തൃശ്ശൂർ: കൂമ്പാരമേഘങ്ങളുടെ എണ്ണവും ഇതുവഴിയുണ്ടാകുന്ന മിന്നൽച്ചുഴലി അഥവാ ഗസ്റ്റ് വിൻഡ് പ്രതിഭാസവും വർധിച്ചുവരുന്നതായി കാലാവസ്ഥാശാസ്ത്രജ്ഞർ. ജൂണിനുശേഷം എട്ടുതവണയാണ് മിന്നൽച്ചുഴലികൾ രൂപപ്പെട്ടത്. ഇത്തരം പ്രതിഭാസങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് തൃശ്ശൂർ ജില്ലയിലാണ് എന്ന നിഗമനത്തിലാണ് കാലാവസ്ഥാശാസ്ത്രജ്ഞർ.

ഇവയെ കൃത്യമായി പ്രവചിക്കാൻ പറ്റുന്നില്ല എന്നതാണ് മിന്നിൽ ചുഴി ഉയർത്തുന്ന പ്രധാന വെല്ലുവിളി.കൂമ്പാരമേഘങ്ങൾ രൂപപ്പെടുന്നതും മിന്നൽച്ചുഴലിയുമെല്ലാം പ്രവചിക്കുക എളുപ്പമല്ലെന്നാണ് കാലാവസ്ഥാശാസ്ത്രജ്ഞർ പറയുന്നത്. കാലവർഷത്തിലും തുലാവർഷത്തിലും വേനൽക്കാലത്തുംവരെ മിന്നൽച്ചുഴലിയുണ്ടാകാമെന്ന സ്ഥിതി നിലനിൽക്കുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു. തുലാവർഷക്കാലത്തുമാത്രം ഒതുങ്ങിനിൽക്കേണ്ടവയാണ് ഇത്തരം പ്രതിഭാസങ്ങൾ.

ജൂൺ, ജൂലായ് മാസങ്ങളിൽവരെ ഇടിമിന്നലേറ്റുള്ള മരണം ഇപ്പോൾ സംഭവിക്കുന്നു. വലിയ മേഘങ്ങൾ രൂപപ്പെടുന്നതാണ് ഇടിക്കും മിന്നലിനും കാരണം. ഇത്തരം കാറ്റുകൾ രൂപപ്പെടുമ്പോൾ ആൽമരംപോലും കടപുഴകിവീഴുന്നു.ചാലക്കുടിയിലും സമാനമായ സംഭവമുണ്ടായി. മരങ്ങൾ ഒടിഞ്ഞുവീഴാതെ കടപുഴകുന്നത് കാറ്റിന്റെ ശക്തിയെ സൂചിപ്പിക്കുന്നു.മിന്നൽച്ചുഴലികൾ വർധിച്ചുവരുന്ന സാഹചര്യം കാലാവസ്ഥാമാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തണം. അസാധാരണമായ ഇത്തരം പ്രതിഭാസങ്ങൾ നിരവധിയുണ്ടാകുന്നുണ്ട്. കനത്ത ഇടിമിന്നലും ആലിപ്പഴം പൊഴിച്ചിലുമെല്ലാം ഇതിനുദാഹരണമാണെന്നാണ് കാലാവസ്ഥാഗവേഷകർ പറയുന്നത്.

എട്ടുമുതൽ പത്തുവരെ കിലോമീറ്റർ നീളമുള്ളവയാണ് കൂമ്പാരമേഘങ്ങൾ. അനുകൂല കാലാവസ്ഥയിൽ സാധാരണമേഘങ്ങളാണ് വളർന്ന് കൂമ്പാരമേഘങ്ങളാകുന്നത്. വായുവിന്റെ മുകളിലേക്കുള്ള തള്ളൽ, അന്തരീക്ഷത്തിലുള്ള ഈർപ്പം തുടങ്ങി വിവിധ കാരണങ്ങളാണ് അനുകൂലസാഹചര്യം സൃഷ്ടിക്കുന്നത്.ഇത്തരം മേഘങ്ങൾ വായു താഴേക്ക് തള്ളുമ്പോഴാണ് മിന്നൽച്ചുഴലി അഥവാ ഗസ്റ്റ് വിൻഡ് രൂപപ്പെടുന്നത്. ഇതിന് മണിക്കൂറിൽ 80 മുതൽ 180 കിലോമീറ്റർ വരെ വേഗം കൈവരാം. മൂന്ന്-നാല് കിലോമീറ്റർ ചുറ്റളവിലാണ് ഇത് ആഞ്ഞുവീശാറുള്ളത്.

