ചണ്ഡീഗഡ്: രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച മേജറായ പിതാവ് നവ്‌നീത് വാട്‌സ് അടക്കം കുടുംബത്തിന്റെ മഹത്തായ പാരമ്പര്യം പിന്തുടരാൻ ഏക മകളായ ഇരുപത്തിമൂന്നുകാരിയായ മകളും സൈനിക സേവനത്തിന് ഒരുങ്ങുന്നു. പിതാവ് രാജ്യത്തിനായി വീരമൃത്യു വരിച്ച് 20 വർഷം തികയുന്ന വേളയിലാണ് ഹരിയാന സ്വദേശിയായ ഇനായത്ത് വാട്സ് സൈനിക സേവനത്തിന് തയ്യാറെടുക്കുന്നത്. കുടുംബത്തിലെ മൂന്നാം തലമുറയിൽ നിന്ന് സേനയിലെത്തുന്നയാളാണ് ഇനായത്ത്. മുത്തശ്ശനും സേനയിൽ കേണൽ ആയി സേവനമനുഷ്ഠിച്ചിരുന്നു.ഇനായത്ത് വാട്സിന്റെ പിതാവ് മേജർ നവ്നീത് വാട്സ് 2003ൽ കാശ്മീരിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിടെയാണ് വീരമൃത്യു വരിച്ചത്.

ശ്രീനഗറിൽ ഭീകരർ കയ്യടക്കിയ കെട്ടിടം ഒഴിപ്പിക്കുന്നതിനിടെ ഭീകരരുടെ വെടിയേറ്റാണ് മേജർ നവ്നീത് വീരമൃത്യു വരിച്ചത്. മരണാനന്തരം അദ്ദേഹത്തിന് സേനാ മെഡൽ നൽകി രാജ്യം ആദരിച്ചിരുന്നു. പിതാവിന്റെ ജീവൻ നഷ്ടമാകുമ്പോൾ ഏക മകളായ ഇനായത്തിന് വെറും രണ്ടര വയസുമാത്രമായിരുന്നു പ്രായം. ഡൽഹി ലേഡി ശ്രീറാം കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ഇനായത്ത് ഇപ്പോൾ ഡൽഹി സർവകലാശാലയുടെ കീഴിലുള്ള ഹിന്ദു കോളേജിലെ പി ജി വിദ്യാർത്ഥിനിയാണ്.



ആശ്രിതനിയമനം പ്രകാരം ഹരിയാന സർക്കാർ മുന്നോട്ടുവച്ച ഗസറ്റഡ് പോസ്റ്റിലെ ജോലി വേണ്ടെന്നുവച്ചാണ് ഇനായത്ത് രാജ്യസേവത്തിനൊരുങ്ങുന്നത്. വരുന്ന ഏപ്രിലിൽ ഇനായത്ത് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ ജോയിൻ ചെയ്യും.സ്വസ്ഥമായ ജീവിതം തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിട്ടും മകൾ പിതാവിന്റെ പാത പിന്തുടരുന്നതിൽ സന്തോഷമുണ്ടെന്ന് ഇനായത്തിന്റെ മാതാവ് ശിവാനി പറഞ്ഞു.

മേജർ നവ്നീത് വാട്സ് വീരമൃത്യു വരിച്ചപ്പോൾ ഭാര്യ ശിവാനിക്ക് 27 വയസായിരുന്നു പ്രായം, വിവാഹം കഴിഞ്ഞിട്ട് നാലു വർഷവും. ഒരു ധീരസൈനികന്റെ മകളാണ് ഇനായത്ത്. ബിരുദം പൂർത്തിയാക്കിയപ്പോൾ ഇനായത്ത് സർക്കാർ മുന്നോട്ടുവച്ച ജോലി ഏറ്റെടുക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അവൾ ഒരു രക്തസാക്ഷിയുടെ മകളാണ്. അവർ സേനയിൽതന്നെ പ്രവേശിക്കുമെന്നുള്ളത് വ്യക്തമായിരുന്നെന്നും ശിവാനി കൂട്ടിച്ചേർത്തു.



കശ്മീരിലെ പുൽവാമയിൽ ജയ്ഷ് ഇ മുഹമ്മദ് (ജെഎം) തീവ്രവാദികളുമായുള്ള വെടിവയ്പിൽ വീരമൃത്യു വരിച്ച മേജർ വിഭുതി ശങ്കർ ധൗണ്ടിയാലിന്റെ ഭാര്യ നിതിക കൗളും ഇന്ത്യൻ സൈന്യത്തിൽ ചേർന്നിരുന്നു. ഭർത്താവ് വീരമൃത്യു വരിച്ച് രണ്ടു വർഷത്തിനുശേഷമായിരുന്നു നിതിക ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായത്


2019 ൽ പുൽവാമയിൽ വീരമൃത്യു വരിച്ച ' മജ്വിഭൂതിശങ്കർ ധൗണ്ടിയലിന് ശൗര്യ ചക്ര നൽകി രാഷ്ട്രം ആദരിച്ചിരുന്നു. ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്എൽസി) പരീക്ഷയും 2020 ലെ അഭിമുഖവും പൂർത്തിയാക്കിയാണ് നിതിക സൈന്യത്തിന്റെ ഭാഗമായത്.

2019 ഫെബ്രുവരി 14 ന് ജെഎമ്മിന്റെ ആദിൽ അഹമ്മദ് ദാർ നസൈനികർക്ക് നേരെ നടന്ന ചാവേർ ആക്രമണത്തിൽ കേന്ദ്ര റിസർവ് പൊലീസ് സേനയുടെ (സിആർപിഎഫ്) 40 സൈനികർ മരിച്ച സ്ഥലത്ത് നിന്ന് 15 കിലോമീറ്റർ അകലെയാണ് മേജർ ധൗണ്ടിയാൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.

2019 ഏപ്രിലിൽ ആയിരുന്നു മേജർ ധൗണ്ടിയലും നിതികയും വിവാഹിതരായയത്, മേജർ ധൗണ്ടിയാൽ അവരുടെ ആദ്യ വിവാഹ വാർഷികം വീട്ടിൽ ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ അതിനു ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിക്കുകയായിരുന്നു.