുതുക്കാന്‍ ആയിരക്കണക്കിന് പൗണ്ട് മുടക്കി ജീവിതത്തില്‍ ഒന്നും മിച്ചം പിടിക്കാനാകാതെ ഒടുവില്‍ നിരാശയോടെ യുകെയില്‍ നിന്നും മടങ്ങേണ്ടി വരുന്നവരും ഒടുവില്‍ സംസ്ഥാനത്തെ നിസ്സഹായ കാഴ്ചയായി മാറേണ്ടി വരും എന്ന ചിന്തയൊന്നും കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഉണ്ടായില്ല എന്നതും ഈ പശ്ചാത്തലത്തില്‍ പ്രസക്തമാണ്.

അന്നത്തെ തള്ളിക്കയറ്റം അടുത്ത ഇലക്ഷന്‍ കാലത്തു വോട്ട് ചോദിയ്ക്കന്‍ ലേബറിനും ടോറികള്‍ക്കും പ്രയാസമാകും, റീഫോം അവസരം മുതലാക്കും, കഴിഞ്ഞ ജൂണ്‍ മാസത്തില്‍ തന്നെ ഇത് വ്യക്തമായിരുന്നു

ചുരുക്കത്തില്‍ 2020 മുതല്‍ 2022 വരെ തള്ളിക്കയറിയ 15 ലക്ഷത്തോളം പേര്‍ 2028ല്‍ പൗരത്വം തേടി ബ്രിട്ടീഷ് സര്‍ക്കാരിന് മുന്നില്‍ എത്തുമ്പോള്‍ കൈ മലര്‍ത്തി കാട്ടാന്‍ സര്‍ക്കാരിന് കഴിയില്ല. ഈ സൂചന നല്‍കുന്ന വാര്‍ത്ത കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ചിരുന്നു. ഒറ്റയടിക്ക് ഇത്രയധികം ആളുകള്‍ വെല്‍ഫെയര്‍ സിസ്റ്റത്തിലേക്ക് എത്തുമ്പോള്‍ നാട്ടുകാരുടെ കഞ്ഞിയില്‍ പാറ്റ വാരിയിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.

അടിസ്ഥാന വോട്ട് പാറ്റേണില്‍ ഇത് വലിയ പരിവര്‍ത്തനം സൃഷ്ടിക്കുമ്പോള്‍ ലേബറിന്റെയും ടോറികളുടെയും കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുക്കി കളയും എന്നതാണ് കുടിയേറ്റ തിരക്ക് ബ്രിട്ടനിലെ രാഷ്ട്രീയ ശാക്തിക ചേരികള്‍ക്ക് നല്‍കുന്ന തിരിച്ചടിക്ക് കാരണമാക്കുക. വോട്ട് തേടി വീട്ടു പടിക്കല്‍ എത്തുമ്പോള്‍ വിലക്കയറ്റമോ തൊഴിലില്ലായ്മയോ രാജ്യത്തിന്റെ സാമ്പത്തിക പാപ്പരത്തമോ ഒന്നുമല്ല ജനങ്ങള്‍ കാമ്പയിന്‍ നടത്തുന്ന രാഷ്ട്രീയ കക്ഷി പ്രതിനിധികളോട് ചോദിക്കുന്നത്.

കുടിയേറ്റ കാര്യത്തില്‍ നിങ്ങള്‍ എന്ത് ചെയ്തു എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. ഈ ചോദ്യത്തില്‍ ഇന്നേവരെ അധികാരത്തിന്റെ ഭാഗം അല്ലാത്ത റീഫോം മാത്രമാണ് ഞങ്ങള്‍ക്ക് അവസരം നല്‍കൂ എന്ന് പറയാന്‍ യോഗ്യത ഉള്ളവര്‍. ഇതോടെ സാധാരണക്കാരും പാവപ്പെട്ടവരും സ്വാഭാവികമായും അവരാണ് ശരി എന്ന ചിന്തയില്‍ വോട്ട് കുത്താന്‍ തയ്യാറാകും. ഈ രാഷ്ട്രീയത്തില്‍ കാലിടറി വീഴുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ ടോറികള്‍ക്കും ലേബറിനും കഴിയൂ.

അതിനാലാണ് 2028 എന്ന കാലപരിധി നിശ്ചയിച്ചു, അതിനു മുന്‍പ് ഐഎല്‍ആര്‍ നേടാന്‍ യോഗ്യതയുള്ളവര്‍ക്ക് നല്‍കുകയും അവശേഷിക്കുന്നവരെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന നിയമ മാറ്റത്തിലേക്ക് സര്‍ക്കാര്‍ എത്തുന്നത്. ഇതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയും വ്യക്തമാണ്. ഇതിലൂടെ സര്‍ക്കാര്‍ നേരിടുന്ന സമ്മര്‍ദ്ദം കുറയ്ക്കുക എന്നത് മാത്രമാണ് പിആര്‍ കാലാവധി പത്തും പതിനഞ്ചും ഇരുപതും വര്‍ഷമാക്കി സൗകര്യം പോലെ ഉപയോഗിക്കുക എന്ന നയം മാറ്റത്തിലേക്ക് ഇപ്പോള്‍ ബ്രിട്ടനെ എത്തിച്ചിരിക്കുന്നത്.