തൃശ്ശൂർ ജില്ലയിലുണ്ടായ മിന്നൽച്ചുഴലികളിൽ ഏറ്റവും ഒടുവിലത്തേതാണ് തിങ്കളാഴ്ച ചാലക്കുടിയിലുണ്ടായത്. മൂന്നുദിവസംമുമ്പ് നന്തിപുലത്തും അരിമ്പൂരും മിന്നൽച്ചുഴലിയുണ്ടായി. ജൂലായ് 14-ന് ചേർപ്പിൽ ഇത്തരം ഒരു സംഭവമുണ്ടായിരുന്നു. ജൂലായ് 15-ന് തിരുവത്രയിൽ മിന്നൽച്ചുഴലി ആഞ്ഞുവീശി. പതിനാറിന് പീച്ചി, ഒല്ലൂർ മേഖലകളിലെ മൂന്ന് പഞ്ചായത്തുകളിൽ മിന്നൽച്ചുഴലി രൂപപ്പെട്ടു. ഇതുകൂടാതെ പലസ്ഥലങ്ങളിലും ശക്തമായ കാറ്റുണ്ടായിരുന്നു. ഇത് മിന്നൽച്ചുഴലി വിഭാഗത്തിൽ വരുമോയെന്ന് വ്യക്തമല്ല.

നിമിഷനേരം കൊണ്ട് പ്രദേശത്തെ വിറപ്പിക്കുന്ന ചുഴലി വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. തൃശ്ശൂർ ജില്ലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിയിൽ മേഖലയിൽ ആഞ്ഞുവീശിയ മിന്നൽച്ചുഴലിയിൽ കനത്ത നാശനഷ്ടം. ചാലക്കുടിപ്പുഴയോരത്തോട് ചേർന്നുള്ള ഭാഗങ്ങളിലാണ് ചുഴലി വീശിയത്. മുനിസിപ്പൽ പ്രദേശത്തെ പടിഞ്ഞാറെ ചാലക്കുടി, മേലൂർ ഗ്രാമപ്പഞ്ചായത്തിലെ മുരിങ്ങൂർ, നടത്തുരുത്ത്, ആളൂർ പഞ്ചായത്തിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ 3.15-ന് കാറ്റുവീശിയത്.

മൂഞ്ഞേലി, തോട്ടവീഥി, കീഴ്‌ത്താണി, മോനിപ്പള്ളി എന്നിവിടങ്ങളിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മുകളിലെ ഷീറ്റുകൾ പറന്നുപോയും മരങ്ങൾ കടപുഴകിവീണുമാണ് വീടുകൾക്ക് നാശം സംഭവിച്ചത്. 20 സെക്കൻഡുകൾക്ക് താഴെമാത്രം നീണ്ടുനിന്ന മിന്നൽച്ചുഴലിയിൽ നാട്ടുകാർ ഭീതിയിലായി.

'ആഞ്ഞുവീശിയ കാറ്റിന്റെ ശബ്ദം കേട്ട് വീടുകളിലുള്ള ഏറേപ്പേരും ഉണർന്നു. വീടിന്റെ മുകൾവശത്തും മുറ്റത്തും സ്ഥാപിച്ചിരുന്ന ഷീറ്റുകൾ അടുത്ത വീടുകളിലേക്ക് പറന്നെത്തി. പലരും വീടുകളിൽനിന്ന് പുറത്തേക്കിറങ്ങി'-സംഭവം വിവരിച്ച സമീപവാസി കാടുകുറ്റിവീട്ടിൽ ഗോപാലൻ പറഞ്ഞു.

വലിയ ശബ്ദത്തോടെയുള്ള കാറ്റാണ് വീശിയതെന്ന് ഉപ്പത്ത് ശിവപ്രസാദ് പറഞ്ഞു. പലരുടെയും വീട്ടുമുറ്റത്തെ തേക്ക്, വാഴ, ജാതി, കവുങ്ങ് മരങ്ങളുൾപ്പെടെ കടപുഴകിവീണു. വീടുകളുടെ മതിലുകൾ തകർന്നു. ചാലക്കുടി സി.എം.ഐ. സ്‌കൂൾ ഗ്രൗണ്ടിനോടു ചേർന്നുള്ള സ്റ്റേഡിയത്തിന്റെ മേൽക്കൂര കാറ്റിൽ നിലംപൊത്തി. സ്‌കൂൾ ബസുകൾ പാർക്ക് ചെയ്തിരുന്ന കെട്ടിടങ്ങളുടെ ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. സ്റ്റേഡിയത്തിന് വലിയ നാശമാണുണ്ടായത്.

പടിഞ്ഞാറെ ചാലക്കുടി മോനപ്പിള്ളി ക്ഷേത്രത്തിന്റെ മുൻവശത്തുള്ള വൻ ആൽമരം കടപുഴകിവീണതിനെത്തുടർന്ന് തൊട്ടടുത്തുള്ള വീടിന്റെ മതിൽ തകർന്നു. ക്ഷേത്രത്തിൽ പുനർനിർമ്മാണജോലികൾ നടന്നുവരുകയാണ്. ഇതിനോടനുബന്ധിച്ച് നിർമ്മിച്ച താത്കാലിക ഷെഡ്ഡുകൾ കാറ്റിൽ തകർന്നുവീണു.

പുലർച്ചെ നാലിനുതന്നെ ഫയർഫോഴ്സ് ജീവനക്കാർ പ്രദേശത്തെത്തി റോഡിൽ കിടന്ന മരങ്ങൾ മുറിച്ചുനീക്കി. കിഴുത്താണിയിൽ അമ്പൂക്കൻ ജെയ്സന്റെ മറിഞ്ഞുവീഴാറായിനിന്ന പന ഫയർഫോഴ്സും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും ചേർന്ന് മുറിച്ചുനീക്കി. മേലൂർ ഗ്രാമപ്പഞ്ചായത്തിൽ ഡിവൈൻ കേന്ദ്രത്തിനു സമീപം മരം വീണ് 11 കെ.വി. പോസ്റ്റ് ഒടിഞ്ഞുവീണു. മേലൂർ കൂവ്വക്കാട്ടുകുന്ന്, നടുത്തുരുത്ത്, മുരിങ്ങൂർ എന്നിവിടങ്ങളിൽ മരം വീണും ഷീറ്റുകൾ പറന്നുപോയും വീടുകൾക്ക് നാശനഷ്ടമുണ്ടായി.

വീടുകളിലെ കോഴിക്കൂടുകളും വളർത്തുമൃഗങ്ങളുടെ ഷെഡ്ഡുകളും തകർന്നു. കാറ്റിൽ ആളൂരിൽ നാല് വീടുകൾക്ക് കേടുപാടുകൾ പറ്റി. തഹസിൽദാർ ഇ.എൻ. രാജു, മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, പ്രതിപക്ഷനേതാവ് സി.എസ്. സുരേഷ്, കൗൺസിലർമാരായ കെ.വി. പോൾ, ഷിബു വാലപ്പൻ, സുധാ ഭാസ്‌കരൻ, ജിതി രാജൻ, ചാലക്കുടി എസ്.എച്ച്.ഒ. കെ.എസ്. സന്ദീപ് തുടങ്ങിയവർ സ്ഥലത്തെത്തി.